ശ്രീരാമാനുജ വൈഭവം

ശ്രീ ശ്രീമതേ ശഠകോപായ നമഃ ശ്രീമതേ രാമാനുജായ നമഃ ശ്രീമത് വരവരമുനയേ നമഃ ശ്രീവനാചല മഹാമുനയേ നമഃ

ശ്രീപെരുമ്പുതൂർ ക്ഷേത്രത്ത് ശീരാമാനുജർ

ശ്രീ മണവാള മാമുനികള്‍(വരവരമുനികളെന്നും അറിയപ്പെടുന്ന പ്രമുഖ വൈഷ്ണവ ആചാര്യന്‍‍) ഉപദേശ രത്നമാല എന്ന തന്റെ കൃതിയില്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്, വൈഷ്ണവ സത്സമ്പ്രദായത്തിന്റെ രാമാനുജദര്‍ശനം (എംപെരുമാനാര്‍ ദര്‍ശനം) എന്ന് കൂടിയുള്ള പേര് സ്വയം ശ്രീരംഗനാഥനാല്‍ത്തന്നെ വിളിക്കപ്പെട്ടതാണ് എന്നാണ്. ഇതിന് കാരണം  സനാതനമായ ഈ ധര്‍മത്തെ സംബന്ധിച്ചും‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ചിര സ്മരണീയമാണ് എന്നതാണ്.  ശ്രീരാമാനുജര്‍ ഈ സത് സമ്പ്രദായത്തിന്റെ സ്ഥാപകനോ ഒരേയൊരു ആചാര്യരോ അല്ല, എന്നിരിക്കിലും സമ്പ്രദായത്തിന് ശക്തമായ അടിത്തറ നല്കിയ ആചാര്യനായിരുന്നു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ ആദരിക്കപ്പെടുന്നത്. ശ്രമിച്ച് നോക്കിയാല്‍ അദ്ദേഹത്തിന്റെ മഹിമയെക്കുറിച്ച് കുറച്ചെല്ലാം പറയാമെന്നല്ലാതെ പൂര്‍ണ്ണമായ ഒരു വിലയിരുത്തല്‍ അസാധ്യമാണ്.   രാമാനുജരുള്‍പ്പെടുന്ന  മഹത്തായ  ഗുരുപരമ്പരയുടെ അനുഗ്രഹത്താല്‍ മാത്രം, രാമാനുജസംബന്ധം ലഭിച്ചവരെന്ന നിലയ്ക്ക് അവിടുത്തെ മഹത്വത്തെ അല്പാല്പമായെങ്കിലും ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നാം.

അവതാരവും ആദ്യകാല ദിനങ്ങളും

തിരുവല്ലിക്കേണി ക്ഷേത്രത്ത് ശീപാർഥസാരതി സ്വാമിയും ശ്രീരാമാനുജരും

“അനന്തഃ പ്രഥമം രൂപം ലക്ഷ്മണശ്ച തഥാഃ പരം ബലഭദ്രസ്തൃതീയസ്തു കലൗ കശ്ചിത് ഭവിഷ്യതി” എന്ന പ്രസിദ്ധമായ ശ്ലോകത്തില്‍  വ്യത്യസ്ത യുഗങ്ങളിലെ  ആദി ശേഷന്റെ അവതാരരൂപങ്ങള്‍ വര്‍ണ്ണിച്ചിട്ടുണ്ട്. കലിയുഗത്തിലും ശേഷാവതാരം ഉണ്ടാകുമെന്നത് അവിടെ പ്രവചിക്കപ്പെട്ടിട്ടുണ്ട്.  ചരമോപായ നിര്‍ണ്ണയമെന്ന രഹസ്യഗ്രന്ഥത്തില്‍ ശ്രീരാമാനുജര്‍ കലിയുഗത്തിലുണ്ടായ പ്രസ്തുത ആദിശേഷ അവതാരമാണ് എന്ന് സ്ഥാപിച്ചിരിക്കുന്നു.

രാമാനുജ നൂറ്റന്താദിയില്‍ ഭക്തോത്തമനായ ശ്രീഅമുദനാര്‍ രാമാനുജരുടെ അവതാരത്തെ ഭഗവദ് അവതാരങ്ങളേക്കാള്‍  മഹത്വമുള്ളതായാണ് വര്‍ണ്ണിക്കുന്നത്.

മൺമിസൈ യോനികൾ തോറും പിറന്തു* എങ്കൾ മാധവനേ

കണ്ണുറ നിറ്ക്കിലും*  കാണകില്ലാ* ഉലകോർകൾ എല്ലാം

അണ്ണൽ ഇരാമാനുസൻ വന്തു തോൻറിയ അപ്പൊഴുതേ*

നണ്ണരു ജ്ഞാനം തലൈക്കൊണ്ടു* നാരണർക്കായിനരേ

മണവാള മാമുനികള്‍ ഇതിനെ, നമ്മുടെ നാഥനായ ശ്രീമന്നാരായണന്‍ പല രൂപങ്ങളില്‍ അവതരിച്ചപ്പോള്‍ പോലും ലൗകികവാദികള്‍ അവിടുത്തെ അംഗീകരിക്കാന്‍ വിമുഖരായിരുന്നു, എന്നാല്‍ രാമാനുജര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍(അദ്ദേഹത്തിന്റെ ശ്രീഭാഷ്യം മുതലായവയുടെ വ്യാഖ്യാനങ്ങളിലൂടെ) ലൗകികര്‍ പോലും യഥാര്‍ത്ഥ ജ്ഞാനത്തെ മനസ്സിലാക്കുകയും ഭഗവദ് ദാസരായി മാറുകയും ചെയ്തു, എന്ന് വ്യാഖ്യാനിച്ചിട്ടുണ്ട്.

തന്റെ ആര്‍ത്ഥിപ്രബന്ധത്തില്‍ മാമുനികള്‍ തുടര്‍ന്നും, ശ്രീരാമാനുജരുടെ അവതാര മഹിമയെ വാഴ്ത്തിയിട്ടുണ്ട്. “എന്നെപ്പോല്‍ പിഴ ചെയ്‍വോര്‍ ഇവ്വുലകില്‍ ഉണ്ടോ, ഉന്നൈപ്പോല്‍ പൊറുക്ക വല്ലാര്‍ ഉണ്ടോ അനൈത്തുലകം വാഴപ്പിറന്ത യതിരാജ മാമുനിവാ ഏഴൈക്കു ഇറങ്ങായിനി”- അതിന്റെ അര്‍ത്ഥം, “എന്നെപ്പോലെ അബദ്ധങ്ങള്‍ ചെയ്ത ഒരുവനുണ്ടോ അവിടുത്തെപ്പോലെ അതെല്ലാം ക്ഷമിക്കുന്നവരുമുണ്ടോ? ഏവരുടെയും സമുദ്ധാരകനായ അല്ലയോ യതിരാജാ ദയവായി എന്നെ രക്ഷിച്ചാലും” എന്നാണ്.

ഇതില്‍ നിന്നും, ഭഗവദ് രാമാനുജര്‍ ഏവരുടെയും ദുരിതങ്ങള്‍ നീക്കി ആത്മീയ ലോകത്തിലേക്ക് ഉയര്‍ത്തി, ഭഗവദ് കൈങ്കര്യത്തില്‍ നമ്മെ ശാശ്വതമായി നിയോഗിക്കുവാനായാണ് അവതരിച്ചത് എന്ന് സ്പഷ്ടമാണ്.

അവിടുന്ന് ശ്രീ.കേശവ സോമയാജിയാറുടെയും ശ്രീമതി കാന്തിമതി അമ്മാളിന്റെയും പുത്രനായാണ് (തമിഴ്നാട് ശ്രീപെരുമ്പുതൂരില്‍ സി.ഇ. 1017-ല്‍) പിറന്നത്.  മാതുലനായിരുന്ന പെരിയ തിരുമലൈ നമ്പി,  അദ്ദേഹത്തിന് താപസംസ്കാരം നല്കി ഇളൈയാഴ്വാര്‍ എന്ന് പേരിട്ട് ശ്രീവൈഷ്ണവത്തിലേക്ക് നയിച്ചു.

തന്റെ ആദ്യകാലങ്ങളില്‍ അദ്ദേഹം യാദവപ്രകാശനെന്ന ഭേദാഭേദമെന്ന(ബ്രഹ്മവും ആത്മാവും ഒരേ സമയം വ്യത്യസ്തവും ഒന്നും ആണ് എന്ന) വേദാന്ത വ്യാഖ്യാനശാഖയുടെ ശക്തനായ ഒരു വക്താവിന് കീഴിലാണ് വേദാന്തം അഭ്യസിച്ചത്.  ഇവിടെ ഒരു ചോദ്യം ഉയരാം, എന്ത് കൊണ്ട് അദ്ദേഹം വ്യത്യസ്തമായ ആശയമുള്ള ഒരു വേദാന്തിയുടെ കീഴില്‍ പഠിക്കുന്നതിനായി പോയി എന്ന്. ഇതിന് നമ്മുടെ പൂര്‍വ്വസൂരികളുടെ വ്യാഖ്യാനം, വേദാന്തം സംബന്ധിച്ചുള്ള എതിര്‍ അഭിപ്രായങ്ങളെ നല്ലവണ്ണം ഗ്രഹിച്ചുകൊണ്ട് അതിന്റെ പിഴവുകളെ തുറന്ന് കാട്ടുന്നതിനും അപ്രകാരം (ശ്രീവൈഷ്ണവരുടെ തത്വശാസ്ത്രമായ) വിശിഷ്ടാദ്വൈതത്തെ സ്ഥാപിക്കുന്നതിനുമായാണ് ആചാര്യര്‍ ഇപ്രകാരം പോയത് എന്നാണ്.  പെരിയവാച്ചാന്‍ പിള്ള, തന്റെ ആചാര്യനായിരുന്ന നമ്പിള്ളയെപ്പറ്റി, തന്റെ പെരിയ തിരുമൊഴി (5.8.7) വ്യാഖ്യാനത്തില്‍ “അന്തണന്‍ ഒരുവന്‍” (പ്രത്യേകതയുള്ള വിദ്വാനായ വിപ്രന്‍) എന്നത് വിശദീകരിച്ചത് നോക്കിയാല്‍ നമുക്ക് ഇതിന്റെ തത്വം മനസ്സിലാക്കാം,  “മുറ്പ്പട ദ്വയത്തൈക്കേട്ടു, ഇതിഹാസ പുരാണങ്കളൈയും അതികരിത്തു, പരപക്ഷ പ്രതിക്ഷേപത്തുക്കുടലാക ന്യായമീമാംസൈകളും അതികരിത്തു, പോതുപോക്കും അരുളിച്ചെയലേയാമ്പടി പിള്ളൈയൈപ്പോലേ അതികരിപ്പിക്ക വല്ലവനായിരേ ഒരുവൻ എൻപതു”

(നമ്പിള്ളൈയെപ്പോലെ ആദ്യമായി ദ്വയം കേട്ടിട്ട് പിന്നീട് പുരാണേതിഹാസങ്ങള്‍ പഠിച്ച് , ന്യായവും മീമാംസയും പഠിച്ച് മറ്റ് ദര്‍ശനങ്ങളെ വാദത്താല്‍ പരാജയപ്പെടുത്തി, സ്വന്തം ജീവിതം സ്വാധ്യായത്തിനും ആഴ്വാര്‍മാരുടെ അരുളിച്ചെയലുകളുടെ അര്‍‍ത്ഥങ്ങളുടെ അദ്ധ്യയനത്തിനും സമര്‍പ്പിച്ചവരെ പ്രത്യേകതയുള്ള വിദ്വാനായ വിപ്രന്‍ എന്ന് പറയാം),

ഇതില്‍ നിന്നും, പൂര്‍വ്വപക്ഷം(മറ്റു് ദാര്‍ശനികരുടെ പക്ഷം)പഠിക്കേണ്ടത് സ്വപക്ഷത്തുള്ള സിദ്ധാന്തത്തെ സ്ഥാപിക്കുന്നതില്‍ എത്രകണ്ട് പ്രധാനമാണ് എന്ന് മനസ്സിലാക്കാം.

യാദവപ്രകാശരുടെ കീഴിലുള്ള രാമാനുജരുടെ പഠനത്തിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്ന് വന്നു. ശ്രീരാമാനുജരും ഇക്കാലത്ത് തന്നെ തന്റെ ദാര്‍ശനികപ്രാവീണ്യത്തിന്റെയും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിലുള്ള സാമര്‍ത്ഥ്യത്തിന്റെയും പേരില്‍  പ്രസിദ്ധനായിത്തുടങ്ങിയിരുന്നു. ശ്രീരാമാനുജരുടെ ഈ പ്രശസ്തിയും ഔന്നത്യവും സഹിക്കാനാകാതെ വന്ന യാദവപ്രകാശന്റെ ശിഷ്യന്മാര്‍ രാമാനുജരെ ഒരു കാശിയാത്രയ്ക്കിടയില്‍ വധിക്കാന്‍ പദ്ധതിയിട്ടു.  എന്നാല്‍ തക്കസമയത്തുള്ള ഗോവിന്ദനെന്ന സഹശിഷ്യന്റെ (പില്‍ക്കാലത്ത് എംബാര്‍ എന്ന പേരില്‍ പ്രസിദ്ധനായ രാമാനുജശിഷ്യനായ ഇദ്ദേഹം രാമാനുജരുടെ മച്ചുനനുമായിരുന്നു‍) ഉപദേശത്താല്‍ രാമാനുജര്‍ അവരുടെ പദ്ധതിയില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന്  കൊടുംകാട്ടില്‍ വഴിയറിയാതെ അദ്ദേഹം  അലയുകയുണ്ടായി. തദവസരത്തില്‍ വേടദമ്പതികളുടെ രൂപത്തില്‍ വന്ന പെരുന്ദേവിത്തായാരും ശ്രീവരദരാജപ്പെരുമാളും(ദേവപ്പെരുമാള്‍) അദ്ദേഹത്തെ‍ കാഞ്ചിപുരത്തേക്ക് അയച്ചു (കാഞ്ചിപുരത്തെ ഭഗവാന്റെ പേരാണ് വരദരാജപ്പെരുമാള്‍, അവിടുത്തെ പത്നിയായ ലക്ഷ്മിദേവിയെ അവിടെ പെരുന്തേവിത്തായാര്‍ എന്നും പറയുന്നു).

പഞ്ചസംസ്കാരം

ഈ സമയത്ത് ശ്രീരാമാനുജര്‍ തിരുക്കച്ചിനമ്പിയെന്ന് പേരായ ദേവപ്പെരുമാളുടെ ഒരു ഭക്തനെ പരിചയപ്പെടുകയുണ്ടായി.  പൂവിരുന്തവല്ലി എന്ന ദേശക്കാരനായിരുന്ന നമ്പി, കാഞ്ചിപുരത്തെ ദേവപ്പെരുമാളുടെ വിശറിവീശുന്ന(ആലവട്ട) സേവയില്‍ ഏര്‍പ്പെട്ടിരുന്നു. അദ്ദേഹം പ്രസിദ്ധ വൈഷ്ണവ ആചാര്യനായിരുന്ന യാമുനാചാര്യരുടെ ഒരു പ്രീയശിഷ്യനുമായിരുന്നു.  ദേവപ്പെരുമാള്‍, ഭക്തനായ നമ്പിയോട് നേരിട്ട് സംസാരിക്കുമായിരുന്നു എന്ന് അറിയപ്പെട്ടിരുന്നു. ശ്രീരാമാനുജര്‍ ഭക്തനായ നമ്പിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച്, അടുത്തുള്ള കിണറ്റില്‍ നിന്നും ദേവപ്പെരുമാള്‍ക്കു് അഭിഷേകാദികള്‍ക്കുള്ള ജലം എത്തിക്കുന്ന സേവ അനുഷ്ഠിച്ചു തുടങ്ങി. കാഞ്ചീപുരത്ത് വാസമുറപ്പിച്ച ഇക്കാലത്താണ് രക്ഷകാംബാളെ(തഞ്ചമ്മാള്‍) ശ്രീരാമാനുജര്‍ വിവാഹം ചെയ്തത്.  ഒരിക്കല്‍ തന്റെ ചില ആത്മീയ സംശയങ്ങള്‍, അവ എന്തെന്നത് വെളിപ്പെടുത്താതെ തന്നെ,  ദേവപ്പെരുമാള്‍ക്ക് അവയിലുള്ള മറുപടി ലഭ്യമാക്കണമെന്ന നിലയ്ക്ക് രാമാനുജര്‍ നമ്പിയോട് ഉന്നയിച്ചു. തുടര്‍ന്ന് നമ്പിയിലൂടെ ആ സംശയങ്ങളുടെ ഉത്തരം ശ്രീമന്നാരായണനായ ദേവപ്പെരുമാള്‍ നല്കി.  മറുപടികള്‍ ഇവയായിരുന്നു,

  • പരമദൈവം ഞാന്‍ തന്നെയാണ്.
  • ജീവാത്മാവും പരമാത്മാവും ഒന്നല്ല, രണ്ടാണ്.
  • പൂര്‍ണ്ണമായി കീഴടങ്ങി ശരണമടയുകയാണ് (പ്രപത്തി അഥവാ ശരണാഗതി) എന്നെ പ്രാപിക്കുന്നതിനുള്ള വഴി.
  • അപ്രകാരമുള്ള ശരണാഗതന്മാര്‍ മൃത്യുസമയത്ത് എന്നെ സ്മരിച്ചില്ലെങ്കിലും മോക്ഷം നേടും(കാരണം ഞാന്‍ അവരെ സ്മരിക്കും)
  • ശരണാഗതന്മാര്‍ക്ക് ദേഹാന്ത്യത്തില്‍ മോക്ഷം തീര്‍ച്ചയായും ലഭിക്കും.
  • മഹാപൂര്‍ണ്ണനെ(പെരിയ നമ്പി)നിന്റെ ആചാര്യനായി സ്വീകരിക്കുക.

തിരുക്കച്ചി നമ്പി, ദേവപ്പെരുമാളുടെ ഈ അരുളപ്പാടുകള്‍ ശ്രീരാമാനുജരോട് വിശദീകരിച്ച ശേഷം, ഇവയിലായിരുന്നോ അദ്ദേഹത്തിന്റെ സംശയങ്ങളെന്ന് ആരാഞ്ഞു.  രാമാനുജര്‍ നമ്പിയെ പ്രണമിക്കുകയും അതെ എന്ന് സമ്മതിക്കുകയും ചെയ്തു. നമ്പിയും ഇതറിഞ്ഞ് ഭക്തിപരവശനായി അത്ഭുതപ്പെട്ടു. ഈ അസാധാരണമായ സംഭവം ശ്രീരാമാനുജരുടെ ജീവിതത്തെ സംബന്ധിച്ച് ഗതിനിര്‍ണ്ണായകമായിരുന്നു.

ഭഗവാന്റെ ഈ അരുളപ്പാടുകള്‍ സിദ്ധിച്ച ശേഷം ശ്രീരാമാനുജര്‍ ശ്രീരംഗത്തേക്ക് യാത്രയായി.

ഇവിടെ ചില ചരിത്രപശ്ചാത്തലങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.

ഇവിടെ പരാമര്‍ശിക്കപ്പെട്ട പെരിയ നമ്പി, നാഥമുനികളുടെ പൗത്രനായിരുന്ന ആളവന്താറുടെ(യാമുനാചാര്യര്‍) പ്രധാനശിഷ്യരിലൊരാളായിരുന്നു. മുമ്പൊരിക്കല്‍ തന്റെ കാഞ്ചീപുര സന്ദര്‍ശനത്തിനിടെ പ്രമുഖ വൈഷ്ണവാചാര്യനായിരുന്ന യാമുനാചാര്യര്‍, രാമാനുജരെ കടാക്ഷിക്കുകയും മഹാനായ ഒരു ആചാര്യനാകുന്നതിന് അദ്ദേഹത്തെ  അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ശ്രീരാമാനുജരും ആളവന്താരെക്കുറിച്ചു് പിന്നീട് കൂടുതല്‍ അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ശിഷ്യത്വം മോഹിച്ചു. ഇതിനായി ആളവന്താരെ കാണുന്നതിനായുള്ള ആദ്യ ശ്രീരംഗയാത്രയ്ക്കിടെ, രാമാനുജര്‍ കാവേരി തീരത്തെത്തിയ സമയത്ത് തന്നെ ആളവന്താര്‍ അദ്ദേഹത്തിന്റെ നടക്കാതെ പോയ മൂന്ന് ആഗ്രഹങ്ങളോടെ, പരമപദം പുല്‍കിയിരുന്നു. അവ, 1) വ്യാസ പരാശരാദികളോടുള്ള കടപ്പാട് നിറവേറ്റുക, 2) നമ്മാഴ്വാരോടുള്ള കടപ്പാട് വീട്ടുക 3) ബ്രഹ്മസൂത്രത്തിന് ശരിയായ ഭാഷ്യം രചിക്കുക എന്നിവയായിരുന്നു. മടക്കിയ മൂന്ന് വിരലുകളോടെയുള്ള ആളവന്താരുടെ ദിവ്യഭൗതിക ശരീരം ദര്‍ശിച്ച‍, ശ്രീ രാമാനുജര്‍ അദ്ദേഹത്തിന്റെ മൂന്ന് ആഗ്രഹവും സാധിക്കുമെന്ന് അവിടെവച്ച് പ്രതിജ്ഞചെയ്യുകയും തദവസരത്തില്‍ ആ വിരലുകള്‍ നിവരുകയും ചെയ്തു!.  ഈ സംഭവത്തെത്തുടര്‍ന്നായിരുന്നു ശ്രീരാമാനുജര്‍ നിരാശയോടെ കാഞ്ചിപുരത്തേക്ക് മടങ്ങി തന്റെ സേവ തുടര്‍ന്ന് വന്നിരുന്നത്. അതേസമയം, ശ്രീരംഗത്തുള്ള ശ്രീവൈഷ്ണവര്‍ യാമുനാചാര്യരുടെ ഹിതം മനസ്സിലാക്കിക്കൊണ്ട്,  ശ്രീരാമാനുജരെ കൊണ്ടുവരാനും ദീക്ഷയിലൂടെ തങ്ങളിലേക്ക് ഉള്‍പ്പെടുത്താനും അടുത്ത ആചാര്യനായി മാറ്റുന്നതിനുമായി  പെരിയനമ്പിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെരിയ നമ്പിയും കാഞ്ചീപുരത്തേക്ക് രാമാനുജരെ തന്റെ ശിഷ്യനാക്കണമെന്ന ലക്ഷ്യവുമായി യാത്രതിരിച്ചിരുന്നു.

