ശ്രീവൈഷ്ണവം – ഒരെളിയ സൂചിക – പഞ്ച സംസ്കാരം

ശ്രീ:  ശ്രീമതേ ശഠകോപായ നമ:  ശ്രീമതേ രാമാനുജായ നമ:  ശ്രീമദ് വരവരമുനയേ നമ:  ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീവൈഷ്ണവം – ഓരെളിയ സൂചിക

<< ആമുഖം

ശ്രീ പെരിയ നംബികൾ ശ്രീ രാമാനുജർക്കു പഞ്ച സംസ്കാരം ചെയ്യുന്നു

 

നമ്മള്‍ എങ്ങനെ ശ്രീ വൈഷ്ണവരാകാം?

നാം എങ്ങനെ ശ്രീ വൈഷ്ണവരാകും?

അതിനുള്ള ക്രമമാണു പഞ്ച സംസ്കാരം. ഭാഷ, ജാതി, വർഗ്ഗം, ഗോത്രം, ദേശം ഇങ്ങനെ ഒരു വ്യത്യാസവുമില്ലാതെ ആരായാലും ഈക്രമം പൂർത്തിയാക്കി ശ്രീവൈഷ്ണവ സമ്പ്രദായം സ്വീകരിക്കാം. രണ്ടേ രണ്ടു പ്രധാന അർഹതകൾ മാത്രം മതി:

  1. വിനയം – നമുക്കു ഒരുപാടു കുറവുകൾ ഉണ്ടു. ഒന്നും ചെയ്യാൻ കഴിയാത്തവരാണു എന്ന ഭാവം (ആകിഞ്ചന്യം എന്നും പറയും).
  2. വേറൊരു ഗതിയില്ലായ്മ – ഭഗവാന്‍ ശ്രീമന്നാരായണനെയൊഴിച്ചു വേറൊരു ഗതിയില്ലാ എന്നു മനസ്സിലാക്കുക. അവിടുന്ന് തന്നെ നമ്മളെ രക്ഷിക്കുമെന്നുറച്ചു വിശ്വസിക്കുക.

പഞ്ച = അഞ്ചു. സംസ്കാരം = ശുദ്ധി. ഈ അഞ്ചു ശുദ്ധികളേതാണു? താപം, പുണ്ട്രം, നാമം, മന്ത്രം പിന്നെ യാഗം:

  1. താപം – ചൂട്. ശ്രീ നാരായണന്റെ ദിവ്യായുധങ്ങളായ ശംഖ ചക്ര ചിഹ്നങ്ങളെ രണ്ടു തോളിലും ചൂടാക്കി പതിപ്പിക്കുക. എന്തിനാണെന്നോ? പാത്രങ്ങളെ എളുപ്പം തിരിച്ചറിയാൻ ഉടമസ്ഥരുടെ പേര് കൊത്തി ചേർക്കുന്നത് പോലേ. നമ്മൾ എംബെരുമാന്റെ സ്വത്താണു എന്നു സ്വയവും അന്യരെയും ധരിപ്പിക്കാൻ.
  2. പുണ്ഡ്രം – നെറ്റിയിലും, ദേഹത്തിലെ പതിനൊന്ന് ഇടങ്ങളിലും (ആകക്കൂടി പന്ത്രണ്ടു) ധരിക്കുന്ന തിരുമണ്ണും ശ്രീചൂർണവും. തിരുമൺ വെളുത്ത നിറമുള്ള മണ്ണാണു്, പരിശുദ്ധമായ തീര്‍ത്ഥകേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ചതാണ് ഇത്. ശ്രീചൂർണം ചുവന്ന നിറമാണ്, മഞ്ഞള്‍, ചുണ്ണാമ്പ്, ആലം ഇവ ചേര്‍ന്നാണ് ഇത് ഉണ്ടാക്കുന്നത്. മുകളിലേക്കായി വരച്ച(മേല്നോക്കിയ) രണ്ടു വെള്ള ഗോപിക്കുറികളുടെ നടുക്കായി ശ്രീചൂർണം ഇടുക. അതു കൊണ്ടൂ ഊർധ്വ പുണ്ട്രം എന്നാണു് ഇതിന് പേരു്. ഊർധ്വ = മേൽ നോക്കിയ. പുണ്ഡ്ര = കുറി
  3. നാമം – ആചാര്യൻ, ദാസൻ എന്നു അവസാനിക്കുന്ന നാമം നല്കുന്നു. ഭഗവാനുമായി ബന്ധപ്പെട്ടതാകും ഈ ആദ്ധ്യാത്മിക നാമം. ഇത് പുതിയ ജനനത്തിന്റെ പ്രതീകമാണ്. രാമാനുജ ദാസൻ, മധുരകവി ദാസൻ, ശ്രീവൈഷ്ണവ ദാസൻ ഇങ്ങിനെ.
  4. മന്ത്രം – ആചാര്യനില്‍ നിന്ന് മന്ത്ര ഉപദേശം നേടുക. മന്ത്രം അത് ജപിക്കുന്നവരുടെ ദു:ഖത്തെ നിവർത്തിക്കും. മൂന്ന് മന്ത്രങ്ങളാണ് ലഭിക്കുക- തിരുമന്ത്രം, ദ്വയം പിന്നെ ചരമസ്ലോകം -ഇവ മൂന്നും നമ്മുടെ സംസാര ദു:ഖത്തെ നിവർത്തിക്കുന്ന മന്ത്രങ്ങളാണു്.
  5. യാഗം – തിരുവാരാധനം – ദിവസം വീട്ടില്‍ ഭഗവാനെ (എംബെരുമാനെ) പൂജിക്കുന്ന ക്രമം. ആചര്യൻ ഇതും പഠിപ്പിക്കും.

(താപ:പുണ്ഡ്ര തഥാ നാമ മന്ത്രോ യാഗശ്ച പഞ്ചമ: എന്നാണ് ശ്ലോകം)

പഞ്ച സംസ്കാര ദിവസത്തില്‍ നമ്മൾ എന്തു ചെയ്യണം?

  1. അതിരാവിലെ എഴുന്നേൽക്കുക.
  2. എംബെരുമാനും താനും തമ്മിൽ സംബന്ധം എന്താണെന്നു് അറിവു ഉണ്ടാവ്വുന്ന ദിവസമല്ലേ? ഇന്നാണ് വാസ്തവമായും നമ്മുടെ പുതിയ ജന്മം എന്നു് ഓർത്തു ശ്രീമന്നാരായണൻ, ആഴ്വാന്മാർ, ആചാര്യന്മാർ ഏവരേയും ഓർക്കുക.
  3. ഊർധ്വ പുണ്ഡ്രം ധരിക്കുക. സന്ധ്യാവന്ദനം മുതലായ നിത്യ ക്രമങളെ അനുഷ്ടിക്കുക.
  4. യഥാശക്തി പൂവു, പഴം, വെറ്റില ആചാര്യനും എംബെരുമാനുമായി വസ്ത്രങൾ എല്ലാമായി കൃത്യ സമയത്തു ആചാര്യന്റെ തിരുമാളിക അഥവാ ആധികാരികമായ ശ്രീവൈഷ്ണവ മഠത്തിൽ എത്തിച്ചേരുക.
  5. സമാശ്രയണം (പഞ്ച സംസ്കാരം) ചെയ്യുക.
  6. ആചാര്യനില്‍ നിന്ന് ശ്രീപാദതീർത്ഥം സ്വീകരിക്കുക.
  7. ആചാര്യൻ അനുഗ്രഹിച്ച് നല്കുന്ന ഉപദേശങളെ ശ്രദ്ധിച്ചു കേള്‍ക്കുക.
  8. ആചാര്യന്റെ തിരുമാളിക അല്ലെങ്കിൽ മഠത്തേ പ്രസാദം ഉണ്ണുക. അല്ലാത്ത പക്ഷം അന്നേ ദിവസം സ്വന്തം വീട്ടില്‍ നിന്ന് ഭഗവാന് സമര്‍പ്പിച്ച ഭക്ഷണം മാത്രം കഴിക്കുക. പാല്‍, പഴം ഇവ പുറത്ത് നിന്ന് കഴിക്കാം.
  9. ആ ദിവസം മുഴുവനും ആചാര്യ തിരുമാളീകയിലോ മഠത്തിലോ തന്നെ ഇരുന്നു ആചാര്യനിൽനിന്നും എത്രയും പഠിക്കാൻ പറ്റുമെന്നു നോക്കണം.
  10. അന്നു ഒരു ദിവസവെങ്കിലും ഓഫീസു ജോലി ഒഴിവാക്കി ആത്മ ചിന്തയിലൂടെ മനശ്ശാന്തി നേടുക.