ഒരേ ലക്ഷ്യത്തിനായി സഞ്ചരിച്ച ഇരുവരും, കാഞ്ചീപുരത്തിനടുത്തുള്ള മധുരാന്തകമെന്ന പട്ടണത്തില്‍വച്ചാണ് സന്ധിച്ചത്. ഏരികാന്തപ്പെരുമാള്‍(അവിടുത്തെ ഭഗവദ് മൂര്‍ത്തി) ക്ഷേത്രത്തില്‍ വച്ച് രാമാനുജര്‍, പെരിയനമ്പിയെ സകുടുംബം കണ്ടു, ഉടന്‍ പ്രണാമം അര്‍പ്പിക്കുകയും തന്നെ ശിഷ്യനായി സ്വീകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പെരിയ നമ്പി, നമുക്ക് കാഞ്ചീപുരത്തേക്ക് ചെല്ലാമെന്നും തുടര്‍ന്ന് ശിഷ്യത്വചടങ്ങുകള്‍ ചെയ്യാമെന്നും സൂചിപ്പിച്ചു. എന്നാല്‍ രാമാനുജര്‍, ലോകഗതിയുടെ കാര്യം സൂചിപ്പിക്കുകയും ഒരിക്കല്‍ തനിക്ക് ആളവന്താരുടെ ശിഷ്യത്വം ലഭിക്കാതെ പോയത് സ്മരിക്കുകയും, ഇനിയും ദീക്ഷയ്ക്കുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു. അങ്ങനെ രാമാനുജരുടെ പഞ്ചസംസ്കാരം കാലതാമസമില്ലാതെ നിര്‍വ്വഹിക്കുന്നതിന് നമ്പി അംഗീകരിച്ചു. ഇപ്രകാരം ശ്രീരാമാനുജര്‍ സ്വന്തം ഉദാഹരണത്തിലൂടെ ഒരു ആചാര്യനെ ലഭിച്ചാല്‍, ശാസ്ത്രവിധിയോടെ എത്രയും വേഗം സമാശ്രയണം ചെയ്യേണ്ടത് ലോകഗതി നോക്കുമ്പോള്‍ അത്യാവശ്യമാണെന്നതിന് സ്വയം മാതൃക കാട്ടി(ആര് എപ്പോള്‍ ലോകം വിട്ട് പോകുമെന്ന് പറയാനാകില്ലല്ലോ!).  തുടര്‍ന്ന് അവര്‍ കാഞ്ചീപുരത്തെത്തുകയും അതിന് ശേഷം പെരിയനമ്പി തന്റെ കുടുംബസഹിതം അവിടെ കുറച്ചുകാലം കഴിയുവാന്‍ തീരുമാനിക്കുകയുമുണ്ടായി.

പെരിയ നമ്പിയെ തിരുക്കച്ചി നമ്പിയും കാഞ്ചീപുരത്ത് വച്ച് സ്വാഗതം ചെയ്തു. അദ്ദേഹം ദേവപ്പെരുമാളെ ദര്‍ശിച്ച് മംഗളാശാസനം ചെയ്തു. തുടര്‍ന്ന് ശ്രീരാമാനുജര്‍ പെരിയനമ്പിക്ക് തന്റെ വസതിയില്‍ തന്നെ ഒരു ഭാഗത്ത് കഴിയുന്നതിനുള്ള സൗകര്യവും നല്കി. പെരിയനമ്പി കുടുംബത്തോടൊപ്പം ആറു് മാസം അവിടെ കഴിയുകയും ദിവ്യപ്രബന്ധം, രഹസ്യഗ്രന്ഥങ്ങള്‍ എന്നിവ രാമാനുജരെ പഠിപ്പിക്കുകയും ചെയ്തു.

സന്യാസാശ്രമം സ്വീകരിക്കുന്നു

ഒരിക്കല്‍ ഒരു ശ്രീവൈഷ്ണവന്‍ ശ്രീരാമാനുജരുടെ ഭവനത്തില്‍ വരികയും തനിക്ക് വിശക്കുന്നതായി പറയുകയും ചെയ്തു. രാമാനുജര്‍ തന്റെ പത്നിയോട് അദ്ദേഹത്തിനാവശ്യമായ പ്രസാദം നല്കുവാനാവശ്യപ്പെട്ടു. എന്നാല്‍, ഭക്ഷണമൊന്നും അവശേഷിക്കുന്നില്ലെന്ന് പത്നി പറയുകയുണ്ടായി. ശ്രീവൈഷ്ണവന്‍ നിരാശയോടെ മടങ്ങിയ ശേഷം അദ്ദേഹം അടുക്കളയില്‍ ചെന്ന് നോക്കവെ ധാരാളം ഭക്ഷണം അവിടെയുണ്ടായിരുന്നതായി മനസ്സിലായി. അദ്ദേഹം ഇതില്‍ വളരെയേറെ ഖിന്നനായി. മുമ്പൊരിക്കലും ഇതേ പ്രകാരം രക്ഷകാംബാള്‍ തിരുക്കച്ചി നമ്പിയോടും അപമര്യാദയായി പെരുമാറിയിരുന്നു. ശ്രീരാമാനുജര്‍ തിരുക്കച്ചി നമ്പിയെ വീട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ഭക്ഷിച്ച ശേഷമുള്ള ആഹാരം പ്രസാദമായി സ്വീകരിക്കാന്‍ തുനിയുകയും ചെയ്തപ്പോള്‍ ഭാര്യ, നമ്പിയുടെ മഹത്വത്തെയോ രാമാനുജരുടെ ഹിതത്തെയോ മാനിക്കാതെ ബാക്കിവന്ന ഭക്ഷണം നിന്ദയോടെ എറിഞ്ഞ് കളയുകയും നമ്പി ഭക്ഷിച്ച സ്ഥലം പോലും  ശുദ്ധമാക്കുകയും ചെയ്തു. അങ്ങനെ ഒടുവില്‍ രക്ഷകാംബാള്‍ പെരിയനമ്പിയുടെ പത്നിയുമായും കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലി കലഹിച്ചു. അപമാനിതനായ പെരിയനമ്പി തന്റെ കുടുംബവുമായി സ്ഥലത്തില്ലാതിരുന്ന ശ്രീരാമാനുജരെ കാത്ത് നില്ക്കാതെ തന്നെ ഉടന്‍ ശ്രീരംഗത്തേക്ക് മടങ്ങി. ഈ വാര്‍ത്ത രാമാനുജരുടെ മനസ്സിനെ ആഴത്തില്‍ നൊമ്പരപ്പെടുത്തി.‍

ഈ സംഭവത്തോടെ, ശ്രീരാമാനുജര്‍ ഭഗവാനോടുള്ള തന്റെ ആത്മസമര്‍പ്പണം പരിപൂര്‍ണ്ണമാക്കുവാനും തന്റെ ദൗത്യത്തിനും ഏറ്റവും ഉചിതം സന്യാസാശ്രമമാണെന്ന ബോധ്യത്തിലെത്തി. അദ്ദേഹം കാഞ്ചീപുരത്തെ ദേവപ്പെരുമാളുടെ സന്നിധിയിലുള്ള അനന്തസരസ്സില്‍ തീര്‍ത്ഥമാടി, ദേവപ്പെരുമാളുടെ സന്നിധിയിലേക്ക് ചെന്നു. ദേവപ്പെരുമാളെ തന്റെ ആചാര്യനായി സങ്കല്പിച്ചു. പ്രത്യക്ഷനായ ഭഗവാനില്‍ നിന്നും സന്യാസാശ്രമത്തിന്റേതായ ത്രിദണ്ഡം, കാഷായവസ്ത്രം എന്നിവയും, രാമാനുജമുനി എന്ന സന്യാസനാമവും മഠവും രാമാനുജര്‍ നേടി. ഇപ്രകാരം രാമാനുജര്‍,‍ ശ്രീരാമാനുജമുനിയാകുകയും തന്റെ മഹത്തായ സന്യാസജീവിതം സമുചിതമായ വിധം സമാരംഭിക്കുകയും ചെയ്തു.  ഈ ദിവ്യ വാര്‍ത്ത ശ്രവിച്ച മുതലിയാണ്ടന്‍, കൂറത്താഴ്വാന്‍ എന്നീ വൈഷ്ണവര്‍‍ കാഞ്ചിയിലേക്ക് വരികയും രാമാനുജരില്‍ നിന്ന് പഞ്ചസംസ്കാരം കൈക്കൊണ്ട് അദ്ദേഹത്തെ നിരന്തരം സേവിച്ച് തുടങ്ങുകയും ചെയ്തു.  രാമാനുജരുടെ ദിവ്യത്വം പ്രസിദ്ധമായതോടെ യാദവപ്രകാശനും (രാമാനുജരുടെ ആദ്യകാല വേദാന്താധ്യാപകന്‍)‍ ഈ കാലത്ത് തന്റെ മാതാവിന്റെ ഉപദേശ പ്രകാരം രാമാനുജരുടെ ശിഷ്യനായി മാറി!.

യതിരാജന്‍(സന്യാസിമാരുടെ രാജന്‍) എന്ന നിലയില്‍ പ്രസിദ്ധനായി മാറിയ ശ്രീരാമാനുജര്‍ വളരെ ഉദാരപൂര്‍വ്വമാണ് യാദവപ്രകാശനെ ശിഷ്യനായി സ്വീകരിച്ചതും അദ്ദേഹത്തിന് പഞ്ചസംസ്കാരം ചെയ്തതും സന്യാസ ദീക്ഷ നല്കിയതും. ഗോവിന്ദജീയര്‍ എന്നായിരുന്നു യാദവപ്രകാശന് ലഭിച്ച സന്യാസ നാമം. അദ്ദേഹത്തോട്, രാമാനുജര്‍ ശ്രീവൈഷ്ണവ സന്യാസിമാരുടെ ജീവിതക്രമത്തെപ്പറ്റി ആധികാരികവും വിശദവുമായി പ്രതിപാദിക്കുന്ന  യതിധര്‍മ സമുച്ചയം എന്ന കൃതി രചിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതും ശ്രീരാമാനുജര്‍ യാദവപ്രകാശനോട് (ഒരിക്കല്‍ സ്വന്തം ജീവനെടുക്കാന്‍ വരെ ശ്രമിച്ചയാളായിരുന്നല്ലോ) ഉദാരത പുലര്‍ത്തിയതിന്റെയും അദ്ദേഹത്തിന് മഹത്തായ ഒരു കൈങ്കര്യം(സേവനം) അനുഷ്ഠിക്കാന്‍ അവസരം നല്കിയതിനും നിദര്‍ശനമാണ്.

കാഞ്ചീപുരത്ത് വസിച്ചുകൊണ്ട് ആചാര്യര്‍ ശാസ്ത്രവിധികളുടെ മര്‍മ്മങ്ങള്‍ കൂറത്താഴ്വാനും മുതലിയാണ്ടാനും പകര്‍ന്ന് നല്കിക്കൊണ്ടിരുന്നു.

ശ്രീരംഗത്തേക്ക് എത്തുന്നു

ഭഗവാന്‍ ശ്രീരംഗനാഥന്‍ ശ്രീരാമാനുജനെ ശ്രീരംഗത്ത് കൊണ്ടുവരുന്നതിലും സമ്പ്രദായത്തെ ഉത്കര്‍ഷതയിലേക്ക് വളര്‍ത്തുന്നതിനും നിശ്ചയിച്ചിരുന്നു. ഇതിനായി ശ്രീരംഗനാഥന്‍‍ കാഞ്ചീപുരത്തെ ശ്രീവരദരാജപ്പെരുമാളോട് (ഒരേ ഭഗവാനാണെങ്കിലും അവിടുത്തെ വ്യത്യസ്ത അര്‍ച്ചാമൂര്‍ത്തികള്‍ക്ക് വ്യത്യസ്തമായ അവതാര വ്യക്തിത്വമുണ്ടെന്നാണ് ശ്രീവൈഷ്ണവ മതം) രാമാനുജനെ കൈമാറാന്‍ ആവശ്യപ്പെട്ടു. ശ്രീവരദരാജനാകട്ടെ രാമാനുജരെ വിട്ടുനല്കാന്‍ തല്പരനായിരുന്നുമില്ല. തുടര്‍ന്ന് ശ്രീരംഗനാഥന്‍ തിരുവരംഗപ്പെരുമാള്‍ അരൈയരെന്ന ഭക്തനെ, ശ്രീവരദരാജന് മുമ്പാകെ ദിവ്യഗാനങ്ങള്‍ അവതരിപ്പിക്കാനായി അയച്ചുകൊണ്ട് ദൈവീക പദ്ധതി തയ്യാറാക്കി! ശ്രീവരദരാജനെ സംതൃപ്തനാക്കിക്കൊണ്ട് രാമാനുജരെ തനിക്ക് സമ്മാനമായി വാങ്ങുകയായിരുന്നു ഭഗവാന്റെ  ആസൂത്രണം! അരൈയര്‍ കാഞ്ചീപുരത്തെത്തുകയും തിരുക്കച്ചി നമ്പി മുഖാന്തിരം ഭഗവാനെ സമീപിക്കുകയും ചെയ്തു. ശ്രീവരദരാജന് മുമ്പാകെ അദ്ദേഹം മധുരതരമായി ഗീതാലാപനം നടത്തുകയും ഭഗവാനെ സംതൃപ്തനാക്കുകയും ചെയ്തു. തുടര്‍ന്ന് ശ്രീവരദരാജന്‍, ആവശ്യപ്പെടുന്നതെന്തും താന്‍ വരമായി നല്കുമെന്ന് അറിയിച്ചു. അപ്പോള്‍ത്തന്നെ, അരൈയര്‍,   രാമാനുജരെ തനിക്കൊപ്പം ശ്രീരംഗത്തേക്ക് അയയ്ക്കണേ എന്ന് ഭഗവാനോട് അപേക്ഷിച്ചു. ശ്രീവരദരാജപ്പെരുമാളിന് ഇപ്രകാരം രാമാനുജന്റെ സാന്നിദ്ധ്യം നഷ്ടമാകുന്നതില്‍ വിഷമം തോന്നിയെങ്കിലും, അവിടുന്ന് തന്റെ വരം മാനിച്ചുകൊണ്ട് യതിരാജരെ അരൈയര്‍ക്കൊപ്പം പോകാന്‍ അനുവദിച്ചു.

ശ്രീരംഗത്തെത്തിയപ്പോള്‍ അരൈയര്‍ക്കും യതിരാജര്‍ക്കും(രാമാനുജര്‍) ആഹ്ലാദകരമായ വരവേല്പ്പാണ് ലഭിച്ചത്. ഇരുവരും പെരിയപെരുമാളുടെ (ശ്രീരംഗനാഥന്‍‍) മുമ്പാകെ മുഖം കാണിക്കുകയും, ഭഗവാന്‍ അവരെ സസന്തോഷം സ്വീകരിക്കുകയും ചെയ്തു. അവിടുന്ന് യതിരാജര്‍ക്ക് “ഉടൈയവര്‍” (മലയാളത്തില്‍ ഉടയവര്‍ എന്ന് പറയാം) എന്ന നാമം കല്പിച്ചു നല്കി, ആത്മീയ-ഭൗതിക ലോകങ്ങളുടെ ഉടയവന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം. ശ്രീരംഗത്ത് അദ്ദേഹത്തിന് ഒരു മഠം ലഭിക്കുകയും ക്ഷേത്രാചാരങ്ങളെയെല്ലാം ക്രമപ്പെടുത്താനുള്ള ഭഗവദ് നിയോഗം ലഭിക്കുകയും ചെയ്തു. ഭഗവാന്‍ ശ്രീരംഗനാഥന്‍, ശ്രീരാമാനുജരുമായി സംബന്ധമുള്ളവര്‍ക്കെല്ലാം മോക്ഷം ഉറപ്പ് നല്കി. പെരിയനമ്പിയോട് വളരെ കടപ്പെട്ടിരുന്ന ഉടയവര്‍, അദ്ദേഹത്തിന് നന്ദിപറഞ്ഞു. പെരിയനമ്പി, സമ്പ്രദായത്തിനു് ഉണ്ടാകാനുള്ള അഭ്യുദയം മനസ്സിലാക്കി വളരെയധികം സന്തോഷിച്ചു. ഉടയവര്‍ ക്ഷേത്രാചാരമര്യാദകളെ മികവുറ്റ രീതിയില്‍ പരിഷ്കരിക്കുവാനാരംഭിച്ചു കൊണ്ട്  ശ്രീരംഗത്ത് സമയം ചെലവഴിക്കാന്‍ തുടങ്ങി.

ശ്രീരാമാനുജര്‍ ഇപ്രകാരം ശ്രീരംഗത്ത് വസിച്ചുകൊണ്ട് ക്ഷേത്രപ്രവര്‍ത്തനങ്ങളെ നല്ലവിധത്തില്‍ കൈകാര്യം ചെയ്തുവന്നു.  യാദവപ്രകാശനുമൊത്തുള്ള തീര്‍ത്ഥയാത്രയ്ക്കിടെ രാമാനുജരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ച മച്ചുനനായിരുന്ന‍ ഗോവിന്ദന്‍ ഇതിനകം ഒരു ശിവഭക്തനായി മാറുകയും കാളഹസ്തിയില്‍ വസിച്ചുതുടങ്ങുകയും ചെയ്തിരുന്നു. ശ്രീരാമാനുജര്‍ അദ്ദേഹത്തെ തിരികെ പരിവര്‍ത്തനം ചെയ്യുവാന്‍ ആഗ്രഹിച്ചു. ഇതിലേക്ക്  പെരിയതിരുമല നമ്പിയെ ഗോവിന്ദനെ ഉപദേശിച്ച് സമ്പ്രദായത്തിലേക്ക് മടക്കിക്കൊണ്ടുവരാനായി‍ നിയോഗിച്ചു. പെരിയതിരുമല നമ്പി, കാളഹസ്തി സന്ദര്‍ശിക്കുകയും ശിവന്റെ തികഞ്ഞ ഭക്തനായി മാറിക്കഴിഞ്ഞിരുന്ന ഗോവിന്ദനുമായി സംവദിക്കുകയും ചെയ്തു. അദ്ദേഹം ആളവന്താരുടെ സ്തോത്രരത്നത്തിലെ പാഠങ്ങളെയും ആഴ്വാര്‍മാരുടെ ദിവ്യപ്രബന്ധത്തിലെ പാസുരങ്ങളെയും(വരികള്‍) ഉദ്ധരിച്ചുകൊണ്ട് ഗോവിന്ദന് ശ്രീമന്നാരായണന്റെ പരത്വം വിശദീകരിച്ചു നല്കി.  ഇപ്രകാരമുള്ള അധ്യയനത്തെത്തുടര്‍ന്ന് അധികം വൈകാതെ തന്നെ ഗോവിന്ദന് സാത്വിക ജ്ഞാനം ലഭിക്കുകയും,  അദ്ദേഹം പെരിയതിരുമല നമ്പിയുടെ പാദങ്ങളില്‍‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു.  നമ്പി വളരെ സന്തോഷപൂര്‍വ്വം ഗോവിന്ദനെ സ്വീകരിച്ചു, അദ്ദേഹത്തിന് പഞ്ചസംസ്കാരം ചെയ്യുകയും തനിക്കൊപ്പം കൂട്ടിക്കൊണ്ട് വരികയും ചെയ്തു. ഗോവിന്ദന്‍ പിന്നീട് നമ്പിക്കൊപ്പം തിരുമലയില്‍ വസിച്ചുകൊണ്ട് ശാസ്ത്രാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുകയും നമ്പിയെ സേവിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഗോവിന്ദന്‍ ശ്രീരംഗത്തേക്ക് മടങ്ങുകയും സ്ഥിരമായി ശ്രീരാമാനുജര്‍ക്കൊപ്പം വസിക്കുകയും ചെയ്തു ( വിശദാംശം തുടര്‍ന്നുള്ള ഭാഗങ്ങളി‍ല്‍ കാണാം)

അദ്ദേഹത്തിന്റെ ആചാര്യന്മാര്‍

ശ്രീരാമാനുജര്‍ പെരിയനമ്പിയുടെ തിരുമാളികയിലേക്ക് (ശ്രീവൈഷ്ണവരുടെ ഗൃഹത്തെ വിളിക്കുന്ന പേര്) ചെല്ലുകയും അദ്ദേഹത്തോട് തനിക്ക് ആവശ്യമായ ശാസ്ത്രപാഠങ്ങള്‍ പകര്‍ന്നുതരാന്‍ അപേക്ഷിക്കുകയും ചെയ്തു. സന്തുഷ്ടനായ നമ്പി അദ്ദേഹത്തിന് ദ്വയമഹാമന്ത്രത്തിന്റെ ദിവ്യമായ അര്‍ത്ഥം പകര്‍ന്നുനല്കി. തുടര്‍ന്ന് ഈ വിഷയത്തില്‍ ഇതിലും കൂടുതലുള്ള പാഠങ്ങള്‍ക്കായി ആളവന്താരുടെ പ്രീയ ശിഷ്യനായിരുന്ന തിരുക്കോഷ്ടിയൂര്‍ നമ്പിയെ സമീപിക്കുവാനും അദ്ദേഹത്തില്‍ നിന്ന് അവ ഗ്രഹിക്കുവാനും നിര്‍ദ്ദേശിച്ചു.

ശ്രീരാമാനുജര്‍ തുടര്‍ന്ന് ദിവ്യമായ തിരുക്കോഷ്ടിയൂര്‍ പട്ടണത്തിലേക്ക് യാത്രയായി. പട്ടണത്തിലെത്തിയ അദ്ദേഹം നഗരവാസികളോട് തിരുക്കോഷ്ടിയൂര്‍ നമ്പിയുടെ തിരുമാളികയെപ്പറ്റി ആരായുകയും അവിടേക്കുള്ള വഴി അവരില്‍ നിന്നും ശ്രവിച്ചതിനെത്തുടര്‍ന്ന് അവരെ അതിശയിപ്പിക്കുന്ന വിധത്തില്‍ അങ്ങോട്ടുള്ള വഴിയില്‍ ഓരോ അടിയിലും സാദരപ്രണാമമര്‍പ്പിച്ചുകൊണ്ട് നമ്പിയുടെ തിരുമാളികയിലേക്ക് ഗമിച്ചു, ഇപ്രകാരം നമ്പിയുടെ മഹത്വം നഗരവാസികള്‍ക്ക് ബോധ്യപ്പെടുത്തി. നമ്പിയുടെ പദപത്മത്തില്‍ ശ്രീരാമാനുജന്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് മന്ത്രരഹസ്യങ്ങള്‍ പകര്‍ന്ന് തരുവാന്‍ അപേക്ഷിച്ചു. നമ്പിയാകട്ടെ, ഇപ്രകാരം രാമാനുജരെ പഠിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചില്ല. തുടര്‍ന്ന് ശ്രീരാമാനുജന് നിരാശയോടെ ശ്രീരംഗത്തേക്ക് മടങ്ങേണ്ടി വന്നു.

ശ്രീരംഗത്തേക്ക് മടങ്ങിയെങ്കിലും തിരുക്കോഷ്ടിയൂര്‍ നമ്പിയില്‍ നിന്ന് രഹസ്യപാഠങ്ങള്‍ ഗ്രഹിക്കുവാന്‍ രാമാനുജര്‍ വേപഥുപൂണ്ടിരുന്നു. നമ്പി ഒരിക്കല്‍ ശ്രീരംഗം സന്ദര്‍ശിച്ച് മടങ്ങവെ, നമ്പെരുമാള്‍(ശ്രീരംഗനാഥന്‍) നമ്പിയോട് ശ്രീരാമാനുജന് രഹസ്യപാഠങ്ങള്‍ പകരുവാന്‍ കല്പിച്ചു. എന്നാല്‍ നമ്പി, ഇപ്രകാരമുള്ള രഹസ്യപാഠങ്ങള്‍ സമര്‍പ്പിതമായി ആചാര്യശുശ്രൂഷ നിര്‍വ്വഹിക്കാത്തവര്‍ക്ക് നല്കരുതെന്നാണ് ശാസ്ത്രമെന്ന് ഭഗവാനോട് ഉന്നയിച്ചു. നമ്പെരുമാള്‍, ശ്രീരാമാനുജന് നല്ലൊരു ശിഷ്യന് വേണ്ട എല്ലാ ഗുണവുമുണ്ടെന്നും അദ്ദേഹത്തിന് പാഠങ്ങള്‍ പകരുന്നതിന് തെറ്റില്ലെന്നും അറിയിച്ചു. തുടര്‍ന്ന് നമ്പി ശ്രീരാമാനുജനോട് പാഠങ്ങള്‍ ഗ്രഹിക്കുന്നതിന് തിരുക്കോഷ്ടിയൂരിലേക്ക് വരുവാന്‍ നിര്‍ദ്ദേശിച്ചു. രാമാനുജര്‍ അത് അനുസരിച്ച് ചെന്നുവെങ്കിലും പിന്നീട് വരുവാനാവശ്യപ്പെട്ട് നമ്പി അദ്ദേഹത്തെ മടക്കിവിട്ടുകൊണ്ടേയിരുന്നു. ഇത് 18പ്രാവശ്യം ആവര്‍ത്തിച്ചു. ഈ സാഹചര്യം സഹിക്കാനാകാതെ, താന്‍ പാഠങ്ങള്‍ ഗ്രഹിക്കാതെ പിന്‍മാറുകയേയില്ല എന്നത് തിരുക്കോഷ്ടിയൂര്‍ നമ്പിയുടെ ഒരു ശിഷ്യനോട് രാമാനുജര്‍ അറിയിച്ചു. ഒടുവില്‍ നമ്പി ഈ രഹസ്യാര്‍ത്ഥങ്ങളെ പഠിപ്പിക്കാമെന്നത് സമ്മതിക്കുകയും ഗീതാചരമശ്ലോകത്തിന്റെ രഹസ്യാര്‍ത്ഥം പഠിപ്പിച്ച് നല്കുകയും ചെയ്തു. നമ്പി ശ്രീരാമാനുജനോട് ഈ രഹസ്യാര്‍ത്ഥം അനര്‍ഹര്‍ക്ക് വെളിപ്പെടുത്തരുത് എന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ശ്രീരാമാനുജര്‍ തല്പരരായവര്‍ക്കെല്ലാം അര്‍ത്ഥം വിശദീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതറിഞ്ഞ് കുപിതനായ നമ്പി രാമാനുജരെ വിളിപ്പിച്ചു ചോദ്യം ചെയ്തു. രഹസ്യാര്‍ത്ഥങ്ങള്‍ ഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും യഥാര്‍ത്ഥജ്ഞാനത്താല്‍ അനുഗ്രഹീതരാകുമെന്ന് ശ്രീരാമാനുജര്‍ നമ്പിയോട് വിശദീകരിച്ചു. രാമാനുജരുടെ ഈ ഔദാര്യമനോഭാവം മനസ്സിലായ തിരുക്കോഷ്ടിയൂര്‍ നമ്പി, രാമാനുജരെ, എംപെരുമാനാര്‍(എമ്പെരുമാനെക്കാള്‍-ഭഗവാനെക്കാള്‍, കാരുണ്യമാണ്ടവന്‍) എന്ന് വിശേഷിപ്പിച്ചു. ഇതേത്തുടര്‍ന്ന് നമ്മുടെ സമ്പ്രദായം തന്നെ പൊതുവില്‍ എമ്പെരുമാനാര്‍ ദര്‍ശനം(ശ്രീരാമാനുജ ദര്‍ശനം) എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങി.  എമ്പെരുമാനാര്‍, താന്‍ ഗ്രഹിച്ച രഹസ്യാര്‍ത്ഥങ്ങളെ കൂറത്താഴ്വാനും മുതലിയാണ്ടാനും അവരുടെ അപേക്ഷ മാനിച്ച് പഠിപ്പിച്ചുനല്കി.

പിന്നീട് തിരുക്കോഷ്ടിയൂര്‍ നമ്പി തിരുമലൈ ആണ്ടാനോട് തിരുവായ്മൊഴിയുടെ അര്‍ത്ഥങ്ങള്‍ എമ്പെരുമാനാര്‍ക്ക് പഠിപ്പിച്ചു നല്കാന്‍ നിയോഗിച്ചു. എമ്പെരുമാനാര്‍ ഇപ്രകാരം അത്യാവശ്യമായ അറിവുകള്‍ ആണ്ടാനില്‍ നിന്ന് ഗ്രഹിച്ചു. ചില സമയം ആണ്ടാനും എമ്പെരുമാനാരും ചില പാസുരങ്ങളുടെ അര്‍ത്ഥത്തെച്ചൊല്ലി വിയോജിപ്പിലെത്തുകയുണ്ടായി. തിരുവായ്മൊഴി 2.3.3 അറിയാക്കാലത്തുള്ളേ എന്ന പാസുരം പഠിക്കവെ,  എമ്പെരുമാനാര്‍ അതിന് വളരെ വ്യത്യസ്തമായ പാഠം നല്കുന്നത് ശ്രവിച്ച ആണ്ടാന്‍ സ്തംഭിച്ചുപോകുകയും അധ്യാപനം നിര്‍ത്തുകയും ചെയ്തു. ഇത് കേട്ട തിരുക്കോഷ്ടിയൂര്‍ നമ്പി ഉടനടി ശ്രീരംഗത്തേക്ക് തിരിച്ചു.  അദ്ദേഹം എമ്പെരുമാനാരുടെ മഹത്വത്തെക്കുറിച്ച് ആണ്ടാന് വിശദീകരിച്ചു കൊണ്ട് പഠിപ്പിക്കുന്നത് തുടരാനാവശ്യപ്പെട്ടു. ആണ്ടാന്‍ അത് അംഗീകരിച്ചുകൊണ്ട് തന്റെ പഠിപ്പിക്കല്‍ തുടര്‍ന്നു, എന്നാല്‍ വീണ്ടുമൊരിക്കല്‍ ഒരു വിയോജിപ്പോടെ, ആളവന്താര്‍ ഇപ്രകാരമായിരിക്കില്ല വിശദീകരിക്കുന്നതെന്ന് രാമാനുജര്‍ അഭിപ്രായപ്പെട്ടു. ആണ്ടാന് അത് സ്വീകാര്യമായില്ല, “ആളവന്താരെ ഒരിക്കലും നേരിട്ട് അറിയാത്ത താങ്കള്‍ ഇതെങ്ങനെ പറയുന്നു?” എന്ന് ചോദ്യം ചെയ്തു. ഇതിന് എമ്പെരുമാനാര്‍,‍ “ഞാന്‍ ആളവന്താര്‍ക്ക് ഏകലവ്യനെപ്പോലെയാണ്” എന്ന് മറുപടി നല്കി. ഇത് കേട്ടതോടെ എമ്പെരുമാനാരുടെ പ്രത്യേകമായ നിലയെക്കുറിച്ച് തിരുക്കോഷ്ടിയൂര്‍ നമ്പി പറ‍ഞ്ഞുകേട്ടത് എമ്പെരുമാനാരില്‍ നിന്ന് തന്നെ കേട്ടതുമായി യോജിക്കുന്നു എന്ന് ആണ്ടാന് ബോധ്യമായി.  എമ്പെരുമാനാര്‍ ഒരു പ്രത്യേക അവതാരപുരുഷന്‍ തന്നെയെന്ന് ബോധ്യപ്പെട്ട ആണ്ടാന്‍ തുടര്‍ന്ന് താന്‍ ആളവന്താരില്‍ നിന്നും കേള്‍ക്കാന്‍ വിട്ടുപോയവയാണ് എമ്പെരുമാനാര്‍ വിശദീകരിച്ചു തരുന്നത് എന്ന് തിരിച്ചറിയുകയും അദ്ദേഹത്തെ സമുചിതമായ വിധത്തില്‍ ആദരവോട് പരിഗണിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

തിരുവായ്മൊഴിയെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ പഠിച്ചതിന് ശേഷം അദ്ദേഹം വീണ്ടും പെരിയ നമ്പിയെ സമീപിക്കുകയും പെരിയ നമ്പി, തിരുവരംഗപ്പെരുമാള്‍ അരൈയരെ സമീപിക്കുവാനും അദ്ദേഹത്തില്‍ നിന്നുള്ള രഹസ്യപാഠങ്ങള്‍ പഠിക്കുവാന്‍‍ നിയോഗിക്കുകയും ചെയ്തു. എമ്പെരുമാനാര്‍ അരൈയരെ സമീപിക്കുകയും അദ്ദേഹത്തിന് പാലു് തയ്യാറാക്കി നല്കുകയും മഞ്ഞള്‍ക്കുഴമ്പ് ഉണ്ടാക്കി നല്കുകയും ചെയ്തുകൊണ്ട് അദ്ദേഹത്തെ ആത്മാര്‍ത്ഥമായി ശുശ്രൂഷിച്ച് ആറുമാസം കഴിയുകയും ചെയ്തു. ഒരിക്കല്‍ എമ്പെരുമാനാര്‍ തയ്യാറാക്കിയ മഞ്ഞള്‍ക്കുഴമ്പ് അരൈയര്‍ക്ക് തൃപ്തികരമായി തോന്നിയില്ല. അരൈയര്‍ തന്റെ അതൃപ്തി പ്രകടിപ്പിച്ചു. എമ്പെരുമാനാര്‍ വീണ്ടും ചെയ്ത ജോലി മുഴുവനും ആവര്‍ത്തിച്ചുകൊണ്ട് അരൈയര്‍ക്ക് പുതിയ മഞ്ഞള്‍ക്കുഴമ്പ് തയ്യാറാക്കി നല്കി. ഇതിലൂടെ അരൈയര്‍ക്ക് എംപെരുമാനാരില്‍ പൂര്‍ണ്ണതൃപ്തിയുണ്ടായി. അരൈയര്‍ വളരെ സന്തുഷ്ടനാകുകയും ചരമോപായം(ആത്യന്തികമായ മോക്ഷോപായം) എന്നത് പരിപൂര്‍ണ്ണമായുള്ള ആചാര്യനിഷ്ഠയാണ്, ആചാര്യനെ സമാശ്രയിക്കലാണ് എന്ന രഹസ്യ തത്വം വെളിപ്പെടുത്തി നല്കുകയും ചെയ്തു.

എന്ത് കൊണ്ടാണ് എമ്പെരുമാനാര്‍ പല ആചാര്യന്മാരില്‍ നിന്നും പഠിക്കേണ്ടി വന്നത് എന്ന് ആശ്ചര്യം തോന്നാം, ഒരു രാജാവ് തന്റെ പല മന്ത്രിമാരെ രാജകുമാരന് വിദ്യപകരാന്‍ നിയോഗിക്കുന്നത് പോലെ, ആളവന്താര്‍(യാമുനാചാര്യര്‍) തന്റെ പല ശിഷ്യന്മാര്‍ക്ക് അറിവ് പകരുകയും അവരെ യഥാസമയം അത് രാമാനുജരെ ഗ്രഹിപ്പിക്കുന്നതിനായി നിയോഗിക്കുകയുമായിരുന്നു എന്ന് മനസ്സിലാക്കാം.  ആളവന്താര്‍ക്ക് രാമാനുജന്‍ വളരെ പ്രീയപ്പെട്ടവനെന്ന തിരിച്ചറിവ് മൂലം ആളവന്താരുടെ എല്ലാ ശിഷ്യന്മാര്‍ക്കും ശ്രീരാമാനുജരോട് അധികമായ താല്പര്യവും ആദരവുമുണ്ടായിരുന്നു.  എമ്പെരുമാനാര്‍ക്ക് മുമ്പുള്ള ആചാര്യന്മാര്‍ എമ്പെരുമാനാരുടെ  ആചാര്യന്മാരെന്ന മഹത്തായ പ്രസിദ്ധിനേടുകയും എമ്പെരുമാനാരുടെ ശിഷ്യരാകട്ടെ, നിസ്സംശയമായും അദ്ദേഹത്തോടുള്ള ബന്ധത്തെപ്രതി പ്രസിദ്ധിനേടുകയും ചെയ്തു.   ഒരു കണ്ഠാഭരണത്തിലെ കേന്ദ്രമായുള്ള രത്നം, അതിന്റെ മഹത്വം മൂലം മാലയുടെ ഇരു വശത്തിനും മഹത്വം പകരുന്നത് പോലെ, എമ്പെരുമാനാര്‍ തനിക്ക് മുമ്പും പിന്‍പുമായി വന്ന ആചാര്യന്മാര്‍ക്ക് മഹത്വം പകരുന്നു.

ഗദ്യത്രയ പാരായണം

പിന്നീട് എമ്പെരുമാനാര്‍ ഒരു പങ്കുനി ഉത്രം നാളില്‍ ശ്രീരംഗത്ത് വച്ച് ശ്രീരംഗനായകിയുടെയും ശ്രീരംഗനാഥന്റെയും സവിധത്തില്‍ ഗദ്യത്രയം പാരായണം ചെയ്തു. ഇതിന് പുറമെേ, ഭവനങ്ങളില്‍ ഭഗവദ് പൂജ ചെയ്യുന്നതിനു് സഹായകമായ ഒരു നിത്യഗ്രന്ഥവും അവിടുന്ന് തയ്യാറാക്കി.

ഇക്കാലത്ത് എമ്പെരുമാനാര്‍ ശ്രീരംഗത്ത് ഭിക്ഷയാചിച്ചാണ് ഭക്ഷണം  സ്വീകരിച്ചിരുന്നത്. ക്ഷേത്രാചാരങ്ങളിലുള്ള അദ്ദേഹത്തിന്റെ പരിഷ്കരണങ്ങളെ ഇഷ്ടപ്പെടാതിരുന്ന ചിലര്‍ ഒരു സ്ത്രീയെ അദ്ദേഹത്തിനുള്ള ഭിക്ഷാന്നത്തില്‍ വിഷം നല്കാനായി ചട്ടം കെട്ടി. മനസ്സില്ലാമനസ്സോടെ ആ സ്ത്രീ അത് അംഗീകരിച്ചു. അതിനാല്‍ത്തന്നെ, എമ്പെരുമാനാര്‍ക്ക് ഭിക്ഷനല്കവെ അവരുടെ മുഖം വിവര്‍ണ്ണമായിരുന്നു. എന്തോ അനര്‍ത്ഥം ദര്‍ശിച്ച എമ്പെരുമാനാര്‍ ആ അന്നത്തെ കാവേരി നദിയിലിട്ട ശേഷം ഉപവസിച്ചു. ഇതറിഞ്ഞ തിരുക്കോഷ്ടിയൂര്‍ നമ്പി ഉടനടി ശ്രീരംഗത്തേക്ക് തിരിച്ചു. എമ്പെരുമാനാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാനായി കനത്ത ചൂടിനെയും വകവയ്ക്കാതെ കാവേരി തീരത്തേക്ക് ചെന്നു. നമ്പിയെക്കണ്ടതും അദ്ദേഹം നിലത്ത് സാഷ്ടാംഗം പതിക്കുകയും ചെയ്തു. എന്നാല്‍ ആ ചൂട് എമ്പെരുമാനാരെ ബുദ്ധിമുട്ടിക്കുന്നത് ചിന്താമഗ്നനായ തിരുക്കോഷ്ടിയൂര്‍ നമ്പി ശ്രദ്ധിക്കാതെ വന്നു, എമ്പെരുമാനാരാകട്ടെ നമ്പി എഴുന്നേല്‍പ്പിക്കാനായി കാത്തുകിടന്നു. ഇത് കണ്ട രാമാനുജ ശിഷ്യനായ കിടമ്പി അച്ചന്‍ “ഇത്രയും മഹാനായ ആചാര്യനെ ഈ കനത്ത ചൂടില്‍ ഇങ്ങനെ പ്രയാസപ്പെടുത്താന്‍ അങ്ങേയ്ക്ക് എങ്ങനെ കഴിയുന്നു?” എന്ന് നമ്പിയോട് പറഞ്ഞുകൊണ്ട് രാമാനുജരെ എഴുന്നേല്‍പ്പിച്ചു. നമ്പി, കിടമ്പി അച്ചനോട്, “എന്റെ പോലും അപ്രീതി പരിഗണിക്കാതെ, രാമാനുജരെ ഏറ്റവും നന്നായി, പരിചരിക്കാനാകുന്നയാള്‍ താങ്കള്‍ മാത്രം, അതിനാല്‍ ഇന്ന് മുതല്‍ താങ്കള്‍ തന്നെ അദ്ദേഹത്തിന് പ്രസാദം തയ്യാറാക്കണം” എന്ന് നിര്‍ദ്ദേശിച്ചു. ഇപ്രകാരം, എല്ലാ ഭക്തന്മാരും എമ്പെരുമാനാരോടുള്ള ശ്രദ്ധയും പരിഗണനയും പ്രകടിപ്പിച്ചിരുന്നു.

യജ്ഞമൂര്‍ത്തിയെ പരാജയപ്പെടുത്തുന്നു

വാരാണസിയിലെ നിരവധി പണ്ഡിതരെ പരാജയപ്പെടുത്തിക്കഴിഞ്ഞിരുന്ന, ഒരു മഹാനായ മായാവാദ പണ്ഡിതനും വിപുലമായ ശിഷ്യസമ്പത്തിനു് ഉടമയുമായിരുന്ന യജ്ഞമൂര്‍ത്തിയെന്ന സന്യാസി ശ്രീരാമാനുജന്റെ മഹിമകളെക്കുറിച്ച് കേട്ടറിഞ്ഞ് ഒരിക്കല്‍ ശ്രീരംഗത്ത് വന്നു. ‍ അദ്ദേഹം രാമാനുജരെ ഒരു സംവാദത്തിനായി ക്ഷണിച്ചു. രാമാനുജര്‍ അത് സ്വീകരിച്ചു. യജ്ഞമൂര്‍‍ത്തി, “ സംവാദത്തില്‍ പരാജിതനായാല്‍ അങ്ങയുടെ പാദുകം ശിരസ്സിലേന്തി, നാമം സ്വീകരിച്ച്, താങ്കളുടെ തത്വചിന്തയെ അംഗീകരിക്കാം” എന്ന് അറിയിച്ചു. ഉടയവരാകട്ടെ, “ഞാന്‍ വാദത്തില്‍ തോല്‍ക്കുന്ന പക്ഷം സാഹിത്യരചനകളെല്ലാം അവസാനിപ്പിക്കുന്നതാണ്” എന്നും അറിയിച്ചു. ഇരുവരുമായി 17നാളുകള്‍ നീണ്ടുനിന്ന കഠിനമായ വേദാന്ത സംവാദം നടക്കുകയുണ്ടായി. 17മത് ദിനത്തിലെ വാദത്തില്‍‍ യജ്ഞമൂര്‍ത്തി ജേതാവാകാനുള്ള എല്ലാ സാധ്യതയും ഉറപ്പാകുകയും അദ്ദേഹം സാഭിമാനം, പിറ്റേന്നാള്‍ മടങ്ങാമെന്ന് തീര്‍ച്ചയാക്കുകയും ചെയ്തു. നിരാശനായ ശ്രീരാമാനുജര്‍, തന്റെ മഠത്തിലെ തേവാരമൂര്‍‍ത്തിയായ പേരരുളാളപ്പെരുമാളോട്, “ആഴ്വാര്‍മാരെയും ആളവന്താരെയും പോലുള്ള മഹത്തുക്കള്‍ വളര്‍ത്തിയെടുത്ത സമ്പ്രദായം ഞാന്‍ മൂലം അടിസ്ഥാനരഹിതമാകുകയാണല്ലോ. ഇതാ ഒരു മായാവാദി ഈ സമ്പ്രദായത്തെ ഇല്ലാതാക്കുന്നു, അതാണ് അവിടുത്തെ തിരുഹിതമെങ്കില്‍ അത് തന്നെയാകട്ടെ” എന്ന് ഉണര്‍ത്തിച്ചു. തുടര്‍ന്ന് പ്രസാദം കഴിക്കാതെ അദ്ദേഹം വിശ്രമിക്കാനായി പോകുകയും ചെയ്തു. രാത്രിയില്‍ ഭഗവാന്‍ അദ്ദേഹത്തിന് സ്വപ്നദര്‍ശനം നല്കുകയും ആളവന്താരുടെ കൃതികളെ ഉപയോഗിക്കുക, അങ്ങനെ യജ്ഞമൂര്‍ത്തിയെ പരാജയപ്പെടുത്തുക എന്ന് അരുളപ്പാടുണ്ടാകുകയും ചെയ്തു. ഉറക്കമുണര്‍ന്ന രാമാനുജര്‍ വളരെയേറെ പ്രസരിപ്പോടെ നിത്യാനുസന്ധാനങ്ങളനുഷ്ഠിക്കുകയും മഠത്തിലെ പെരുമാളോട് വിടചൊല്ലിയിട്ട് സംവാദം തുടരുന്നതിലേക്ക് ചെല്ലുകയും ചെയ്തു. അദ്ദേഹത്തിന്റെ ചൈതന്യപൂര്‍ണ്ണമായ വരവില്‍ തന്നെ യജ്ഞമൂര്‍ത്തിക്ക് ഈ വിഷയത്തിലുള്ള ദൈവീക ഇടപെടല്‍ ബോധ്യമായി. അദ്ദേഹം ഉടനടി ശ്രീരാമാനുജരുടെ പാദങ്ങളി‍ല്‍ പ്രണമിച്ച് “ഞാന്‍ സംവാദത്തില്‍ പരാജിതനായി” എന്ന് സമ്മതിച്ചു. അതിശയത്തോടെ, താങ്കള്‍ക്ക് തര്‍ക്കം തുടരേണ്ടതില്ലേ എന്ന് രാമാനുജര്‍ ചോദിച്ചു. അതിന് യജ്ഞമൂര്‍ത്തി, “പെരിയപെരുമാള്‍ അങ്ങയോട് സംസാരിച്ചു കഴിഞ്ഞല്ലോ, അങ്ങയെയും പെരിയപെരുമാളെയും വ്യത്യസ്തരായി കാണാന്‍ എനിക്ക് സാധിക്കുന്നില്ല. അവിടുത്തെ മുന്നില്‍ ഇനി വായ തുറക്കാന്‍ എനിക്ക് പറ്റില്ല ” എന്ന് അത്യാദരവോടെ അറിയിച്ചു. എങ്കിലും ശ്രീരാമാനുജര്‍‍ ബ്രഹ്മത്തിന്റെ കല്യാണ ഗുണങ്ങളെ വിശദീകരിച്ച് നല്കുകയും തര്‍ക്കവിഷയമായിരുന്ന മായാവാദ തത്വങ്ങളെ ഖണ്ഡിക്കുകയും ചെയ്തു. പൂര്‍ണ്ണബോധ്യം വന്ന യജ്ഞമൂര്‍ത്തി, തന്റെ ഏകദണ്ഡം(മായാവാദ അഥവാ അദ്വൈതികളായ സന്ന്യാസിമാര്‍ ധരിക്കുന്ന ദണ്ഡം ഏകദണ്ഡമാണ്, വൈഷ്ണവര്‍ ത്രിദണ്ഡം ധരിക്കുന്നു) ഒടിക്കുകയും തനിക്ക് ത്രിദണ്ഡസന്യാസം നല്കുവാന്‍ അപേക്ഷിക്കുകയും ചെയ്തു. പേരരുളപ്പെരുമാളുടെ ദിവ്യമായ ഇടപെടലും യജ്ഞമൂര്‍ത്തി തന്റെ നാമം സ്വീകരിക്കുമെന്ന് നല്കിയ വാക്കും സ്മരിച്ചുകൊണ്ട് എംപെരുമാനാര്‍ അദ്ദേഹത്തിന് അരുളാളപ്പെരുമാള്‍ എമ്പെരുമാനാര്‍ എന്ന നാമം നല്കി. സ്വയം രാമാനുജര്‍ തന്നെ അദ്ദേഹത്തിന് ദിവ്യപ്രബന്ധവും അതിന്റെ ആന്തരാര്‍ത്ഥങ്ങളും പഠിപ്പിച്ചു. പിന്നീട് രാമാനുജരിലുള്ള തികഞ്ഞ ഭക്തിയോടെ അദ്ദേഹത്തിനൊപ്പം തന്നെ അരുളാളപ്പെരുമാള്‍ എമ്പെരുമാനാരും കഴിഞ്ഞുവന്നു.