ചടങ്ങു കഴിഞ്ഞു. മോക്ഷം കിട്ടിയെന്നു ഉറപ്പായോ? ഇനി വേറെ പണി നോക്കാമോ?

ശ്രീവൈഷ്ണവ ജീവിതം ഇവിടെനിന്നാണ് തുടങ്ങുന്നത്. തിരുനാട്ടിൽ (പരമപദം) ശ്രീമഹാലക്ഷ്മീ സമേത ശ്രീമന്നാരായണനെ നിത്യം കൈങ്കര്യം(ദാസ്യം) ചെയ്യാനാകുക എന്നതാണ് നമ്മുടെ ഏകലക്ഷ്യം. അതിനായി ആചാര്യ ഭാഗവത അനുഗ്രങ്ങളെ നേടി പൂർവികർ പറഞ്ഞീട്ടുള്ള പ്രകാരം നിത്യ ജീവിതം ചിട്ടപ്പെടുത്തുക. ആത്മീയ ജീവിതത്തില്‍ ക്രമേണ സ്വയം നന്നായി ഉയർന്നു വരിക ഇതാണ് നമ്മുടെ ലക്ഷ്യം.

പഞ്ച സംസ്കരിച്ച ശ്രീവൈഷ്ണവരുടെ ലക്ഷണത്തെ ശ്രീ പിള്ളലോകാചാര്യർ മുമുക്ഷുപ്പടി സൂത്രം 116ലും രേഖപ്പെടുത്തിട്ടുണ്ടു:

  1. ലൗകികമായ എല്ലാ താൽപ്പര്യങ്ങളേയും ഒഴിവാക്കും.
  2. ശ്രീമന്നാരായണനെ മാത്രം ആശ്രയിക്കും.
  3. പരമപദത്തിലെത്തി ദിവ്യ ദമ്പതികള്‍ക്ക് തീർച്ചയ്യായും നിത്യ കൈങ്കര്യം(ദാസ്യം) ചെയ്യുമെന്നു ഉറച്ചു നിൽക്കും.
  4. എത്രയും പെട്ടെന്നു ആ ഭാഗ്യം കിട്ടുമോയെന്നു സദാ കൊതിച്ചിരിക്കും.
  5. ജീവിത പര്യന്തം ദിവ്യ ദേശ കൈങ്കര്യം പിന്നെ എംബെരുമാന്റെ ദിവ്യ ഗുണ അനുഭവം എന്നു കഴിയും എന്ന് ചിന്തിച്ച് ജീവിക്കും.
  6. ഈ പറഞ്ഞ ശീലമുള്ള മറ്റ് ഭാഗവതരുടെ മഹത്വം അറിഞ്ഞും അവരേക്കണ്ടും സന്തോഷിക്കും.
  7. തിരുമന്ത്രം പിന്നെ ദ്വയ മഹാമന്ത്രം ഇവ എപ്പോഴും ജപിക്കും.
  8. തന്റെ ആചാര്യനെ ഒരുപാടു ഇഷ്ടപ്പെടും. ബഹുമാനിക്കും.
  9. ആചാര്യനിടത്തും എംബെരുമാനിടത്തും കടപ്പാടുമായിക്കഴിയും.
  10. സത്വ ഗുണരും, ആത്മ ജ്ഞാനികളും, ബന്ധനമില്ലാത്തവരും ശാന്തസ്വരൂപികളുമായ ശ്രീവൈഷ്ണവരുടെ കൂട്ടത്തിൽ കഴിയും.