തിരുമല യാത്രയും കൈങ്കര്യങ്ങളും

ഉടയവര്‍ ശ്രീരംഗത്ത് വസിച്ചുകൊണ്ട് ആഴ്വാന്‍, ആണ്ടാന്‍, അരുളാളപ്പെരുമാള്‍ എമ്പെരുമാനാര്‍ എന്നീ ശിഷ്യന്മാര്‍ക്ക് മികച്ച നിലയില്‍തന്നെ വിദ്യപകര്‍ന്ന് നല്കി. പല പണ്ഡിതരും ഉടയവരുടെ കീര്‍ത്തികേട്ടറിഞ്ഞ് ശ്രീരംഗത്ത് വന്ന് അദ്ദേഹത്തെ സമാശ്രയിച്ചു. അനന്താഴ്വാന്‍, എച്ചാന്‍, തൊണ്ടനൂര്‍ നമ്പി, മരുദൂര്‍ നമ്പി എന്നിവര്‍ ഉടയവരെ ആചാര്യനായി വരിക്കാനാഗ്രഹിച്ച് വന്നപ്പോള്‍ അദ്ദേഹം അവരെ അരുളാളപ്പെരുമാള്‍ എമ്പെരുമാനാരുടെ കീഴില്‍ ശിക്ഷനേടുവാന്‍ നിയോഗിച്ചു. അവര്‍ സസന്തോഷം അതംഗീകരിച്ചു. അരുളാളപ്പെരുമാള്‍ എമ്പെരുമാനാരാകട്ടെ, എമ്പെരുമാനാരുടെ പാദപത്മങ്ങളെ ശരണം പ്രാപിക്കേണ്ടതിന്റെ പ്രാധാന്യം അവരെ പഠിപ്പിച്ചു.

മറ്റൊരിക്കല്‍ തിരുവായ്മൊഴിയിലെ ഒഴിവില്‍ കാലം എന്ന ദശകം പഠിപ്പിക്കവെ, ഉടയവര്‍, “തിരുമല തിരുപ്പതിയിലേക്ക് പോയി ഭഗവാന്‍ തിരുവെങ്കടമുടയാന്(വെങ്കടേശ്വരന്) വേണ്ടി തോട്ടം പണിയാനും ദിനവും മാല സമര്‍പ്പിക്കാനും സന്നദ്ധരായവരുണ്ടോ” എന്ന് ചോദ്യമുന്നയിച്ചു. അനന്താഴ്വാന്‍ പെട്ടെന്ന് എഴുന്നേല്‍ക്കുകയും താന്‍ ആ കൈങ്കര്യം നിറവേറ്റാമെന്ന് അറിയിക്കയും ചെയ്തു. എമ്പെരുമാനാര്‍ അതിന് ആശീര്‍വ്വാദം നല്കി. അനന്താഴ്വാന്‍ തിരുമലയിലേക്ക് പോകുകയും അവിടെ മനോഹരമായ തോട്ടം ഉണ്ടാക്കി ഒരു കുളവും സ്ഥാപിച്ച് തോട്ടത്തിന് ഇരാമാനുസന്‍(രാമാനുജന്‍ എന്നതിന്റെ തമിഴ് രൂപം) എന്ന് പേര് നല്കുകയും ചെയ്ത് തിരുവേങ്കടമുടയാനെ സേവിച്ചുതുടങ്ങി.

തീര്‍ത്ഥാടനത്തിനായി ആഗ്രഹം തോന്നിയ ഉടയവര്‍, നമ്പെരുമാളോട്(നമ്മുടെ പെരുമാള്‍-അതായത് ശ്രീരംഗനാഥന് ഭക്തരേകിയ നാമം) അനുമതി തേടി. ഭഗവദനുജ്ഞയോടെ, അദ്ദേഹം തിരുമലയിലേക്ക് യാത്രതിരിച്ചു. വഴിയില്‍ തിരുക്കോവലൂര്‍, കാഞ്ചീപുരം ക്ഷേത്രങ്ങളില്‍ മംഗളാശാസനം(ഭക്തന്മാര്‍ പെരിയാഴ്വാരുടെ മാതൃക പിന്തുടര്‍ന്ന് കൊണ്ട്, ദിവ്യക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ നമുക്കായി പ്രാര്‍ത്ഥിക്കുകയല്ല ചെയ്യുന്നത് മറിച്ച് ഭഗവദ് പ്രേമം മൂലം, ഭഗവാന് വേണ്ടിത്തന്നെ മംഗളം നേരുകയാണ് ചെയ്യുക ഇതാണ് മംഗളാശാസനം) ചെയ്തു.

തുടര്‍ന്ന് തിരുമല തിരുപ്പതിയിലേക്ക് ഉടയവര്‍ ശിഷ്യരുമൊത്ത് യാത്ര ചെയ്തു. യാത്രയ്ക്കിടെ അവര്‍ക്ക് വഴിതെറ്റുകയുണ്ടായി. വഴിയില്‍ കണ്ട കര്‍ഷകനോട് അദ്ദേഹം വഴി ആരാഞ്ഞു. കര്‍ഷകന്‍ കൃത്യമായി വഴി പറഞ്ഞു നല്കിയപ്പോള്‍ ഉടയവര്‍ക്ക് വളരെയധികം ആദരവ് അദ്ദേഹത്തോട് തോന്നുകയും അമാനവന്‍ (ശ്രീവൈകുണ്ഠത്തേക്ക് വഴി കാട്ടുന്ന അസാധാരണ മനുഷ്യന്‍) എന്ന് പരിഗണിച്ച് അദ്ദേഹത്തെ നമസ്കരിക്കുകയും ചെയ്തു. ഒടുവില്‍ അദ്ദേഹം തിരുപ്പതിയിലെത്തുകയും മല അടിവാരത്തിലെ പടികളില്‍ ആഴ്വാര്‍മാരെ ആരാധിക്കുകയും ചെയ്തു. കുറച്ചുകാലം അദ്ദേഹം തിരുപ്പതി നഗരത്തില്‍‍ വസിച്ചു. അവിടുത്തെ രാജാവിനെ തന്റെ ശിഷ്യനാക്കുകയും ഒട്ടേറെ ശിഷ്യരെ സ്വീകരിക്കുകയും ചെയ്തു. ഈ വാര്‍ത്തകളറിഞ്ഞ അനന്താഴ്വാനും മറ്റ് ചിലരും ഉടയവരെ കാണാനെത്തുകയും അദ്ദേഹത്തോട് മല ചവിട്ടി തിരവേങ്കടമുടയാനെ ദര്‍ശിച്ച് മംഗളാശാസനം ചെയ്യാന്‍ ആവശ്യപ്പെട്ടു. ആഴ്വാര്‍മാരുടെ സാന്നിദ്ധ്യമുള്ള തിരുമലയിലെ വിശുദ്ധമായ  പടികള്‍‍ ചവിട്ടുവാന്‍‍, അദ്ദേഹം ആദ്യമൊക്കെ വിസമ്മതിച്ചു. ഒടുവില്‍ ശിഷ്യരുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം മലചവിട്ടി. അതിനായി അടിവാരത്ത് ചെന്ന് സ്നാനം ചെയ്ത് ശുദ്ധനാകുകയും തുടര്‍ന്ന്, അതീവജാഗ്രതയോടെ, ഭഗവാന്റെ വൈകുണ്ഠത്തിലുള്ള സിംഹാസനത്തില്‍ ചവിട്ടുന്നത് പോലെ പരിഗണിച്ചാണ് അദ്ദേഹം മലചവിട്ടിക്കയറിയത്.

തിരുവേങ്കടമുടയാന്റെ സവിധത്തിലേത്തിയ ഉടയവരെ സ്വീകരിക്കുന്നതിന് തിരുമലൈ നമ്പി തന്നെയാണ് എത്തിയത്. തന്റെ ആചാര്യനായിരുന്ന നമ്പിയുടെ ഈ പ്രവര്‍ത്തി കണ്ട്, “അവിടുത്തെപ്പോലെ ഉന്നതനല്ലാത്ത, സാധാരണക്കാരായ ആരെയെങ്കിലും(ശിഷ്യരെയോ മറ്റോ) എന്നെ സ്വീകരിക്കാന്‍ വിടാമായിരുന്നില്ലേ” എന്ന് സാദരം ചോദിച്ചു. ഇതിന് നമ്പി, “ഞാന്‍ അതിന് നോക്കിയെങ്കിലും ഇവിടെ എന്നെക്കാള്‍ താഴെ ആരെയും കാണാന്‍ കഴിഞ്ഞില്ല” എന്ന് മറുപടി നല്കി. ഉടയവരും ശിഷ്യന്മാരും അദ്ദേഹത്തിന്റെ വിനയം തുളുമ്പുന്ന ഈ മറുപടി കേട്ട് ആശ്ചര്യപ്പെട്ടു. പിന്നീട് എല്ലാ ജീയര്‍മാരും(മഠാധിപതികളായ വൈഷ്ണവ സന്യാസിമാര്‍), ഏകാംഗികളായ ഭക്തരും, ക്ഷേത്ര കൈങ്കര്യത്തിലേര്‍പ്പെട്ടിരിക്കുന്ന ഭക്തരും(കൈങ്കര്യം എന്നാല്‍ ഭഗവാനുള്ള സമര്‍പ്പിത സേവനം) വന്ന് ഉടയവരെ സ്വീകരിച്ചു. ഉടയവര്‍‍ ക്ഷേത്രം പുറമേ പ്രദക്ഷിണം ചെയ്തു, സ്വാമി പുഷ്കരണിയില്‍ സ്നാനം ചെയ്തു, ദ്വാദശ ഊര്‍ധ്വപുണ്ഡ്രം (വൈഷ്ണവര്‍ ശരീരത്ത് മന്ത്രപുരസ്സരം 12സ്ഥലത്തായി ധരിക്കുന്ന തിലകം) ധരിച്ച ശേഷം വരാഹപെരുമാളെ ആരാധിച്ചു കൊണ്ട് പ്രധാന ക്ഷേത്രത്തിലേക്ക് കടന്നു. അവിടെ സേനൈമുതലിയാരെ(വിഷ്വക്സേനമൂര്‍ത്തി) വന്ദിച്ച ശേഷം, തിരുവേങ്കടമുടയാന്(വെങ്കടേശ്വര ഭഗവാന്/തിരുപ്പതിയപ്പന്) അദ്ദേഹം മംഗളാശാസനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം മലയടിവാരത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. നിത്യസൂരികളുടെ സവിധമായ ഇവിടെ രാപാര്‍ക്കുന്നത് ഉചിതമല്ലെന്നായിരുന്നു അവിടുത്തെ അഭിപ്രായം. പക്ഷേ നമ്പികളും മറ്റുള്ളവരും അദ്ദേഹത്തെ അവിടെ മൂന്ന് രാത്രികളെങ്കിലും തങ്ങുവാന്‍ പ്രേരിപ്പിച്ചു. ഉടയവര്‍ അത് അനുസരിക്കുകയും ഒരു പ്രസാദവും കഴിക്കാതെ തിരുവേങ്കടമുടയാന്റെ ദിവ്യമംഗളരൂപത്തെ മാത്രം ആസ്വദിച്ച് കഴിയുകയും ചെയ്തു. പിന്നീട് അദ്ദേഹം തിരുവേങ്കടമുടയാനോട് മടങ്ങുവാന്‍ അനുമതിതേടി, ഈ സമയവും ഭഗവാന്‍, എമ്പെരുമാനാരെ നിത്യവിഭൂതികളുടയും ലീലാവിഭൂതികളുടെയും ഉടയോനായി പ്രഖ്യാപിച്ചു കൊണ്ട് വിടനല്കി.

അദ്ദേഹം തിരുമല വിടുകയും തിരുപ്പതിയില്‍ തുടര്‍ന്നുള്ള ഒരാണ്ട് കഴിയുകയും ചെയ്തു. തിരുമലൈ നമ്പിയില്‍ നിന്ന് ഇക്കാലത്ത് രാമായണം കൂടുതല്‍ ആഴത്തില്‍ അദ്ദേഹം പഠിച്ചു. നമ്പിയുടെ പ്രഭാഷണ പാഠങ്ങള്‍ അവസാനിച്ചപ്പോള്‍ അദ്ദേഹം ശ്രീരംഗത്തേക്ക് മടങ്ങാനായി നമ്പിയോട് അനുമതി തേടി. നമ്പി ഉടയവര്‍‍ക്ക് എന്തെങ്കിലും സമ്മാനം നല്കാന്‍ ആഗ്രഹിച്ചു. അതിന് ഗോവിന്ദപ്പെരുമാളെ(തിരുമല നമ്പിയെ ഗോവിന്ദന്‍ സേവിച്ചു വരികയായിരുന്നല്ലോ) തനിക്കൊപ്പം സമ്പ്രദായ സ്ഥാപനത്തിനായി വിടണമെന്ന ആഗ്രഹം ഉടയവര്‍ അറിയിച്ചു. നമ്പി സന്തോഷ പൂര്‍വ്വം അത് അനുവദിക്കുകയും ഗോവിന്ദപ്പെരുമാളുമൊത്ത് ഉടയവര്‍ ശ്രീരംഗത്തേക്ക് യാത്രതിരിക്കുകയും ചെയ്തു.

ഉടയവര്‍ ഗോവിന്ദപ്പെരുമാളുമായി ഗഡികാചലം(ഷൊലിംഗൂര്‍)എത്തുകയും അവിടെ അക്കാരക്കനിയിലെ ഭഗവാനെ മംഗളാശാസനം ചെയ്യുകയും ചെയ്തു. പിന്നീട് തിരുപ്പുത്കുഴിയിലെത്തുകയും അവിടെ ജടായു മഹാരാജന്‍,മരഗതവല്ലിത്തായാര്‍, വിജയരാഘവ ഭഗവാന്‍ എന്നിവരെ മംഗളാശാസനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവര്‍ കാഞ്ചിക്ക് സമീപമുള്ള വിവിധ ദിവ്യദേശങ്ങളെ സന്ദര്‍ശിച്ചു, തിരുക്കച്ചി നമ്പിയ്ക്ക് മുമ്പാകെ തിരിച്ചെത്തി. ഈ സമയത്ത് ഗോവിന്ദപ്പെരുമാള്‍ തന്റെ ആചാര്യനായ പെരിയ തിരുമല നമ്പിയെ പിരിഞ്ഞതില്‍‍ വളരെ ദുഖിതനായി കാണപ്പെട്ടിരുന്നു. ഈ ദുഖം മനസ്സിലാക്കിയ ഉടയവര്‍ ആചാര്യനെ കണ്ട് വരുവാനായി ചില ശ്രീവൈഷ്ണവര്‍ക്കൊപ്പം അയച്ചു. അദ്ദേഹം തിരുക്കച്ചി നമ്പിയുമൊത്ത് കാഞ്ചീപുരത്ത് ദേവരാജപ്പെരുമാളെ സേവിച്ച് കുറച്ചുകാലം താമസിച്ചു. ഗോവിന്ദപ്പെരുമാള്‍ തിരുമലൈ നമ്പിയുടെ വസതിയിലെത്തുകയും വാതില്‍ അടഞ്ഞിരുന്നതിനാല്‍ അവിടെ കുറച്ചുസമയം പ്രതീക്ഷയോടെ നില്‍ക്കുകയും ചെയ്തു. എന്നാല്‍ ഗോവിന്ദപ്പെരുമാളുടെ മടക്കത്തെക്കുറിച്ച് വാതില്‍ കാവല്‍ക്കാര്‍ നമ്പിയോട് അറിയിച്ചപ്പോള്‍ അദ്ദേഹം വാതില്‍ തുറക്കാന്‍ അനുവദിച്ചില്ല. പകരം ഉടയവരുടെ അടുത്തേക്ക് മടങ്ങാനും അദ്ദേഹത്തെ മാത്രം ശരണമായി കാണാനും നിര്‍‍ദ്ദേശിച്ചു. തന്റെ ആചാര്യന്റെ ദിവ്യമായ അനുജ്ഞയെ മനസ്സിലാക്കിയ ഗോവിന്ദന്‍ ഉടയവരുടെ പക്കലേക്ക് തന്നെ മടങ്ങി. ഗോവിന്ദപ്പെരുമാള്‍ക്കൊപ്പം പോയിരുന്ന ശ്രീവൈഷ്ണവര്‍ പിന്നീട് ഈ ചരിത്രമെല്ലാം ഉടയവരെ അറിയിക്കുകുയും അദ്ദേഹം തിരുമല നമ്പിയുടെ നിര്‍ദ്ദേശം അറിഞ്ഞ് സന്തുഷ്ടനാകുകയും ചെയ്തു.

വീണ്ടും ശ്രീരംഗത്തേക്ക്

പിന്നീട് അവര്‍ കാഞ്ചീപുരത്ത് നിന്ന് ശ്രീരംഗത്തേക്ക് മടങ്ങി. പ്രാദേശികരായ ശ്രീവൈഷ്ണവര്‍ അവരെ അത്യാദരപൂര്‍വ്വം ആചാരത്തോടെ സ്വീകരിച്ചു. ഉടയവര്‍ പെരിയപെരുമാളുടെ സവിധത്തിലേക്ക് യഥാവിധി ഓരോ സന്നിധികള്‍ വണങ്ങിക്കൊണ്ട് പ്രവേശിച്ചു. പെരിയ പെരുമാള്‍ അദ്ദേഹത്തെ സസ്നേഹം സ്വീകരിച്ചു് യാത്രാവിവരങ്ങള്‍ ആരാഞ്ഞു. തീര്‍ത്ഥവും ശ്രീശഠാരിയും നല്കി എംപെരുമാനാരെ ആദരിച്ചു. പിന്നീട് ഉടയവര്‍ തന്റെ പതിവ് പോലെ ദാര്‍ശനിക വിഷയങ്ങള്‍ പഠിപ്പിച്ചുകൊണ്ട് ശ്രീരംഗത്ത് താമസം തുടര്‍ന്നു.

കാലക്ഷേപങ്ങളിലും(പ്രഭാഷണ പാഠങ്ങള്‍), കൈങ്കര്യങ്ങളിലും(ക്ഷേത്രസേവനം) ഗോവിന്ദപ്പെരുമാളും സസന്തോഷം പങ്കെടുത്തു. ഒരിക്കല്‍ ചില ശ്രീവൈഷ്ണവര്‍ അദ്ദേഹത്തെ പ്രശംസിച്ചപ്പോള്‍ ഗോവിന്ദപ്പെരുമാള്‍ അത് സന്തോഷത്തോടെ അംഗീകരിച്ചു. ഇത് കണ്ട ഉടയവര്‍ അദ്ദേഹത്തോട്, “ആരെങ്കിലും പ്രശംസിക്കുന്ന പക്ഷം അത് അംഗീകരിക്കരുത്, മറിച്ച് പ്രശംസ അര്‍ഹിക്കുന്നില്ല എന്ന് അവരെ അറിയിക്കുകയാണ് വേണ്ടത്” എന്ന് ഉപദേശിച്ചു. ഇതിന് മറുപടിയായി ഗോവിന്ദപ്പെരുമാള്‍, “താന്‍ കാളഹസ്തിയില്‍ ദയനീയനായി കഴിഞ്ഞു. ഇപ്പോള്‍ ആരെങ്കിലും പ്രശംസിക്കുന്ന പക്ഷം അതിന് പാത്രമായത് അങ്ങയുടെ കാരുണ്യത്താലുണ്ടായ മാറ്റങ്ങളാണ്. അതിനാല്‍ ഈ പ്രശംസകളെല്ലാം അങ്ങേയ്ക്കുള്ളത് തന്നെയാണ്” എന്ന് മറുപടി നല്കി. എംപെരുമാനാര്‍ ഇത് കേട്ട് ഗോവിന്ദപ്പെരുമാളുടെ ആചാര്യ നിഷ്ഠ ഗ്രഹിച്ചു. ഗോവിന്ദപ്പെരുമാളെ ആലിഗനം ചെയ്തുകൊണ്ട് അങ്ങയുടെ സദ്ഗുണങ്ങളെ എന്നിലേക്കും പകര്‍ത്തണേ എന്ന് അപേക്ഷിച്ചു. ഗോവിന്ദപ്പെരുമാള്‍ക്ക് ഭൗതികജീവിതത്തോടുള്ള വൈരാഗ്യതീവ്രത മനസ്സിലാക്കിയ എംപെരുമാനാര്‍ അദ്ദേഹത്തോട് സന്യാസാശ്രമം സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇങ്ങനെ ഗോവിന്ദപ്പെരുമാള്‍ എംബാര്‍ എന്ന നാമത്തോടെ സന്യാസാശ്രമം കൈക്കൊണ്ടു. ഇക്കാലത്ത് അരുളാളപ്പെരുമാള്‍ എംപെരുമാനാരെന്ന അവിടുത്തെ ശിഷ്യന്‍ സമ്പ്രദായത്തിന്റെ സത്തയുള്‍ക്കൊള്ളുന്ന ജ്ഞാന സാരം, പ്രമേയ സാരം എന്നിവ രചിച്ചു.

കാശ്മീര്‍ യാത്രയും ശ്രീഭാഷ്യവും

വേദാന്തതത്വങ്ങള്‍ സൂക്ഷ്മമായി സ്ഥാപിക്കാനാഗ്രഹിച്ച് കൂറത്താഴ്വാനും മറ്റ് ചില ശിഷ്യരുമൊത്ത് ബോധായനന്റെ വൃത്തിഗ്രന്ഥം(ബ്രഹ്മസൂത്രത്തിന്റെ പുരാതനവും അപൂര്‍വ്വവുമായ ഭാഷ്യം) ലഭിക്കുന്നതിനായി എംപെരുമാനാര്‍ കാശ്മീരിലേക്ക് യാത്ര തിരിച്ചു. അദ്ദേഹം അതും നേടി ശ്രീരംഗത്തേക്ക് മടങ്ങവെ, വഴിയില്‍ കാശ്മീരികളായ ചില ദുഷ്കൃതികള്‍ ഗ്രന്ഥം തട്ടിപ്പറിച്ചു കൊണ്ട് ഓടിയൊളിച്ചു. ഗ്രന്ഥം മുഴുവന്‍ പാരായണം ചെയ്യാനാകാതെ വന്നിരുന്നതിനാല്‍ അദ്ദേഹം വിഷമിച്ചു. എന്നാല്‍ കൂറത്താഴ്വാന്‍ എംപെരുമാനെ, അദ്ദേഹം വിശ്രമിച്ച സമയത്തെല്ലാമായി താന്‍ അത് പാരായണം ചെയ്ത് പൂര്‍ത്തീകരിച്ചിരുന്നു എന്ന് അറിയിച്ച് ആശ്വസിപ്പിച്ചു. ശ്രീരംഗത്ത് മടങ്ങി വന്നപ്പോള്‍ ആചാര്യര്‍, ആഴ്വാനോട് താന്‍ പറയുന്നത് പോലെ ബ്രഹ്മസൂത്രഭാഷ്യം എഴുതിയെടുക്കാന്‍ നിര്‍ദ്ദേശിച്ചു. എവിടെയെങ്കിലും ദാര്‍ശനികമായ കാര്യങ്ങളില്‍ വിയോജിപ്പ് വന്നാല്‍ അവിടെ എഴുത്ത് നിര്‍ത്താമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരിക്കല്‍ ആത്മാവിന്റെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് വര്‍ണ്ണിക്കവെ, ആചാര്യരായ എംപെരുമാനാര്‍ ആത്മാവിന്റെ ശേഷത്വം(ഈശ്വരന്റെ ദാസനെന്ന) അവസ്ഥയെക്കുറിച്ച് പരാമര്‍ശിക്കാതെ, ജ്ഞാതൃത്വം (ജ്ഞാനസ്വരൂപം) എന്ന ഗുണത്തെ മാത്രം വിശദീകരിച്ചു. എന്നാല്‍ ആഴ്വാന്‍ അവിടെ എഴുത്ത് നിര്‍ത്തി. ശേഷത്വവും(ദാസ്യവും)ആത്മാവിന്റെ അനിവാര്യസ്വഭാവമാകയാല്‍ ആയിരുന്നു ഇപ്രകാരം ആഴ്വാന്‍ എഴുത്ത് നിര്‍ത്തിയത്. പറയുന്നതിനിടെ എഴുത്ത് നിര്‍ത്തിയത് കണ്ട എംപെരുമാനാര്‍ എഴുത്ത് തുടരാന്‍ ആഴ്വാനോട് നീരസത്തോടെ ആവശ്യപ്പെട്ടു. ആഴ്വാന്‍ അപ്പോഴും എഴുതാന്‍ തയ്യാറായില്ല. ഇത് എമ്പെരുമാനാരെ കുപിതനാക്കിയെന്ന് പറയേണ്ടതില്ലല്ലോ. എമ്പെരുമാന്റെ ഈ കോപപ്രകടന ലീലയെക്കുറിച്ച്  ആഴ്വാന്‍ ഇപ്രകാരം പറഞ്ഞു, “അദ്ദേഹം എന്റെ ഉടയോനാണ്, ഞാന്‍ അടിയാനും, അവിടുത്തെ ഹിതമെന്തും എന്നോട് പ്രവര്‍ത്തിക്കാവുന്നതാണ്” എന്നായിരുന്നു മറുപടി. മറുപടി ശ്രവിച്ച എംപെരുമാനാര്‍ക്ക് അതിന്റെ വ്യംഗ്യ താല്പര്യം(ജീവാത്മാവിന് മേല്‍ ഭഗവാനുള്ള അധികാരം) വ്യക്തമാകുകയും ആഴ്വാനോട് മാപ്പ് ചോദിച്ചുകൊണ്ട് കൂടുതല്‍ പൂര്‍ണ്ണമായ വിധത്തില്‍ വ്യാഖ്യാനം പറഞ്ഞ് നല്കുകയും ആഴ്വാന്‍ എഴുത്ത് തുടരുകയും ചെയ്തു. ഇപ്രകാരം, ശ്രീഭാഷ്യം, വേദാന്ത ദീപം, വേദാന്ത സാരം(ഇവയെല്ലാം ബ്രഹ്മസൂത്രത്തിന്റെ പഠനങ്ങളാണ്) വേദാര്‍ത്ഥ സംഗ്രഹം(ഉപനിഷത്തുകളുടെ സാരം), ഗീതാഭാഷ്യം എന്നീ ഗ്രന്ഥങ്ങള്‍ എമ്പെരുമാനാര്‍ അനുഗ്രഹിച്ചരുളി. ഇങ്ങനെ വേദാന്തത്തിന് (ബ്രഹ്മസൂത്രം ഉപനിഷത്തുകള്‍ ഭഗവദ്ഗീത ഇവയടങ്ങുന്ന പ്രസ്ഥാനത്രയിക്ക്) ശരിയായ ഭാഷ്യമില്ല എന്ന ആളവന്താരുടെ ഒരു ദുഃഖത്തിന് നിവര്‍ത്തി വന്നു.

ദിവ്യദേശ യാത്ര

ശ്രീവൈഷ്ണവര്‍ ഉടയവരെ സമീപിക്കുകയും അദ്ദേഹത്തോട്, “അവിടുന്ന് നമ്മുടെ ദര്‍ശനത്തെ മറ്റുള്ളവയെ പരാജയപ്പെടുത്തിക്കൊണ്ട് സ്ഥാപിച്ചു കഴിഞ്ഞു. ഇനി ദയവായി വിവിധ ദിവ്യദേശങ്ങളിലേക്ക് തീര്‍ത്ഥാടനത്തിനായി എഴുന്നള്ളണം” എന്ന് അപേക്ഷിച്ചു. അവരുടെ ഹിതം അംഗീകരിച്ചുകൊണ്ട് ഉടയവര്‍ അവരുമൊത്ത് നമ്പെരുമാളെ(ശ്രീരംഗനാഥനെ) കണ്ട് അനുവാദം തേടിയ ശേഷം തീര്‍ത്ഥാടനം ആരംഭിച്ചു.

നിരവധി ശ്രീവൈഷ്ണവരും അദ്ദേഹത്തിനൊപ്പം തീര്‍ത്ഥാടനത്തിന് കൂടിയിരുന്നു, അവരുമായി അദ്ദേഹം ഭാരത ദേശത്തെ പല ദിവ്യദേശങ്ങളും അവിടുത്തെയെല്ലാം ദിവ്യക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. ചോളനാട്ടില്‍ നിന്നാണ് അദ്ദേഹം യാത്ര തുടങ്ങിയത്. തിരുക്കുടന്തൈ മുതലായ അവിടുത്തെ ദിവ്യദേശങ്ങളെ ആദ്യമായി സന്ദര്‍ശിച്ചു. പിന്നീട് തിരുമാലിരുംചോലൈയും മറ്റ് ക്ഷേത്രങ്ങളും ദര്‍ശിച്ച്, തിരുപ്പുല്ലാണിയും സേതുസമുദ്രവും സന്ദര്‍ശിച്ചു കൊണ്ട് ആഴ്വാര്‍തിരുനഗരിയിലെത്തി. അവിടെ നമ്മാഴ്വാരുടെ സന്നിധിയില്‍ മംഗളാശാസനം ചെയ്തു. നമ്മാഴ്വാരുടെ അനുഗ്രഹം നേടി. ഉടയവര്‍ പിന്നീട് നവതിരുപ്പതികളെ സന്ദര്‍ശിച്ചു. അതിനിടെ വാദത്തിനായി താല്പര്യം പ്രകടിപ്പിച്ചുവന്ന പല വിരുദ്ധ ദര്‍ശന വക്താക്കളെയും പരാജിതരാക്കിക്കൊണ്ട് വിശിഷ്ടാദ്വൈതം പ്രചരിപ്പിക്കുകയും ചെയ്തു.

പിന്നീട് അവിടുന്ന് തിരുക്കുറുങ്ങുടിയിലെത്തി. അവിടുത്തെ ഭഗവാനെ, തിരുക്കുറുങ്ങുടിനമ്പി എന്നാണ് അറിയപ്പെടുന്നത്. ഭഗവാന്‍, ഒരു അര്‍ച്ചകര്‍ മുഖേന ‍ അദ്ദേഹത്തോട്, “എനിക്ക് പല അവതാരങ്ങളിലൂടെയും  ഇത്രയും ശിഷ്യരെ ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടില്ല. അങ്ങേയ്ക്ക് എങ്ങനെ ഇത്രയും ശിഷ്യരെ പ്രബുദ്ധരാക്കുന്നതിന് സാധിക്കുന്നു?” എന്ന് ചോദ്യം ചെയ്തു. ഉടയവര്‍ അതിന്, “ഇതിന്റെ ഉത്തരം ശിഷ്യ ഭാവത്തില്‍‍ മാത്രമേ ഭഗവാന് ഗ്രഹിക്കാനാകൂ” എന്ന് അര്‍ച്ചകരോട് മറുപടി പറഞ്ഞു. അപ്പോള്‍ത്തന്നെ ഭഗവാന്‍ അദ്ദേഹത്തിനടുത്ത് ആദരവോടെ പ്രത്യക്ഷനായി, ഉടയവര്‍ക്ക് സിംഹാസനം നല്കി. ഉടയവര്‍ സിംഹാസനത്തിനടുത്ത് നിലത്ത് ഇരിക്കുകയും സിംഹാസനത്തില്‍ തന്റെ ഗുരുവായ പെരിയ നമ്പിയെ സങ്കല്പിക്കുകുയും ചെയ്തു. തുടര്‍ന്ന്, ദ്വയമഹാമന്ത്രത്തിന്റെ മഹിമ ഭഗവാന് വെളിപ്പെടുത്തിക്കൊടുത്തു. ദ്വയമഹാമന്ത്രത്തിന്റെ ശക്തിയാലാണ് തനിക്ക് മറ്റുള്ളവരെ അവിടുത്തെ ഭക്തരാക്കാനാകുന്നതെന്നും വിശദീകരിച്ചു. ഭക്തവത്സലനായ ഭഗവാന്‍ സന്തോഷത്തോടെ ശ്രീരാമാനുജരെ തന്റെ ഗുരുവായി വരിച്ചു, എമ്പെരുമാനാര്‍ അദ്ദേഹത്തിന് ശ്രീവൈഷ്ണവ നമ്പി എന്ന് പേര് നല്കി.

പിന്നീട് ഉടയവര്‍ തിരുവണ്‍പരിസാരം സന്ദര്‍ശിച്ചു. തുടര്‍ന്ന്, തിരുവട്ടാറും തിരുവനന്തപുരവും സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ഒരു മഠം സ്ഥാപിക്കുകയും അവിടെയുള്ള ചില ദാര്‍ശനികരെ പരാജിതരാക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ആ പ്രദേശത്തുള്ള(കേരളത്തിലെ) മറ്റ് ദിവ്യദേശങ്ങളിലെ ഭഗവാന്മാരെയും വന്ദിച്ചു(കേരളത്തിലുള്ള മറ്റ് പല ദിവ്യദേശങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിച്ചിരിക്കണം. പഴയ കേരളത്തില്‍ ആകെ 13 ദിവ്യക്ഷേത്രങ്ങള്‍ അഥവാ  തിരുപ്പതികളുണ്ട്). പശ്ചിമതീരത്തുകൂടി യാത്രതുടരുകയും ഭാരത ദേശത്തിന്റെ വടക്കന്‍ ദിക്കുകളിലേക്ക് ചെല്ലുകയും ചെയ്തു. മഥുര, സാലഗ്രാമം, ദ്വാരക, അയോദ്ധ്യ, ബദരികാശ്രമം, നൈമിശാരണ്യം, പുഷ്കരം, ഗോകുലം, ഗോവര്‍ദ്ധനം, വൃന്ദാവനം എന്നീ ദേശങ്ങളില്‍ സഞ്ചരിച്ച് ഭഗവദ് ദര്‍ശനം നടത്തുകയും മറ്റ് മതദര്‍ശനങ്ങള്‍ പിന്തുടരുന്ന പലരെയും പരാജിതരാക്കുകയും ചെയ്തു.

തുടര്‍ന്ന് അവിടുന്ന് കാശ്മീരത്തെത്തി. അവിടുത്തെ സരസ്വതീ ഭണ്ഡാരം(മുഖ്യ സാഹിത്യകേന്ദ്രം) സന്ദര്‍ശിച്ചു. അവിടെ അധ്യക്ഷയായുള്ളത് സാക്ഷാല്‍‍ ശ്രീസരസ്വതീ ദേവി തന്നെയായിരുന്നു. അദ്ദേഹത്തിന് മുമ്പാകെ പ്രത്യക്ഷയായ ദേവിയുടെ ആവശ്യപ്രകാരം, തസ്യ യഥാ കപ്യാസം എന്ന ഛാന്ദോഗ്യോപനിഷത്തിലെ വരികള്ക്ക് അദ്ദേഹം വ്യാഖ്യാനം നല്കി( ഈ ശ്ലോകത്തിന്റെ പേരിലായിരുന്നു ആദ്യകാല ഗുരുവായിരുന്ന യാദവപ്രകാശനോട് ആദ്യമായി അദ്ദേഹം വിയോജിച്ചത്) കൃത്യമായ വിശദീകരണം നല്കിക്കൊണ്ട് ഉടയവര്‍ യഥാര്‍ത്ഥ അര്‍ത്ഥത്തെ സമര്‍ത്ഥിച്ചു. സരസ്വതി തൃപ്തയാകുകയും തന്റെ ശിരസ്സിന് മേല്‍ അദ്ദേഹത്തിന്റെ ശ്രീഭാഷ്യം(ബ്രഹ്മസൂത്രഭാഷ്യം)ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാമാനുജരെ വാഴ്ത്തുകയും ചെയ്തു.  ദേവി അദ്ദേഹത്തിന് ശ്രീഭാഷ്യകാരനെന്ന പ്രശസ്തമായ പേര് നല്കി, ശ്രീഹയഗ്രീവ ഭഗവാന്റെ ഒരു അര്‍ച്ചാ മൂര്‍ത്തിയെയും സമ്മാനിച്ചു. എന്ത് കൊണ്ടാണ് ദേവി ഇത്രയേറെ സംതൃപ്തയായത് എന്ന് ആചാര്യന്‍ അന്വേഷിച്ചു.  മുമ്പ് ശ്രീശങ്കരനും ഇവിടെ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹത്തിന് മുമ്പാകെയും താന്‍ പ്രത്യക്ഷപ്പെട്ട് അതേ ശ്ലോകത്തിന്റെ അര്‍ത്ഥം ആരാഞ്ഞപ്പോള്‍, കൃത്യമായ വിശദീകരണം നല്കാതെ തെറ്റായ അര്‍ത്ഥമാണ് നല്കിയതെന്ന് ദേവി അതിന് മറുപടി നല്കി. “അങ്ങ് ശരിയായ അര്‍ത്ഥം നല്കിയതിനാലാണ് ‍ ഇത്രയേറെ സംതൃപ്തയായത് ” എന്ന് ദേവി പറഞ്ഞു. ഇതിന് സാക്ഷ്യം വഹിച്ച പല ശങ്കരമത പണ്ഡിതരും ക്ഷോഭിക്കുകയും രാമാനുജരോട് വാദിക്കാനെത്തുകയും ചെയ്തു. അവരെയെല്ലാം വാദത്തില്‍ പരാജയപ്പെടുത്തിക്കൊണ്ട് ആചാര്യര്‍ സ്വമതം അവിടെ സ്ഥാപിച്ചു. ഇതറിഞ്ഞ ആ ദേശത്തെ രാജാവ് അതിശയിക്കുകയും ഉടയവരുടെ ശിഷ്യനാകുകയും ചെയ്തു. പരാജിതരായ പണ്ഡിതരില്‍ ചിലര്‍ ഉടയവരെ ദുര്‍മന്ത്രങ്ങളിലൂടെ വധിക്കാന്‍ ശ്രമിച്ചു നോക്കി. എന്നാല്‍ ഇത് തിരിച്ചടിക്കുകയും അവര്‍ പരസ്പരം ബോധഹീനരായി പോരാടുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് രാജാവ് ഇടപെടുകയും അവരെ രക്ഷിക്കാന്‍ ഉടയവരോട് അപേക്ഷിക്കുകയും ചെയ്തപ്പോള്‍ അവര്‍ ശാന്തരാകുകയും ഒന്നൊഴിയാതെ എല്ലാവരും രാമാനുജരുടെ ശിഷ്യരായി മാറുകയും ചെയ്തു.

അദ്ദേഹം തുടര്‍ന്ന് വാരാണസിയിലേക്ക് യാത്രചെയ്തു. ഗംഗാസ്നാനം ചെയ്യുകയും കണ്ടമെന്നുംകടി ദിവ്യനഗരത്തില്‍ ആരാധന നടത്തുകയും ചെയ്തു. പിന്നീട് യാത്രതുടര്‍ന്ന്, പുരുഷോത്തമ ധാമത്തിലെത്തി (ജഗന്നാഥപുരി) അവിടെ ജഗന്നാഥ സ്വാമിക്ക് മംഗളാശാസനം ചെയ്തു. മായാവാദ പണ്ഡിതരെ പരാജയപ്പെടുത്തിയിട്ട് അവിടെയും ഒരു മഠം സ്ഥാപിച്ചു. പിന്നീട് മടക്കത്തില്‍ ശ്രീകൂര്‍മ്മം, സിംഹാദ്രി,അഹോബിലം ദിവ്യക്ഷേത്രങ്ങള്‍ കൂടി സന്ദര്‍ശിച്ചു.

ഒടുവില്‍ തിരുവേങ്കടത്ത് എത്തി(തിരുപ്പതി). ഈ സമയം ചില ശൈവന്മാര്‍ അവിടെയുള്ള തിരുവേങ്കടമുടയാന്റെ മൂര്‍ത്തി(തിരുപ്പതിയപ്പന്‍) യഥാര്‍ത്ഥത്തില്‍ രുദ്രനാണെന്ന വിധത്തിലുള്ള തര്‍ക്കവുമായി പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഉടയവര്‍ അവരോട്, “നിങ്ങളുടെ ഭഗവാന്റെ ആയുധങ്ങളും ചിഹ്നങ്ങളും ഇവിടെ വയ്ക്കുക, ഞങ്ങള്‍ ശംഖ ചക്രങ്ങളും വയ്ക്കാം, ശരിയായത് തെരഞ്ഞെടുത്ത് താന്‍ ആരാണെന്ന് ഭഗവാന്‍ തന്നെ തീരുമാനിക്കട്ടെ” എന്ന് അറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും ഇപ്രകാരം ചെയ്ത ശേഷം എല്ലാവരെയും ക്ഷേത്രസങ്കേതത്തിന് വെളിയിലിറക്കി ക്ഷേത്രം അടച്ച് മുദ്രവയ്ക്കുകയും ഒരു രാത്രിക്ക് ശേഷം മടങ്ങിവരികയും ചെയ്തു. പ്രഭാതത്തില്‍ മടങ്ങിവന്ന് വാതില്‍ തുറക്കവെ ഉടയവര്‍ക്കും ശ്രീവൈഷ്ണവര്‍ക്കും ആനന്ദം പകരുന്ന വിധത്തില്‍ ഭഗവാന്‍ സ്വയം  ശംഖചക്രധാരിയായി നിലകൊള്ളുന്നത് കണ്ടു. ഭക്തിപുരസ്സരം ഭഗവദ് ദര്‍ശനം നടത്തിയ ഉടയവര്‍ തിരുപ്പതിയില്‍ നിന്നും യാത്രതിരിച്ചു.

അവിടുന്ന് പിന്നീട് കാഞ്ചീപുരം, തിരുവല്ലിക്കേനി, തിരുനീര്‍മലൈ ദിവ്യദേശങ്ങളാണ് സന്ദര്‍ശിച്ചത്. പിന്നീട് മധുരാന്തകത്തിലേക്ക് ചെല്ലുകയും അവിടെ തൊണ്ടൈ മണ്ഡലത്തുള്ള മായാവാദി(ശങ്കരമത) പണ്ഡിതരെ പരാജിതരാക്കുകയും ചെയ്തു. തുടര്‍ന്ന് തിരുവഹീന്ദ്രപുരം, കാട്ടുമന്നാര്‍കോയില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.

ഇപ്രകാരം അദ്ദേഹം പല ദിവ്യദേശങ്ങളും സന്ദര്‍ശിച്ച് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശ്രീരംഗത്തേക്ക് മടങ്ങി. അമലനാദിപിരാന്‍ എന്ന് തുടങ്ങുന്ന(തിരുപ്പാണാഴ്വാരെഴുതിയ) സ്തോത്രം ജപിച്ച് പെരിയപെരുമാളെ വണങ്ങി(ശ്രീരംഗനാഥന്റെ മൂലവര്‍ക്ക്-മൂലമൂര്‍ത്തിക്ക് പെരിയപെരുമാളെന്നും, ഉത്സവര്‍ക്ക് -ഉത്സവമൂര്‍ത്തിക്ക് നമ്പെരുമാളെന്നുമാണ് പേര്). പെരിയപെരുമാളുടെ കുശലാന്വേഷണത്തിന് “അവിടുത്തെത്തന്നെ സദാ സ്മരിക്കുന്ന അടിയങ്ങള്‍ക്ക് വിഷമിക്കാന്‍ ഒന്നുമില്ല” എന്ന് മറുപടി നല്കി. ശ്രീരംഗത്ത് അദ്ദേഹം വീണ്ടും പതിവ്  ദിനചര്യകളോടെ,  വാസം തുടര്‍ന്നു.