ഇതിനും കൂടുതൽ അറിയാൻ ഈ ലിങ്കിനെ പിൻ തുടരുക: https://granthams.koyil.org/2012/08/srivaishnava-lakshanam-5/

പഞ്ച സംസ്കരിച്ച ശ്രീവൈഷ്ണവരുടെ കടമകളായവ:

  1. ഗുരു മുഖേന അർഥ പഞ്ചകം പഠിച്ചു മനസ്സിലാക്കണം.
  2. പരമപദത്തിലെത്തി ശ്രീമഹാലക്ഷ്മീ സമേത ശ്രീമന്നാരായണനെ നിത്യം കൈങ്കര്യം ചെയ്യാൻ കൊതിച്ചിരിക്കണം.
  3. എപ്പോഴും എന്തിനേയും എംബെരുമാനെത്തന്നെ ബന്ധപ്പെടുത്തി നിലപാടെടുക്കണം.
  4. ജീവിത പര്യന്തം എംബെരുമാൻ, ആചാര്യൻ പിന്നെ ഭാഗവതന്മാർക്കു കൈങ്കര്യം ചെയ്യണം.
  5. ദിവ്യ ദേശ സേവനത്തിൽ(കൈങ്കര്യം) കാലം പോക്കണം.
  6. പഞ്ച സംസ്കാരത്തെ മറ്റുള്ളവർക്കും ബോധ്യപ്പെടുത്തണം. വൈഷ്ണവ മത പ്രചരണത്തില്‍ ശ്രദ്ധിക്കണം.

“തത്വജ്ഞാനാൻംമോക്ഷൈ:” എന്ന സ്ലോകത്തെ അനുസരിച്ചു അർഥ പഞ്ചക ജ്ഞാനം അവശ്യമാകുന്നു.

ശ്രീവൈഷ്ണവ സിദ്ധാന്ത സാരം

  1. പഞ്ച സംസ്കാരം കഴിഞ്ഞ നമ്മളൊക്കെ ശരണാഗതരാണു (പ്രപന്നർ). ജീവന്മാക്കളായ നമ്മെ പരമാത്മാവായ എംബെരുമാനോട് കൂട്ടിച്ചേർക്കുന്നവർ ആചര്യരാണു്. അതു കൊണ്ടൂ നമ്മൾ എല്ലാവരും ആചാര്യ ഭഗവത നിഷ്ടർഷയുള്ളവരാണു എന്നു ശ്രീ രാമാനുജർ തുടങ്ങിയ പൂർവികര്‍ ആവർത്തിച്ചുപറയുന്നു.
  2. ഈ ആത്മ സംബന്ധം കൊണ്ടു തന്നെ പഞ്ച സംസ്കാരം മാത്രമേ നമ്മുടെ വാസ്തവമായ പിറന്നാളാകുന്നുള്ളു.
  3. ജീവാത്മാവ് ഭാര്യ പോലെയാണു. പരമാത്മാവ് ഭർത്താവിനെപ്പോലെയും. അതുകൊണ്ടാണ് മറ്റ് ദൈവങ്ങളെ പഞ്ച സംസ്കരിച്ചവർ തൊഴാൻ പാടില്ലാ എന്ന് പറയുന്നത്. അതായത് ദേവകളില്‍ നിന്ന് കിട്ടുന്ന തുച്ഛമായ ഐശ്വര്യത്തില്‍ വൈഷ്ണവര്‍ ആസക്തരേ അല്ല. ശ്രീമന്നാരായണന്‍ മാത്രമാണ് നമുക്ക് ആരാധ്യന്‍.
  4. ഇപ്രകാരം, അല്പ നിസ്സാര ഭൗതിക വസ്തുക്കളിൽ ഇഷ്ടം ഒഴിവാക്കി സംസാര സാഗരത്തെ പിരിഞ്ഞു്, ഭഗവാന്റെ നിത്യമായ പരമപദത്തിൽ സദാ കൈങ്കര്യം ചെയ്യാൻ ഇഷ്ടപ്പെടുന്നത് തന്നെ ഈ ജന്മത്തെ സഫലമാക്കുന്നു.