ഭട്ടരുടെ ജനനം

ശ്രീരംഗത്ത് ഇക്കാലത്തൊരിക്കല്‍ കൂറത്താഴ്വാന് തന്റെ പതിവ് ഭിക്ഷാടനത്തിന് കടുത്ത മഴമൂലം, ഒരു നാള്‍ കഴിയാതെ വന്നു. തന്റെ സന്ധ്യാഅനുഷ്ഠാനങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രസാദം കഴിക്കാനില്ലാതെയിരിക്കുകയായിരുന്നു. രാത്രിയില്‍ ശ്രീരംഗ ക്ഷേത്ര മണികള്‍ ഭഗവാന് ഭോഗം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി മുഴങ്ങിക്കേട്ടു. ആഴ്വാന്റെ ഭാര്യയായ ആണ്ടാള്‍, ഭര്‍ത്താവിന്റെ അവസ്ഥ കണ്ട് വിഷമത്തോടെ നമ്പെരുമാളോട്, “അവിടുത്തെ ഭക്തനിതാ പട്ടിണിയായിരിക്കെ അവിടുന്നോ സദ്യഭുജിക്കുന്നു!” എന്ന് പറഞ്ഞു. അവരുടെ ദുഃഖം അറിഞ്ഞ നമ്പെരുമാള്‍(ശ്രീരംഗനാഥന്‍), തന്റെ സേവകരെ പ്രസാദവുമായി അവിടേക്ക് അയച്ചു. പതിവില്ലാത്ത വിധം ക്ഷേത്രസേവകര്‍ പ്രസാദവുമായി വരുന്നത് കണ്ട ആഴ്വാന്‍ വളരെ അതിശയിക്കുകയും ഭാര്യയെ നോക്കുകയും ചെയ്തു. ഭാര്യ സംഭവിച്ചതെല്ലാം പറഞ്ഞു. തന്റെ അവസ്ഥയ്ക്ക് ഭഗവാനെ ഭാര്യ കുറ്റം ചാര്‍ത്തിയത് ആഴ്വാനെ വിഷമിപ്പിച്ചു. എങ്കിലും അദ്ദേഹം രണ്ട് കൈനിറയെ പ്രസാദം കഴിക്കുകയും ശേഷിച്ചത് ഭാര്യയ്ക്ക് നല്കുകയും ചെയ്തു. ഈ പ്രസാദാംശം, യഥാകാലം ആണ്ടാളില്‍ നിന്നും‍ രണ്ട് സുന്ദരരായ ശിശുക്കളായി പിറവിയെടുത്തു. 11ദിവസത്തെ അശൗചത്തിന് ശേഷം, പന്ത്രണ്ടാം നാള്‍ എമ്പെരുമാനാരും എംബാറും മറ്റ് ചില ശ്രീവൈഷ്ണവരും ഉദ്വേഗത്തോടെ ആഴ്വാന്റെ വസതിയില്‍ കുട്ടികളെ അനുഗ്രഹിക്കാനെത്തി. എമ്പെരുമാനാര്‍ എംബാറോട് ആ കുട്ടികളെ തന്റെയടുത്ത് കൊണ്ടുവരാനാവശ്യപ്പെട്ടു. എംബാര്‍ അതിലൊരു കുഞ്ഞിനെ, പരിഗണനയോടെ എടുത്തുകൊണ്ടു വന്നു. ആ കുഞ്ഞിനെ സ്നേഹത്തോടെ കരതലത്തിലെടുത്ത് എമ്പെരുമാനാര്‍ അനുഗ്രഹിച്ചു. അദ്ദേഹം എംബാറോട്, “ഈ കുഞ്ഞിന് ദിവ്യചൈത്യവും സുഗന്ധവും തോന്നുന്നു, താങ്കള്‍ എന്താണ് ചെയ്തത്” എന്നു് ചോദിച്ചു. എംബാര്‍, “ഞാന്‍ കുഞ്ഞിന്റെ രക്ഷയ്ക്കായി ദ്വയ മഹാമന്ത്രം ജപിച്ചു” എന്ന് മറുപടിയേകി. എമ്പെരുമാനാര്‍, എംബാറോട്, “ ഓ താങ്കള്‍ എനിക്കുമുമ്പേ അത് ചെയ്തോ, ഈ കുട്ടിക്ക് താങ്കള്‍ തന്നെ ആചാര്യനാകണം” എന്ന് അരുള്‍ചെയ്യുകയും കുട്ടിക്ക് പരാശര ഭട്ടര്‍ എന്ന് പരാശര മഹര്‍ഷിയെ സ്മരിച്ചുകൊണ്ട് നാമകരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ പരാശരനോടുള്ള കടപ്പാട് വീട്ടുക എന്ന ആളവന്താരുടെ രണ്ടാമത്തെ ആഗ്രഹം സാക്ഷാത്കരിച്ചു. എംബാര്‍ തന്നെ കുട്ടിക്ക് സമാശ്രയണം(പഞ‍്ചസംസ്കാരം)ചെയ്യുന്നത് ഉറപ്പാക്കുകയും ആഴ്വാനോട് കുട്ടിയെ പെരിയപെരുമാള്‍ക്കും (ശ്രീരംഗനാഥന്) പെരിയ പെരിയാട്ടിയാര്‍ക്കും(ശ്രീരംഗനായകി, ലക്ഷ്മീദേവി) ദത്ത് നല്കാന്‍ എമ്പെരുമാനാര്‍ ആവശ്യപ്പെടുകയും ചെയ്തു. ആഴ്വാന്‍ അത് അംഗീകരിച്ചു. തന്റെ ശിശുപ്രായത്തില്‍ തന്നെ ലക്ഷ്മീദേവിയുടെ പ്രത്യേക കൃപ പരാശരഭട്ടര്‍ക്ക് ലഭിച്ചിരുന്നു. ചിലപ്പോഴെല്ലാം ശിശു, പെരിയപെരുമാളുടെ ഭോഗത്തില്‍(പ്രസാദമാക്കാനായി സമര്‍പ്പിച്ച നിവേദ്യം)പോലും കൈയിട്ട് കഴിച്ചു, അത് ഭഗവാന്‍ സ്വീകരിച്ചിരുന്നു. വളരെ ചെറിയ പ്രായത്തിലേ പരാശര ഭട്ടര്‍ വളരെ ബുദ്ധിമാനായി മാറുകയും എമ്പെരുമാന്റെയും എംബാറുടെയും കാലശേഷം നമ്മുടെ സമ്പ്രദായത്തിന് അദ്ദേഹം നേതൃത്വം നല്കുകയും ചെയ്തു.

എംബാറുടെ പൂര്‍വ്വാശ്രമത്തിലെ സഹോദരനായ ചെറിയഗോവിന്ദപ്പെരുമാളുടെ ഭാര്യ ഇക്കാലത്ത് ഒരു കുട്ടിക്ക് ജന്മം നല്കുകയും എമ്പെരുമാനാര്‍ ആ കുട്ടിക്ക്, നമ്മാഴ്വാരെ(പരാങ്കുശനെന്ന് നമ്മാഴ്വാര്‍ക്ക് പേരുണ്ടല്ലോ) സ്മരിച്ചുകൊണ്ട്, ശ്രീപരാങ്കുശ നമ്പി എന്ന് പേര് നല്കുകയും ചെയ്തു. ആളവന്താരുടെ, നമ്മാഴ്വാരോട് കടപ്പാട് വീട്ടുക എന്ന മൂന്നാം ആഗ്രഹം ഈ പരാങ്കുശ നമ്പിയിലൂടെ പിന്നീട് സാര്‍ത്ഥകമായി.

മുതലിയാണ്ടാന് എമ്പെരുമാനാരോടും എമ്പെരുമാനാര്‍ക്ക് തിരിച്ചും വളരെ അടുപ്പം ഉണ്ടായിരുന്നു. ഒരിക്കല്‍ പെരിയ നമ്പിയുടെ മകളായ അത്തുഴായിക്ക് ഒരു സഹായിയായി പോകാന്‍ എമ്പെരുമാനാര്‍ ആവശ്യപ്പെട്ട സന്ദര്‍ഭത്തില്‍ ഒരു മടിയുമില്ലാതെ അദ്ദേഹം ഗുരുവിന്റെ ആജ്ഞപാലിക്കുകയാണ് ചെയ്തത്.

ഒരിക്കല്‍ എമ്പെരുമാനാരുടെ ആചാര്യനായിരുന്ന പെരിയ നമ്പി, ആളവന്താരുടെ ഒരു പ്രീയശിഷ്യനായ മാറനേര്‍ നമ്പിയുടെ അന്ത്യകര്‍മങ്ങളനുഷ്ഠിക്കയുണ്ടായി. മാറനേര്‍ നമ്പി അധകൃത കുലത്തില്‍ പിറന്നവനായിരുന്നതിനാല്‍ ചില പ്രാദേശിക ശ്രീവൈഷ്ണവര്‍ക്ക് അതില്‍ വിയോജിപ്പ് തോന്നി. അവര്‍ എമ്പെരുമാനാരോട് പരാതിപ്പെട്ടു. എമ്പെരുമാനാര്‍ പെരിയ നമ്പിയോട് വിശദീകരണം ആരാഞ്ഞു. പെരിയ നമ്പി മാരനേര്‍ നമ്പിയുടെ മഹത്വം അവിടെ വിശദീകരിച്ചു നല്കിക്കൊണ്ട് തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ചു. ഇത് കേട്ട് എമ്പെരുമാനാര്‍ സന്തുഷ്ടനായി. തുടര്‍ന്ന് എല്ലാവരോടും, തനിക്ക് പെരിയ നമ്പിയുടെ പ്രവര്‍ത്തിയില്‍ ഒരിക്കലും വിയോജിപ്പുകളില്ലെന്നും, വിയോജിപ്പുള്ളവര്‍ക്ക് കൂടി അതിന്റെ ന്യായം ബോധ്യമാകാനാണ് ഇത് ചെയ്തത് എന്നും അറിയിച്ചു.

തിരുനാരായണപുരം യാത്ര

ഇങ്ങനെ ഏവരും ആനന്ദപൂര്‍വ്വം എംപെരുമാനാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍ ശ്രീരംഗത്ത് വസിച്ചുവരവെ, അവിടുത്തെ ദുഷ്ടനായ, ശൈവചിന്താഗതിക്കാരനായ രാജാവ് ശിവപരത്വം ഉറപ്പാക്കാനാഗ്രഹിച്ചു. അയാള്‍ പണ്ഡിതരെയെല്ലാം വിളിച്ചുവരുത്തുകയും ശിവപരത്വം അംഗീകരിക്കാന്‍ നിര്‍ബന്ധിക്കയും ചെയ്തു. നാലൂരാന്‍ എന്ന ആഴ്വാന്റെ ശിഷ്യന്‍, രാജാവിനോട് “അജ്ഞാനികളായ ഒത്തിരിയാളുകളുടെ അംഗീകാരത്തിലെന്ത് കാര്യം, ശ്രീരാമാനുജനോ ആഴ്വാനോ അംഗീകരിച്ചാല്‍ മാത്രമേ അത് സത്യമാകുകയുള്ളു ” എന്ന് പറഞ്ഞു (ഒരു മതത്തിന്റെ മഹത്വം അതിലുള്ള അജ്ഞാനികളുടെ എണ്ണത്തിലല്ലല്ലോ). ഇത് കേട്ട രാജാവ് തന്റെ പടയാളികളെ ശ്രീരാമാനുജന്റെ മഠത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനായി അയച്ചു. ഈ സമയം രാമാനുജര്‍ സ്നാനത്തിന് പോയിരിക്കയായിരുന്നു. രാജാവിന്റെ ദുരുദ്ദേശം മനസ്സിലായ കൂറത്താഴ്വാന്‍ ശ്രീരാമാനുജരെപ്പോലെ കാഷായം ധരിക്കുകയും ത്രിദണ്ഡമേന്തുകയും ചെയ്ത് പടയാളികള്‍ക്കൊപ്പം രാജസദസ്സിലേക്ക് ചെന്നു. മഠത്തിലെത്തിയപ്പോള്‍ തന്നെ അടുത്തുകഴിഞ്ഞ ആപത്തിനെ തിരിച്ചറിഞ്ഞ രാമാനുജരെ ഏവരും അവിടെ നിന്നു് പോകാനായി പ്രേരിപ്പിച്ചു. തുടര്‍ന്ന്, ആഴ്വാന്റെ വെളുത്ത വസ്ത്രങ്ങളും ധരിച്ച് ശിഷ്യരുമായി രാമാനുജര്‍ ശ്രീരംഗത്ത് നിന്ന് രക്ഷപെട്ടു. ചില പടയാളികള്‍ ഇത് തിരിച്ചറിഞ്ഞ് അവരെ പിന്തുടര്‍ന്നുവെങ്കിലും ശ്രീരാമാനുജര്‍ അല്പം മണ്ണെടുത്ത് വിശുദ്ധീകരിച്ച് വഴിയില്‍ ഇടുന്നതിന് ശിഷ്യര്‍ക്ക് നല്കി. ഈ മണ്ണില്‍ പദമൂന്നിയ പടയാളികള്‍ക്ക് നടക്കാനാകാതെ അവരുടെ ഉദ്യമം ഉപേക്ഷിക്കേണ്ടി വന്നു.

എമ്പെരുമാനാര്‍ കൂടുതല്‍ സുരക്ഷിതമായ മേല്‍ക്കോട്ടേക്കാണ് (തിരുനാരായണപുരം) യാത്രയായത്. കാട്ടുവഴിയില്‍ എമ്പെരുമാനാരുടെ ശിഷ്യനായിരുന്ന നല്ലാന്‍ ചക്രവര്‍ത്തിയാല്‍ ദീക്ഷയെടുക്കപ്പെട്ട ചില വേടന്മാരെ അവര്‍ കണ്ടു. ‍ 6നാളുകളായി യാത്രചെയ്ത് പരിക്ഷീണരായിരുന്ന എല്ലാവരെയും വേടര്‍ സ്വാഗതം ചെയ്തു. അവര്‍ യാത്രികരോട് എമ്പെരുമാനാരെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ആ സംഘത്തിലുള്ളതായി ശ്രീവൈഷ്ണവര്‍ അറിയിച്ചു. എമ്പെരുമാനാരെ ദര്‍ശിച്ച് വേടര്‍ ആനന്ദിച്ചു. അവര്‍ തേനും ധാന്യങ്ങളും നല്കിയത് എമ്പെരുമാനാരൊഴികെയുള്ളവര്‍ സ്വീകരിച്ചു. അവര്‍ ശ്രീവൈഷ്ണവ സംഘത്തെ അടുത്തുള്ള ഗ്രാമത്തില്‍ ഒരു ബ്രാഹ്മണ കുടുംബം കഴിയുന്നിടത്തേക്ക് പറഞ്ഞയച്ചു. ഭക്ഷണത്തിനുള്ള വസ്തുക്കളും നല്കി.

ബ്രാഹ്മണന്റെ(കൊങ്ങിലാച്ചാന്‍) ഭാര്യ, ഏവരെയും പ്രണമിച്ച ശേഷം പാകംചെയ്ത ഭക്ഷണത്തിനായി ക്ഷണിച്ചു. ശ്രീവൈഷ്ണവര്‍ അത് നിരസിച്ചു. എല്ലാവരില്‍ നിന്നും പാകം ചെയ്ത ഭക്ഷണം സ്വീകരിക്കുന്നതിന് തങ്ങള്‍ക്ക് കഴിയില്ലെന്ന് അറിയിച്ചു (പാകം ചെയ്ത ഭക്ഷണം ഭഗവാന് സമര്‍പ്പിച്ച് പ്രസാദമാക്കിയാലല്ലേ ഭക്ഷിക്കാനാകൂ), ഇതിന് അവര്‍ താനും എമ്പെരുമാനാരുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു എന്നും കുറേക്കാലം മുമ്പേ ശ്രീരംഗത്ത് വസിച്ചിരുന്നു എന്നും അറിയിച്ചു. താന്‍ ശ്രീരംഗത്തുള്ള കാലത്ത്, രാജാക്കന്മാരും മന്ത്രിമാരും വന്ന് എമ്പെരുമാനാരുടെ അനുഗ്രഹം തേടുമ്പോള്‍ അദ്ദേഹം എന്നും പുറത്ത് ഭിക്ഷയ്ക്ക് പോയിരുന്നു എന്നും, “എന്താണ് ഈ വൈരുദ്ധ്യം” എന്ന് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ എമ്പെരുമാനാര്‍, “ഞാന്‍ അവര്‍ക്ക് ഭഗവാനെക്കുറിച്ചുള്ള അറിവ് നല്കുന്നു” എന്ന് പറഞ്ഞുവെന്നും, ഓര്‍ത്തു. തനിക്കും അതേ അറിവ് പകരണമെന്ന് അപേക്ഷിച്ചപ്പോള്‍ എമ്പെരുമാനാര്‍, തന്നെ സമ്പ്രദായത്തിലേക്ക് ദീക്ഷനല്കി സ്വീകരിച്ചു എന്ന് അറിയിച്ചു. ഞങ്ങള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പേ‍ താന്‍ അവിടുത്തെ അനുഗ്രഹം തേടിയിരുന്നു എന്നും അപ്പോള്‍ അദ്ദേഹം തന്റെ മെതിയടി തനിക്ക് നല്കിവിട്ടു എന്നും ആ സ്ത്രീ അറിയിച്ചു. ഇതെല്ലാം കേട്ട എമ്പെരുമാനാര്‍ (തന്റെ വ്യക്തിത്വം വെളിപ്പെടുത്താതെ)അവര്‍ തയ്യാറാക്കിയ ഭക്ഷണം സ്വീകരിക്കാന്‍ മറ്റ് ശ്രീവൈഷ്ണവരോട് നിര്‍ദ്ദേശിച്ചു. അതിന് മുമ്പായി അവരുടെ ആചാരങ്ങള്‍ നിരീക്ഷിക്കാനായി ഒരു ശ്രീവൈഷ്ണവനെ ചുമതലപ്പെടുത്തി. അവര്‍ ഭക്ഷണം പാകം ചെയ്തുകഴിഞ്ഞ്, പൂജാമുറിയിലേക്ക് പോകുകയും കോയിലാഴ്വാരുടെ(വീട്ടിലുള്ള ഈശ്വരരൂപം) മുമ്പില്‍ ധ്യാനിക്കുകയും ചെയ്തു. എന്നാല്‍ ആരാധനാ മൂര്‍ത്തി മറ്റ് മൂര്‍ത്തികളില്‍ നിന്ന് വ്യത്യാസമുള്ളതാണെന്ന് ശ്രീവൈഷ്ണവന് തോന്നി. ഇത് എമ്പെരുമാനാരെ അറിയിച്ചപ്പോള്‍, “നിങ്ങള്‍ പൂജിക്കാനായി അകത്ത് എന്താണ് ചെയ്തത്?” എന്ന് അദ്ദേഹം അവരോട് അന്വേഷിച്ചു. അവര്‍, “ഞാന്‍ എനിക്ക് എമ്പെരുമാനാര്‍ തന്ന ദിവ്യപാദുകങ്ങളെ പൂജിച്ച് അവയ്ക്ക് ഭക്ഷണം സമര്‍പ്പിച്ചു” എന്ന് മറുപടിയേകി. അദ്ദേഹം അവരോട് അവ പുറത്തു കാണിക്കാനായി ആവശ്യപ്പെടുകയും അവ തന്റെതാണെന്ന് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹം അവരോട് “എമ്പെരുമാനാര്‍ ഇവിടെയുണ്ടെന്ന് അറിയാമോ” എന്ന് ചോദിച്ചു. അവര്‍ ഒരു വിളക്ക് തെളിച്ച് എല്ലാവരുടെയും പാദം പരിശോധിച്ചു. എമ്പെരുമാനാരുടെ ദിവ്യപാദങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍, “ഇത് എമ്പെരുമാനാരുടെ ദിവ്യപാദങ്ങള്‍ പോലെ തന്നെ, പക്ഷേ അങ്ങ് വെളുത്തവസ്ത്രം ധരിച്ചിരിക്കുകയാല്‍ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല” എന്ന് പറഞ്ഞു. എമ്പെരുമാനാര്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും താന്‍ പഠിപ്പിച്ചവ ആവര്‍ത്തിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അവ സന്തോഷപുരസ്സരം ആവര്‍ത്തിച്ചു. അപ്പോള്‍ എല്ലാവരോടും പ്രസാദം സ്വീകരിക്കാനായി അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ തനിക്ക് ഭഗവാന് നേദിച്ചതേ കഴിക്കാനാകൂ എന്നതിനാല്‍ അദ്ദേഹം ഭക്ഷിച്ചില്ല. അവര്‍ അല്പം പഴങ്ങളും പാലും പഞ്ചസാരക്കട്ടയും അദ്ദേഹത്തിന് നല്കി. അവ തന്റെ പെരുമാള്‍ക്ക് സമര്‍പ്പിച്ച ശേഷം എമ്പെരുമാനാര്‍ ഭുജിച്ചു. അവര്‍ ഭക്തരെല്ലാം ഭക്ഷിച്ച ശേഷം ബാക്കിയുള്ള പ്രസാദം ആദ്യം തന്റെ ഭര്‍ത്താവിന് നല്കി, സ്വയം സ്വീകരിച്ചില്ല. ഇത് കണ്ട് കാരണം ചോദിച്ച ഭര്‍ത്താവിനോട്, “അങ്ങ് എമ്പെരുമാനാരെ ആചാര്യനായി സ്വീകരിച്ചിട്ടില്ല, അദ്ദേഹം ഈ വഴിയിലെല്ലാം നടന്ന് നമുക്കരികിലെത്തി. അങ്ങ് അദ്ദേഹത്തെ ആചാര്യനാക്കാമെന്ന് വാക്ക് തന്നാലേ ഞാന്‍ ഭക്ഷണം കഴിക്കൂ ” എന്ന് പറഞ്ഞു. അദ്ദേഹത്തിന് അത് സ്വീകാര്യമായിരുന്നു. അങ്ങനെ അവര്‍ പ്രസാദം ഭുജിച്ചു. പിറ്റേന്ന് പ്രഭാതത്തില്‍ അദ്ദേഹം എമ്പെരുമാനാരുടെ മുമ്പാകെ ചെന്ന് അദ്ദേഹത്തെ സമാശ്രയണം ചെയ്തു. എമ്പെരുമാനാര്‍ അദ്ദേഹത്തിന് മന്ത്രോപദേശം നല്കുകയും ശിഷ്യനായി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കാഷായവും ത്രിദണ്ഡവും വീണ്ടുമേന്തിക്കൊണ്ട് അവിടെ കുറച്ചു ദിവസം താമസിച്ച ശേഷം ശ്രീവൈഷ്ണവ സംഘം വീണ്ടും കൂടുതല്‍ പടിഞ്ഞാറേക്ക് യാത്ര തിരിച്ചു.

അദ്ദേഹമെത്തിയത് സാളഗ്രാമത്തിലായിരുന്നു. അദ്ദേഹത്തെ അവഗണിക്കുന്ന ബൗദ്ധരും ജൈനരുമായിരുന്നു അവിടെയേറെയും. അദ്ദേഹം മുതലിയാണ്ടനോട് തന്റെ ദിവ്യപാദം അവിടുത്തെ പൊതുകുളത്തില്‍ കഴുകാന്‍ നിര്‍ദ്ദേശിച്ചു. അതോടെ പവിത്രമായി മാറിയ ആ ജലം ഉപയോഗിച്ചവരെല്ലാം എമ്പെരുമാനാരില്‍ ആകൃഷ്ടരായി മാറി. വടുഗ നമ്പി, എമ്പെരുമാനാരെ സര്‍വ്വസ്വവുമായി സ്വീകരിക്കുകയും ആചാര്യഭക്തിക്ക് ഒരു മാതൃകയായി മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം തൊണ്ടന്നൂരിലെത്തി. അവിടത്തെ രാജാവായിരുന്ന വിഠല ദേവന്റെ പുത്രിയെ ഭൂതബാധയില്‍ നിന്ന് രക്ഷിച്ചു. രാജാവും കുടുംബവും എമ്പെരുമാനാരുടെ ശിഷ്യരായി മാറി. രാജാവിന് വിഷ്ണുവര്‍ദ്ധന രായ എന്ന് അദ്ദേഹം പേര് നല്കി. ഇതറിഞ്ഞ് ജൈന ദാര്‍ശനികരുടെ വലിയൊരു കൂട്ടം, എംപെരുമാനാരോട് തര്‍ക്കത്തിനെത്തി. എംപെരുമാനാര്‍ അവര്‍ക്കിടയില്‍ ഒരു മറ വച്ചു കൊണ്ട് അത്രയും ജൈനരുമായി ഒരേ സമയം സംവാദം നടത്തി. മറവിന് പിന്നില്‍ തന്റെ ആയിരം ശിരസ്സുള്ള അനന്തരൂപമാണ് എമ്പെരുമാനാര്‍ കൈക്കൊണ്ടത്. പരാജിതരായ ജൈനരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യരായി മാറിയപ്പോള്‍ തന്റെ മഹത്വം അവര്‍ക്ക് വെളിപ്പെടുത്തി നല്കി. രാജാവും എമ്പെരുമാനാരെ വാഴ്ത്തി.

ഇപ്രകാരം എമ്പെരുമാനാര്‍ തൊണ്ടന്നൂരില്‍ കഴിയവെ അദ്ദേഹത്തിന്റെ തിരുമണ്ണ്(ഊര്‍ദ്ധ്വപുണ്ഡ്രം ധരിക്കുന്നതിനുള്ള വിശുദ്ധ മണ്ണ്) തീരാറായി. ഇത് അദ്ദേഹത്തെ വിഷമിപ്പിച്ചു. സ്വപ്നത്തില്‍, തിരുനാരായണപുരത്തെ ഭഗവാന്‍ അദ്ദേഹത്തിന് ദര്‍ശനം തരികയും, “താങ്കളെ തിരുനാരായണപുരത്ത് കാത്തിരിക്കുകയാണ്. ഇവിടെ തിരുമണ്ണും ഉണ്ട് ” എന്ന് അറിയിക്കുകയും ചെയ്തു. രാജാവിന്റെ സഹായത്തോടെ എമ്പെരുമാനാര്‍ തിരുനാരായണപുരത്തെത്തുകയും ഭഗവാനെ ആരാധിക്കാനൊരുമ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അവിടെ ചെല്ലുമ്പോള്‍ ക്ഷേത്രം നാമാവശേഷമാണ് എന്ന് ദുഖത്തോടെ തിരിച്ചറിഞ്ഞു. തളര്‍ന്ന്, കുറച്ചുസമയം മയങ്ങിയപ്പോള്‍, ഭഗവാന്‍ വീണ്ടും സ്വപ്നത്തില്‍ വരികയും അവിടുത്തെ മൂര്‍ത്തി മണ്ണില്‍ മറഞ്ഞ് പോയ കൃത്യ സ്ഥലം അറിയിക്കുകയും ചെയ്തു. അങ്ങനെ ഭഗവദ് മൂര്‍ത്തിയെ എമ്പെരുമാനാര്‍ വീണ്ടെടുത്തു. തിരുവായ്മൊഴിയില്‍ നമ്മാഴ്വാര്‍ “ഒരു നായഗമായ്” എന്ന് തിരുനാരായണപുരം ഭഗവാനെ പാടിപ്പുകഴ്ത്തിയ ദശകം അദ്ദേഹം ജപിച്ചു സമര്‍പ്പിച്ചു. തുടര്‍ന്ന് തിരുനാരായണപുരത്ത് തന്നെ തിരുമണ്ണ് കണ്ടെത്തി. അവ തന്റെ ശരീരത്ത് പന്ത്രണ്ട് സ്ഥലത്തായി ധരിച്ചു. ആ പരിസരം വൃത്തിയാക്കുകയും ക്ഷേത്രം പുനഃസ്ഥാപിക്കുകയും ചെയ്തു. അവിടെ ഭഗവദ് സേവനത്തിന് ഏര്‍പ്പാടും ചെയ്തു.

ഉത്സവമൂര്‍ത്തിയില്ലാത്തതിനാല്‍(പുറത്തെഴുന്നള്ളിക്കുന്ന വിഗ്രഹം) അവിടെ ഉത്സവത്തിന് സാധ്യതയില്ലായിരുന്നു. എമ്പെരുമാനാര്‍ അതോര്‍ത്ത് ദുഖിതനായിരിക്കെ, ഭഗവാന്‍ വീണ്ടും സ്വപ്നദര്‍ശനം തരികയും ‘രാമപ്രീയന്‍(ഉത്സവമൂര്‍ത്തിയുടെ പേര്) ഇപ്പോള്‍ ഡല്‍ഹി ബാദുഷയുടെ കൊട്ടാരത്തിലാണ്” എന്ന് പറയുകയും ചെയ്തു. എമ്പെരുമാനാര്‍ ഡല്‍ഹിയിലേക്ക് യാത്രയായി. ബാദുഷയോട് വിഗ്രഹം മടക്കിനല്കാനായി അപേക്ഷിച്ചു. ബാദുഷ തന്റെ മകളുടെ മുറിയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയും വിഗ്രഹം കാട്ടിക്കൊടുക്കുകയും ചെയ്തു. ബാദുഷയുടെ പുത്രിയാകട്ടെ, ആ വിഗ്രഹത്തെ വളരെയേറെ പ്രേമപുരസ്സരം സേവിച്ചുവരികയായിരുന്നു. ഇപ്രകാരം ഭഗവാനെ കണ്ട് ആനന്ദിച്ച എമ്പെരുമാനാര്‍, “ചെല്ലപ്പിള്ളേ ഇവിടെ വായോ” എന്ന് വിളിച്ചു. പെട്ടെന്ന് ഭഗവദ് വിഗ്രഹം എമ്പെരുമാനാരുടെ മടിയിലേക്ക് ചാടിയെത്തി. ഇത് കണ്ട് ആശ്ചര്യപ്പെട്ട ബാദുഷ, പല ആഭരണങ്ങള്‍ സഹിതം ഭഗവദ് മൂര്‍ത്തിയെ എമ്പെരുമാനാര്‍ക്ക് നല്കി വിട്ടു. വിരഹ ദുഖിതയായ രാജപുത്രി, എമ്പെരുമാനാരുടെ വഴിയേ യാത്രതിരിച്ചു. തിരുനാരായണ പുരത്തിന്റെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ആണ്ടാളെയെന്നവണ്ണം ഭഗവാന്‍ അവളെ തന്നിലേക്ക് ലയിപ്പിച്ചു. എമ്പെരുമാനാര്‍ അവളെ തുലുക്കനാച്ചിയാര്‍ എന്ന് പേര് നല്കി, ഭഗവദ് പാദത്തിനരികിലായി പ്രതിഷ്ഠിച്ചു. അദ്ദേഹം തുടര്‍ന്ന് ഉത്സവമൂര്‍ത്തിയുടെ ശുദ്ധീകരണ ക്രീയകള്‍ ചെയ്യുകയും തുടര്‍ന്ന് ക്ഷേത്രത്തിലെ ഉത്സവാദികള്‍ പുനരാരംഭിക്കുകയും ചെയ്തു.

ശ്രീരംഗത്തേക്ക് മടങ്ങുന്നു

ഇപ്രകാരം അവിടുന്ന്, തിരുനാരായണപുരത്ത്, പന്ത്രണ്ട് വര്‍ഷം പല കൈങ്കര്യങ്ങളും നിര്‍വ്വഹിച്ചും സമ്പ്രദായത്തെ പുലര്‍ത്തുന്നതിലേക്ക് ശ്രീവൈഷ്ണവരെ പരിശീലിപ്പിച്ചും വസിച്ചു. ശ്രീരംഗത്ത് നിന്നു് വന്ന മാറുതി ചിറിയാണ്ടാനില്‍ നിന്നും ശൈവരാജാവ് മരിച്ചുവെന്ന വാര്‍ത്തയറി‍ഞ്ഞ് അവിടേക്ക് തിരികെ മടങ്ങാമെന്ന് നിശ്ചയിച്ച്‍ അദ്ദേഹം സന്തോഷിച്ചു. തിരുനാരായണപുരത്തുള്ള അവിടുത്തെ ശിഷ്യരെ ഈ നിശ്ചയം സങ്കടക്കടലിലാഴ്ത്തി. എമ്പെരുമാനാര്‍ അവരെ ആശ്വസിപ്പിക്കുകയും അവരുടെ അപേക്ഷ അംഗീകരിച്ച് തന്റെ ഒരു മൂര്‍ത്തിയെ അവിടെ സ്ഥാപിക്കാന്‍ അനുമതി നല്കുകയും ചെയ്തു. തമര്‍ ഉഗന്ധ തിരുമേനി എന്ന് ആചാര്യരുടെ ഈ മൂര്‍ത്തി അറിയപ്പെടുന്നു. തുടര്‍ന്ന് അവിടുന്ന് തിരുനാരായണപുരത്ത് നിന്ന് ശ്രീരംഗത്തേക്ക് മടങ്ങി. പെരിയപിരാട്ടിയാറെയും(ദേവി), പെരിയപെരുമാളെയും(ഭഗവാന്‍)വണങ്ങിയശേഷം പില്‍ക്കാലത്ത് ശ്രീരംഗത്ത് തന്നെ വൈഷ്ണവ സമ്പ്രദായത്തോടുള്ള തന്റെ സേവനം തുടര്‍ന്നു.

ശ്രീരംഗമെത്തി ഭഗവദ് ദര്‍ശനം(മംഗളാശാസനം) ചെയ്ത ശേഷം ക്ഷേത്രം ചുറ്റിക്കണ്ട് ഉണര്‍വ്വുനേടിയപാടെ, അദ്ദേഹവും ശ്രീവൈഷ്ണവരും കൂറത്താഴ്വാന്റെ വസതിയിലേക്കായിരുന്നു പോയത്. കൂറത്താഴ്വാന്‍ ഭക്തിപുരസ്സരം ആചാര്യപാദങ്ങളില്‍ പ്രണമിച്ചു് അവിടെ കിടന്നു. ഉടയവര്‍ അദ്ദേഹത്തെ എടുത്ത് എഴുന്നേല്‍പ്പിച്ചപ്പോള്‍ ആഴ്വാന് കണ്ണുകള്‍ നഷ്ടപ്പെട്ടതായി കണ്ടു, വികാരവായ്പോടെ ആചാര്യര്‍ അത് കണ്ട് ഖേദം പൂണ്ടു. നിറകണ്ണുകളോടെയും ഗദ്ഗത കണ്ഠനായി, ” നമ്മുടെ ദര്‍ശനത്തിനായി(സമ്പ്രദായത്തിനായി)അങ്ങയുടെ ദര്‍ശനം(കണ്ണുകള്‍)പോയി” എന്ന് പറഞ്ഞു. ആഴ്വാന്‍ വിനീതനായി, ഇത് എന്റെ അപചാരങ്ങളുടെ(തെറ്റുകള്‍/വീഴ്ചകള്‍) ഫലം മാത്രമാണ്” എന്ന് പ്രതിവചിച്ചു. ഇതിന്, “അങ്ങേയ്ക്ക് എന്ത് അപചാരം? എന്റെ അപചാരമാണ് ഇതിനെല്ലാം കാരണം” എന്ന് ആചാര്യര്‍ ആശ്വസിപ്പിച്ചു. എല്ലാവരും പരസ്പരം ആശ്വസിപ്പിക്കുകയും ഉടയവര്‍ മഠത്തിലേക്ക് മടങ്ങുകയും ചെയ്തു.

ഇക്കാലത്ത് ചില ശ്രീവൈഷ്ണവര്‍ ഉടയവരെ കാണാനെത്തുകയും അദ്ദേഹത്തോട് തിരുച്ചിത്രകൂടം(ചിദംബരം എന്ന് ഇന്ന് പ്രസിദ്ധം) ക്ഷേത്രത്തെ ചില ദുഷ്കൃതികള്‍ (ശൈവവിശ്വാസികളായ) നശിപ്പിച്ചു എന്ന വിവരം അറിയിച്ചു. അദ്ദേഹം ഭഗവാന്റെ ഉത്സവ വിഗ്രഹം സുരക്ഷിതമായി തിരുപ്പതിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു. ഉടനടി തിരുപ്പതിയിലേക്ക് യാത്രതിരിച്ചു. ശ്രീഗോവിന്ദരാജപ്പെരുമാളുടെ ക്ഷേത്രം സ്ഥാപിക്കാനായി അദ്ദേഹം ഉത്തരവായി. നശിപ്പിക്കപ്പെട്ട തിരുച്ചിത്രകൂടത്തെ ഗോവിന്ദരാജ ഭഗവാന്റെ മൂലമൂര്‍ത്തിയുടെ സാമ്യത്തിലാണ് പുതിയ മൂലവരെ സ്ഥാപിച്ചത്. (ഇതാണ് തിരുപ്പതി അടിവാരത്ത് നാം ഇന്ന് കാണുന്ന ഗോവിന്ദരാജര്‍ സന്നിധി), തുടര്‍ന്ന് തിരുവേങ്കടമുടയാന് മംഗളാശാസനം ചെയ്തശേഷം അദ്ദേഹം ശ്രീരംഗത്തേക്ക് യാത്രതിരിച്ചു. വഴിയില്‍ കാഞ്ചീപുരത്തെ ദേവപ്പെരുമാള്‍ക്കും മംഗളാശാസനം ചെയ്തിട്ട് ശ്രീരംഗത്തെത്തി വീണ്ടും സമ്പ്രദായത്തെ നയിച്ചു.

ഒരിക്കല്‍ ഉടയവര്‍ ആഴ്വാനെ വിളിപ്പിച്ച് അഭീഷ്ടപ്രദനായ ദേവപ്പെരുമാളോട് തന്റെ കാഴ്ച നേടിയെടുക്കാനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു. ആഴ്വാന് ഇങ്ങനെ അഭീഷ്ടത്തിനായുള്ള പ്രാര്‍ത്ഥനയില്‍ ആദ്യം താല്പര്യമുണ്ടായില്ലെങ്കിലും ഉടയവരുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം വരദരാജസ്തവം രചിക്കുകയും ഭഗവാനെ അന്തര്‍ദൃഷ്ടിയില്‍ കാണുവാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഭഗവദനുഗ്രഹത്താല്‍ ഇത് സാധ്യമായപ്പോള്‍ ആഴ്വാന്‍ ഉടയവരോട് അത് അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തിയില്ലാതെ ഉടയവര്‍ ആഴ്വാനെ കാ‍ഞ്ചീപുരത്തേക്ക് കൊണ്ടുപോകുകയും അവിടെ ദേവപ്പെരുമാള്‍ക്ക് മുന്നില്‍ വരദരാജ സ്തവം ജപിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. ‍ ഉടയവര്‍ അവിടെ നിന്നും മറ്റൊരു ആവശ്യത്തിന് മാറിയിരുന്ന സമയത്താണ് ആഴ്വാന്റെ ജപം പൂര്‍ണ്ണമായത്. ദേവപ്പെരുമാള്‍ ആഴ്വാനോട് അഭീഷ്ടം ആവശ്യപ്പെടുവാന്‍ അറിയിച്ചു. അദ്ദേഹം, “നാലൂരാന്‍(സ്വശിഷ്യന്‍‍) എനിക്ക് ലഭിക്കുന്ന ഫലം തന്നെ നേടണം” എന്നുണര്‍ത്തിച്ചു. ദേവപ്പെരുമാള്‍ അത് അംഗീകരിച്ചു. തിരിച്ചെത്തിയ ഉടയവര്‍ക്ക് തന്റെ ആഗ്രഹം നടന്നില്ല എന്നതില്‍ ഭഗവാനോടും ആഴ്വാനോടും പരിഭവം തോന്നി‍. അപ്പോള്‍ ദേവപ്പെരുമാള്‍, ആഴ്വാന് തന്നെയും ഉടയവരെയും കാണാനുള്ള കാഴ്ചശക്തിയേകി. പ്രത്യേക കഴിവ് നേടിയ ആഴ്വാന്‍ ദേവപ്പെരുമാളുടെ ദിവ്യമായ അലങ്കാര ഭൂഷകളെയെല്ലാം വ്യക്തമായി വര്‍ണ്ണിച്ച് ഉടയവരെ സംതൃപ്തനാക്കി.

കോയില്‍ അണ്ണര്‍ ആകുന്നു

നാച്ചിയാര്‍ തിരുമൊഴിക്ക് അര്‍ത്ഥം പറയുമ്പോള്‍ ഉടയവര്‍, “നാറു നാറും പൊഴില്‍” എന്ന പാസുരത്തില്‍  തിരുമാലിരുംചോലൈ ഭഗവാന് നൂറ് പാത്രം മധുരച്ചോറും, നൂറ് പാത്രം വെണ്ണയും നല്കാനുള്ള ആണ്ടാളുടെ ആഗ്രഹത്തെ വിവരിച്ചു. തുടര്‍ന്ന്, അവിടുന്ന്, തിരുമാലിറുംചോലൈ ദിവ്യദേശത്തേക്ക് യാത്രയായി. അവിടെ ആണ്ടാളുടെ അഭീഷ്ടം പോലെ അവ അനുഷ്ഠിച്ചു. തുടര്‍ന്ന് ശ്രീവില്ലിപുത്തൂരില്‍ എത്തി ആണ്ടാള്‍ക്കും അവിടുത്തെ രംഗമന്നാര്‍ ഭഗവാനും മംഗളാശാസനം ചെയ്തു. തന്റെ ആഗ്രഹം ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ ചെയ്ത ഉടയവരുടെ പ്രവൃത്തി ആണ്ടാളെ സന്തോഷിപ്പിച്ചു. ആണ്ടാള്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ “നം കോയില്‍ അണ്ണര്‍” (ശ്രീരംഗത്തുനിന്ന് വന്ന എന്റെ ജ്യേഷ്ഠന്‍) എന്ന് വിളിച്ചു(കോയില്‍ എന്ന് മാത്രം പറയുമ്പോള്‍ വൈഷ്ണവത്തില്‍ ശ്രീരംഗത്തെയാണ് ഉദ്ദേശിക്കാറുള്ളത്). അദ്ദേഹം തുടര്‍ന്ന് ആഴ്വാര്‍ തിരുനഗരിയിലെത്തുകയും ആഴ്വാര്‍ക്കും ആദിനാഥര്‍ക്കും മംഗളാശാസനം ചെയ്യുകയും വീണ്ടും സമ്പ്രദായത്തെ നയിക്കുന്നതിലേക്ക് ശ്രീരംഗത്തേക്ക് മടങ്ങുകയും ചെയ്തു.

അവിടുത്തെ ശിഷ്യര്‍

അവിടുത്തേക്ക് അനേകം ശിഷ്യരുണ്ടായിരുന്നു. കൂടാതെ, 74സിംഹാസനാധിപതികളെ(സമ്പ്രദായത്തെ നയിക്കുകയും എല്ലാവര്‍ക്കും പഠിപ്പിക്കുകയും ചെയ്യാന്‍ ചുമതലയുള്ള ആചാര്യന്മാര്‍) അദ്ദേഹം നിയമിച്ചു. ഇക്കാലത്ത് നിരവധി ശ്രീവൈഷ്ണവര്‍ പലവിധ കൈങ്കര്യങ്ങളും(സേവ) അനുഷ്ഠിച്ചു.

  • കൂറത്താഴ്വാന്‍, മുതലിയാണ്ടാന്, നാടാതൂര്‍ ആഴ്വാന്‍‍, ഭട്ടര്‍ എന്നിവര്‍ ശ്രീഭാഷ്യപ്രചരണത്തില്‍ സഹായിച്ചു.
  • അരുളാളപ്പെരുമാള്‍ എംപെരുമാനാര്‍, എംപെരുമാനാരുടെ തേവാരമൂര്‍ത്തികള്‍ക്ക്(വ്യക്തിപരമായി പൂജ ചെയ്യാനുള്ള മൂര്‍ത്തികള്‍ക്ക്) തിരുവാരാധനം(പൂജ) നടത്തി.
  • കിടാംമ്പിപ്പെരുമാളും കിടാമ്പി അച്ചനും തിരുമടപ്പള്ളി(തിടപ്പള്ളി-ക്ഷേത്രത്തിലെ പാചകസ്ഥലം) കൈകാര്യം ചെയ്തു.
  • വടുക നമ്പി ഉടയവര്‍ക്കായി എണ്ണ തയ്യാറാക്കി.
  • ഗോമഠത്താഴ്വാന്‍ ഉടയവരുടെ കുടങ്ങളും ചെരുപ്പും എടുക്കുമായിരുന്നു.
  • പിള്ളൈ ഉറംഗാവില്ലി ദാസര്‍ കറുവൂലം(തിരുവാഭരണങ്ങള്‍) കൈകാര്യം ചെയ്തു.
  • അമ്മാഞ്ചി പാലു് തയ്യാറാക്കും, ഉക്കലാഴ്വാന്‍ പ്രസാദ വിതരണം നടത്തും.
  • ഉക്കലമ്മാള്‍ തിരു ആലവട്ട(വിശറി) സേവ ചെയ്തു.
  • മാരുതിപ്പെരിയാണ്ടാന്‍ ഉടയവരുടെ ചെറിയ കമണ്ഡലു പിടിച്ചിരുന്നു.
  • മാരുതിച്ചിറിയാണ്ടാന്‍ മഠത്തിലെ പലവ്യഞ്ജനങ്ങളുടെ കാര്യം നോക്കി നടത്തി.
  • തൂയമുനി വേഴം- വിശുദ്ധ ജലം എത്തിച്ചു.
  • തിരുവരംഗമാളികയാര്‍ ശ്രീഭണ്ടാരം (പ്രോവിഷന്‍ സ്റ്റോര്‍) കൈകാര്യം ചെയ്തു.
  • വണ്ടരും സെണ്ടരും(പിള്ളൈ ഉറംഗവില്ലി ദാസരുടെ ശേഷക്കാര്‍) ഉയര്‍ന്ന ശമ്പളത്തോടെ രാജസേവനത്തിലേര്‍പ്പെട്ടെങ്കിലും ആ ധനമെല്ലാം മഠത്തിലേക്കായി സമര്‍പ്പിച്ചു വന്നു.
  • ഇരാമാനുസവേലൈക്കാരര്‍ ആയിരുന്നു ഉടയവരുടെ സഹായിയായി നിന്നത്.
  • അകളങ്ക നാട്ടാഴ്വാന്‍ മറ്റു് തത്വചിന്തകരുമായി സംവാദം നടത്തിയിരുന്നു.