പഞ്ച സംസ്കാരം ചെയ്യാൻ ആർക്കാണു അധികാരം?

ശ്രീവൈഷ്ണവം അനാദിയായ സമ്പ്രദായമെന്നാലും, ശ്രീരാമാനുജരാണു് ഈ ക്രമം പുനഃസ്ഥാപിച്ചത്. എല്ലാ ശാസ്ത്രങളെയും ആരാഞ്ഞും, ശ്രീ ആളവന്താർ ശ്രീ നാഥമുനികൾ മുതലായ പൂർവാചാര്യന്മാർ പറഞ്ഞവ അനുസരിച്ചും എല്ലാത്തിനും അതിനതിനായുള്ള വഴിമുറകളെ സ്പഷ്ടമാക്കിയത് അദ്ദേഹമാണ്.

നാലായിര ദിവ്യ പ്രബന്ധങ്ങളേയും അവയുടെ അർത്ഥങ്ങളേയും പ്രചാരണം ചെയ്യാനായി ശ്രീ മണവാളമാമുനികളായി ശ്രീ രാമാനുജർ പുനർ അവതരിച്ചു. ഭഗവാന്‍ ശ്രീ രംഗ നാഥനും ശ്രീ മണവാളമാമുനികളെ ആചാര്യനായി വരിച്ചു എന്ന് കരുതപ്പെടുന്നു. സ്വയം ആദിഗുരുവായി തുടങ്ങിയ ഗുരുപരമ്പര രത്ന ഹാരത്തെ ഇപ്രകാരം ഭഗവാന്‍ സ്വയം സംരക്ഷിച്ചു. 

പിന്നീട് ശ്രീ മണവാളമാമുനികളുടെ അഷ്ടദിഗ്ഗജങ്ങൾ എന്ന എട്ടു ശിഷ്യന്മാരാലും, പ്രത്യേകിച്ചും പ്രധാന ശിഷ്യർ ശ്രീ പൊന്നടിക്കല്‍ ജീയർ വഴിയായി, ശ്രീ വൈഷ്ണവ സമ്പ്രദായം നന്നായി പോഷിപ്പിച്ചെടുത്തു.  

അതിനപ്പുറവും ഒരുപാട് ആചാര്യന്മാർ അവതരിച്ചു, നമ്മുടെ പൂര്‍വ്വന്മാർ തിരുമനസ്സുകൊണ്ട്‌ ശ്രീ വൈഷ്ണവ സമ്പ്രദായത്തെ ഇപ്രകാരം പാലിച്ചു.

ഇതൊക്കെ ചിട്ടപ്പെടുത്തിയ സ്വാമി രാമാനുജര്‍ എന്നെന്നേയ്ക്കും സ്തുതിയര്‍ഹിക്കുന്നു. നാമേവരെയും അജ്ഞാനത്തിൽ നിന്നും പൊക്കിയെടുത്ത്, എംബെരുമാൻ കൈങ്കര്യവും(ഭഗവദ് ദാസ്യം) മംഗലശാസനവും തന്നെയാണ് ജീവിതമെന്നു കാണിച്ചുത്തന്ന അവിടുത്തെ തൃപ്പാദങ്ങളെ സദാ സ്മരിക്കുക.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: https://granthams.koyil.org/2015/12/simple-guide-to-srivaishnavam-pancha-samskaram/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – https://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

 

Leave a Comment