അദ്ദേഹത്തിന്റെ മഹിമ വെളിപ്പെടുത്തിയത്

ഉടയവരുടെ മഹിമയെ പെരിയ പെരുമാള്‍, തിരുവേങ്കടമുടയാന്‍, പേരരുളാളന്‍, തിരുനാരായണപ്പരുമാള്‍, അഴകര്‍,തിരുക്കുറുംകുടി നമ്പി, നമ്മാഴ്വാര്‍, ശ്രീമന്നാഥമുനികള്‍, ആളവന്താര്‍, പെരിയനമ്പി, തിരുക്കോഷ്ടിയൂര്‍ നമ്പി, തിരുമലൈ നമ്പി, തിരുമലൈ ആണ്ടന്‍, ആഴ്വാര്‍ തിരുവരംഗപ്പെരുമാള്‍ അരൈയര്‍, എന്നിവരും അദ്ദേഹത്തിന്റെ ശിഷ്യരും ബ്രഹ്മരാക്ഷസനും മൂകനായ മനുഷ്യനും എന്നിങ്ങനെ പലരും വെളിപ്പെടുത്തിയിട്ടുണ്ട്. നമുക്ക് അവ ലഘുവായി നോക്കാം,

  • പെരിയപെരുമാള്‍(ശ്രീരംഗനാഥന്‍) ആത്മീയവും ഭൗതികവുമായ ലോകങ്ങളുടെ ഉടയവരായി അദ്ദേഹത്തെ അവരോധിക്കുകയും അവ സൗജന്യമായി തന്റെ അനുയായികള്‍ക്ക് ഏകാനായി അവകാശിയാക്കുകയും ചെയ്തു.
  • തിരുവേങ്കടമുടയാന്‍(തിരുപ്പതിയപ്പന്‍) പെരിയപെരുമാളേകിയ പദവികളെ വീണ്ടും ഉറപ്പിച്ചു. ഉടയവര്‍ എന്ന പദവിയേകി. തുമ്പയൂര്‍ക്കോണ്ടൈ എന്ന തൈര് വില്പനക്കാരിക്ക് ഉടയവരുടെ ആശീര്‍വ്വാദത്താല്‍ പരമപദമേകി.
  • പേരരുളാളന്‍(കാഞ്ചീപുരം) യജ്ഞമൂര്‍ത്തിയെ വാദത്തില്‍ പരാജിതനാക്കാന്‍ ഉടയവരെ സഹായിച്ചു. യാദവപ്രകാശനെയും(മറ്റൊരു ദര്‍ശനം പിന്തുടര്‍ന്ന ഉടയവരുടെ പഴയ ഗുരു) ഉടയവുടെ ശിഷ്യനും സന്യാസിയുമാക്കി.
  • തിരുനാരായണന്‍(മേല്‍ക്കോട്, മാണ്ഡ്യജില്ല, കര്‍ണ്ണാടക) ഉടയവരെ ക്ഷേത്രപുനസ്ഥാപനത്തിന് അനുവദിച്ചു. തന്റെ ഉത്സവമൂര്‍ത്തിയെ ഉടയവരുടെ പ്രീയപുത്രനാക്കി(ചെല്ലപ്പിള്ള) ഉടയവരാല്‍ ആലിംഗനം ചെയ്യുമാറാക്കി.
  • അഴഗര്‍(തിരുമാലിറുംചോലൈ) രണ്ട് സന്ദര്‍ഭത്തിലായി ഉടയവരുടെ മഹത്വം വെളിവാക്കി. ഉടയവരുടെ ആചാര്യപരമ്പരയിലാണെന്ന ധാരണയിലായിരുന്ന പെരിയനമ്പികളുടെ പിന്‍ഗാമികളോട് രാമാനുജരുടെ ശിഷ്യസമൂഹത്തില്‍ ചേരുന്നതിന് ആജ്ഞാപിച്ചും, കിടമ്പി അച്ചനോട് ഉടയവര്‍ക്ക് കീഴ്പ്പെട്ടവരാരും അനാഥരല്ലെന്ന് അറിയിച്ചും.
  • തിരുക്കുറുംഗുഡിനമ്പി ഉടയവരെ ആചാര്യനായി സ്വീകരിച്ചു, ശ്രീവൈഷ്ണവനമ്പി എന്ന പ്രസിദ്ധമായ പേര് സ്വീകരിച്ചു.
  • നമ്മാഴ്വാര്‍ ലോകത്തെ പതിതരായ ആത്മാക്കളെയോര്‍ത്ത് തപിക്കുകയും എംപെരുമാനാരുടെ ദിവ്യാവതാരം വരുമെന്ന് മുന്‍കൂട്ടിക്കണ്ട്, പൊലിക പൊലിക എന്ന് പാടി വാഴ്ത്തുകയും ചെയ്തു.
  • ശ്രീമന്നാഥമുനികള്‍, നാം പഠിപ്പിച്ചാല്‍ വളരെക്കുറച്ചാത്മാക്കളേ രക്ഷപെടൂ, എന്നാല്‍ ശ്രീരാമാനുജന്‍ പഠിപ്പിച്ചാലോ, അത് എല്ലാവര്‍ക്കും രക്ഷയാകും, വീരനാരായണപുരത്തെ തടാകം നഗരത്തിനെന്ന പോലെ- എന്ന് പ്രവചിച്ചിരുന്നു.
  • ആളവന്താര്‍, ഉടയവരെ, അം മുതല്‍വന്‍(നമ്മുടെ സമ്പ്രദായത്തിന് യോജിച്ച നേതാവ്) എന്ന് പ്രഖ്യാപിച്ചിരുന്നു.
  • ആചാര്യ ശിഷ്യ ബന്ധമായിരുന്നുവെങ്കിലും പെരിയ നമ്പി, ശ്രീരാമാനുജരെ അവിടുത്തെ മഹത്വത്തെപ്രതി, ആളവന്താരെയെന്ന പോലെ വണങ്ങിയിരുന്നു.
  • തിരുക്കോഷ്ടിയൂര്‍ നമ്പി, എംപെരുമാനാര്‍(എംപെരുമാനെക്കാള്‍ വലിയവന്‍) എന്ന സ്ഥാനപ്പേര് ഉടയവര്‍ക്ക്, രഹസ്യമന്ത്രങ്ങളെപ്പോലും അത് ആഗ്രഹിക്കുന്നവര്‍ക്ക് വെളിപ്പെടുത്തുന്നതിലുള്ള അദ്ദേഹത്തിന്റെ ഉദാരതമൂലം നല്കി.
  • തിരുമാലൈ ആണ്ടാന് ഉടയവരോട് ചില വിയോജിപ്പുകളുണ്ടായിരുന്നു. ഒരിക്കല്‍ ഉടയവരുടെ മഹത്വം ഗ്രഹിച്ച അദ്ദേഹം ഉടയവരെ വളരെയേറെ വാഴ്ത്തുകയും തന്റെ മകനെ ഉടയവരുടെ ശിഷ്യനാക്കുകയും ചെയ്തു.
  • തിരുവരംഗപ്പെരുമാള്‍ അരൈയര്‍ ആചാര്യാഭിമാനം എന്ന രഹസ്യമായ ജ്ഞാനം ഉടയവര്‍ക്ക് നല്കുകയും തന്റെ മകനെ ഉടയവരുടെ ശിഷ്യനായി നല്കുകയും ചെയ്തു.
  • ഉടയവരുടെ ശിഷ്യര്‍ അദ്ദേഹത്തിന്റെ പദകമലങ്ങളിലുള്ള പൂര്‍ണ്ണവിശ്വാസം പ്രഖ്യാപിക്കുകയും അത് തന്നെ ഗതിയും ലക്ഷ്യവുമായി ഗണിക്കുകയും ചെയ്തു.
  • അമുതനാര്‍ രാമാനുജ നൂറ്റന്താദി രചിച്ചു. അത് നാലായിര ദിവ്യപ്രബന്ധത്തിന്റെ ഭാഗമായി പില്‍ക്കാലത്ത് മാറി.
  • ബ്രഹ്മരക്ഷസ്സ് (പ്രാദേശിക രാജാവിന്റെ മകളുടെ ശരീരത്തില്‍ ബാധിച്ചിരുന്നത്)യാദവപ്രകാശനെ അവഗണിക്കുകയും ശ്രീരാമാനുജനെ നിത്യസൂരികളുടെ നേതാവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
  • ഒരു മൂകനായ മനുഷ്യന്‍ ഉടയവരാല്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. അദ്ദേഹം കുറേക്കാലത്തേക്ക് അപ്രത്യക്ഷനായി വീണ്ടും മടങ്ങിവന്ന ശേഷം, ഉടയവര്‍ വിഷ്വക് സേനനല്ലാതെ മറ്റാരുമല്ല എന്ന് പറഞ്ഞ ശേഷം വീണ്ടും അപ്രത്യക്ഷനാകുകയും ചെയ്തു.
  • ഇപ്രകാരം പല സന്ദര്‍ഭങ്ങളില്‍ പലരും ഉടയവരുടെ മഹത്വം ഏറ്റുപറഞ്ഞതായി കാണാം ഇവയെല്ലാം വര്‍ണ്ണിക്കുക അസാധ്യമാണല്ലോ.

ശ്രീമന്നാഥമുനികളില്‍ തുടങ്ങിയുള്ള പല ആചാര്യന്മാരില്‍ ഉടയവര്‍‍ക്കുള്ള പ്രത്യേകമഹിമ എന്താണ്? ഇതിന്റെ കാരണം–

  • പല അവതാരങ്ങളുണ്ടെങ്കിലും ശ്രീരാമനും, ശ്രീകൃഷ്ണനും പ്രത്യേകമായി ഗണിക്കപ്പെടുന്നു. അവരുടെ പ്രവര്‍ത്തികള്‍, ഗീതോപദേശം മുതലായവയാല്‍
  • പല ദിവ്യദേശങ്ങളുമുണ്ടെങ്കിലും കോയില്‍(ശ്രീരംഗം), തിരുമലൈ(തിരുപ്പതി), പെരുമാള്‍ കോയില്‍(കാഞ്ചീപുരം), തിരുനാരായണപുരം ഇവയെ ആചാര്യന്മാരുമായുള്ള പ്രത്യേക സംബന്ധത്തെപ്രതി നാം പ്രത്യേകം പരിഗണിക്കുന്നു.
  • പല ഋഷിമാരുമുണ്ടെങ്കിലും വേദവ്യാസ ഭഗവാന്‍, പരാശര ഭഗവാന്‍, ശൗനക ഭഗവാന്‍, ശുക ഭഗവാന്‍, നാരദ ഭഗവാന്‍ എന്നിവരെ വേദ വേദാന്ത പുരാണ ഇതിഹാസ ബന്ധത്തെ പ്രതി നാം പ്രത്യേകം പരിഗണിക്കുന്നു.
  • പല ആഴ്വാര്‍മാരിലും നമ്മാഴ്വാരെ പരമസത്യങ്ങളും ദര്‍ശനങ്ങളും അവതരിപ്പിച്ചതിന്റെ പേരില്‍ പ്രത്യേകമായി പരിഗണിക്കുന്നു.

ഇതേ പോലെ ഉടയവര്‍, എല്ലാ മേഖലയിലും നല്കിയ സംഭാവനകളെപ്രതിയും സിദ്ധാന്തത്തിനും സമ്പ്രദായത്തിനും നല്കിയ ശക്തമായ അടിത്തറയുടെ പേരിലും വളര്‍ച്ചയ്ക്ക്ക് നല്കിയ സംഭാവനയുടെ പേരിലും പ്രത്യേകമായി ആദരിക്കപ്പെടുന്നു.

അവസാന നാളുകള്‍

ഉടയവരുടെ എല്ലാ ശിഷ്യരും അദ്ദേഹത്തിന്റെ ദിവ്യപാദങ്ങളില്‍ പൂര്‍ണ്ണമായും വിശ്വാസം പുലര്‍ത്തി. ഇതിന് കാരണം അവരുടെ ആചാര്യനിഷ്ഠയും എമ്പെരുമാനാരെ നമ്മാഴ്വാരുടെ ദിവ്യപാദങ്ങളായി ഗണിച്ചതും, നമ്മാഴ്വാര്‍ തന്നെ തന്റെ പൊലിക പൊലിക എന്ന് തുടങ്ങുന്ന ദശകത്തില്‍ എമ്പെരുമാന്റെ വരവ് പ്രവചിച്ചതിനാലും ആയിരുന്നു. ഇത് കൂടാതെ, ഉടയവരെ നമ്മാഴ്വാരുടെ നേരിട്ടുള്ള ശിഷ്യനായും കാണാമായിരുന്നു, കാരണം അദ്ദേഹത്തിന്റെ തിരുവായ്മൊഴിയെ പ്രധാനമായി സ്വീകരിച്ചാണ് അദ്ദേഹം സമ്പ്രദായത്തെ ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തെ ആളവന്താരുടെ നേര്‍ശിഷ്യനായും കാണാമായിരുന്നു കാരണം, ആളവന്താരുടെ തിരുഹിതത്തെ അറിയുകയും അവ നടപ്പാക്കുകയും ചെയ്തത് രാമാനുജരായിരുന്നു, ഇരുവരും ഒരിക്കലും നേരില്‍ സന്ധിച്ചിരുന്നില്ലെങ്കിലും.

ഒരിക്കല്‍, ഉടയവര്‍‍ ശ്രീരാമായണത്തില്‍ വിഭീഷണ ശരണാഗതി സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി ശരണാഗതിയെ വിശദമാക്കിക്കൊടുക്കവെ, പിള്ളൈ ഉറങ്കവില്ലി ദാസര്‍ക്ക് ഒരു ആശയക്കുഴപ്പം നേരിട്ടു. ഇത് കണ്ട് ഉടയവര്‍ ദാസരുടെ വിഷമം എന്തെന്ന് ആരാഞ്ഞു. “എല്ലാം ത്യജിച്ച് ശ്രീരാമനെ ശരണം തേടിയ വിഭീഷണര്‍ക്ക് കാത്തുനില്‍‍ക്കേണ്ടി വന്നെങ്കില്‍ നമ്മുടെ ഗതിയെന്താകും, മോക്ഷം ലഭിക്കുമോ?” എന്നതായിരുന്നു ആ സംശയം. ഉടയവര്‍ മറുപടി നല്കി, “കേള്‍ക്കൂ മകനേ, എനിക്ക് മോക്ഷം ലഭിച്ചാല്‍ നിനക്കും മോക്ഷമുണ്ട്, പെരിയനമ്പിക്ക് കിട്ടിയാല്‍ എനിക്കുമുണ്ട്, ആളവന്താര്‍ക്ക് കിട്ടിയാല്‍ പെരിയനമ്പിക്കുമുണ്ട്, ഇങ്ങനെ ഇത് നമ്മാഴ്വാര്‍ വരെ പോകുന്നു. തിരുവായ്മൊഴിയില്‍ താന്‍ മുക്തനായിക്കഴിഞ്ഞത് അവിടുന്ന് അറിയിച്ചിട്ടുമുണ്ട്. അതിനാല്‍ നിനക്കും മോക്ഷമുണ്ട്” ഇത് അറിയിച്ച് അവിടുന്ന് ദാസരെ സമാശ്വസിപ്പിച്ചു.

അമുദനാരുടെ ദിവ്യപ്രബന്ധമായ രാമാനുജനൂറ്റന്താദിയില്‍ എമ്പെരുമാനാര്‍ മാത്രമാണ് മോക്ഷത്തിനുള്ള വഴിയെന്നും അവിടുത്തെ സേവയും അവിടുത്തെ ഭക്തരുടെ സേവയുമാണ് നമ്മുടെ ലക്ഷ്യമെന്നും പരാമര്‍ശിക്കുന്നു.

മുതലിയാണ്ടാന്‍ എമ്പെരുമാനാരോട് അദ്ദേഹത്തിന്റെ ഒരു മൂര്‍ത്തി, അവിടുത്തെ ജന്മസ്ഥലമായ ശ്രീപെരുമ്പുതൂരില്‍ സ്ഥാപിക്കാനായി വിശുദ്ധീകരിച്ച് നല്കുവാന്‍ അപേക്ഷിച്ചു. അതിലൂടെ വരും തലമുറയ്ക്കും എമ്പെരുമാനാരെ സ്മരിക്കാനും ആരാധിക്കാനുമാകുമല്ലോ. എമ്പെരുമാനാരുടെ അനുമതിയോടെ കഴിവുറ്റ ഒരു ശില്പിയെക്കൊണ്ട് മനോഹരമായ വിധത്തില്‍ അദ്ദേഹത്തിന്റെ ഒരു മൂര്‍ത്തി ശ്രീരംഗത്ത് വച്ച് നിര്‍മ്മിക്കപ്പെട്ടു. ഇത് എമ്പെരുമാനാര്‍ കണ്ട് തൃപ്തിപ്പെട്ടു, അദ്ദഹം അതിനെ ആശ്ലേഷിച്ചു. ഇത് ശ്രീപെരുമ്പുതൂരിലേക്ക് കൊണ്ടുപോകുകയും ഗുരുപുഷ്യത്തിന്റെ(തൈപ്പൂയം)ദിനത്തില്‍ സ്ഥാപിക്കുകയും ചെയ്തു.

ഉടയവര്‍ മഹത്തായ 120വര്‍ഷങ്ങളാണ് ഇപ്രകാരം ജീവിച്ചത്. തനിക്ക് ഭൗതിക ലോകം ത്യജിക്കണമെന്നും നിത്യസൂരികള്‍ക്കൊപ്പം ആത്മീയലോകം സ്വീകരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. പെരിയ പെരുമാളെ, പെരിയ പിരാട്ടിയാറിലൂടെ സമീപിച്ച്, ഗദ്യത്രയം പാരായണം ചെയ്യുകയും പെരിയ പെരുമാളോട് ഭൗതിക ശരീരത്തില്‍ നിന്ന് മുക്തിതേടുകയും ചെയ്തു. ഏഴാം നാളില്‍ അങ്ങേയ്ക്ക് മുക്തിയേകുമെന്ന് പെരിയപെരുമാള്‍ ഉറപ്പേകി. അപ്പോള്‍ എംപെരുമാനാര്‍ വീണ്ടും പെരുമാളോട്, “അടിയനോട് നേരിട്ടോ അല്ലാതെയോ സംബന്ധമുള്ളവരെയെല്ലാം അടിയന് ലഭിക്കുന്ന അതേ പദത്തിലെത്തിക്കണേ” എന്ന് പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ അത് സന്തോഷപൂര്‍വ്വം സമ്മതിച്ചു. പെരിയപെരുമാളില്‍ നിന്നുള്ള ഈ അനുമതിയും ഉറപ്പും നേടിക്കൊണ്ട് ഉടയവര്‍ അവിടുത്തോട് വിടചൊല്ലി മഠത്തിലേക്ക് പോയി. തുടര്‍ന്നുള്ള മൂന്ന് നാളുകള് അവിടുന്ന് വിശിഷ്ടമായ അര്‍ത്ഥങ്ങളും നിര്‍ദ്ദേശങ്ങളും ശിഷ്യരെ പഠിപ്പിച്ചു. “എന്താണ് അവിടുന്ന് പെട്ടെന്ന് ഇപ്രകാരം വിശിഷ്ടമായ നിര്‍ദ്ദേശങ്ങള്‍ തരുന്നതെന്ന് ” അവര്‍ അതിശയിച്ചു. വിവരം മറച്ചുവയ്ക്കാനാകാതെ, എമ്പെരുമാനാര്‍, “പരമപദത്തിലേക്ക് ഞാന്‍ നാല് നാളിനകം പോകാന്‍‍ ഇച്ഛിക്കുന്നു, ഭഗവാന്‍ അത് സമ്മതിച്ചു” എന്ന് അറിയിച്ചു. ഹൃദയഭേദകമായ ഈ വാര്‍ത്ത കേട്ട് ശിഷ്യര്‍ തങ്ങള്‍ ഉടയവര്‍ പോയാല്‍ അപ്പോള്‍ പ്രാണന്‍ ത്യജിക്കുമെന്ന് പറഞ്ഞു. ” അങ്ങനെ ചെയ്തു എങ്കില്‍ നിങ്ങള്‍ എന്റെ സംബന്ധികളല്ലാതാകും, അതിനാല്‍ നിങ്ങള്‍ക്ക് അത് കഴിയില്ല” എന്ന് മറുപടിയേകി, തുടര്‍ന്ന് അവരെ ആശ്വസിപ്പിച്ചു.

പിന്നീട് എമ്പെരുമാനാര്‍ എല്ലാവര്‍ക്കും വിലപ്പെട്ട നിര്‍ദ്ദേശങ്ങളേകുന്നത് തുടര്‍ന്നു. തന്റെ ശിഷ്യന്മാര്‍ക്ക് കൃത്യമായ ജോലി വിഭജനമുണ്ടാക്കി. എല്ലാവരോടും കൂറത്താഴ്വാന്റെ പ്രീയപുത്രനായ പരാശര ഭട്ടരെ മാനിക്കണമെന്ന് അറിയിച്ചു. താന്‍ ചെയ്ത എല്ലാ പിഴവുകള്‍ക്കും അവിടുന്ന് എല്ലാവരോടും മാപ്പ് യാചിച്ചു. വീണ്ടും തന്റെ അന്തിമ നിര്‍ദ്ദേശങ്ങള്‍ നല്കി. എല്ലാവര്‍ക്കും നല്കിയതില്‍ പ്രധാനം നിര്‍ദ്ദേശം ഏവരും മറ്റുള്ളവരുടെ ഗുണങ്ങളെ അഭിനന്ദിക്കണമെന്നും ഒത്തൊരുമിച്ച് സാഹോദര്യത്തോടെ പ്രവര്‍ത്തിക്കണമെന്നുമായിരുന്നു. എല്ലാവരോടും കൈങ്കര്യങ്ങളില്‍(നിസ്വാര്‍ത്ഥസേവ) ശ്രദ്ധപുലര്‍ത്തുക, ഫലേച്ഛയോടെയുള്ള പ്രവര്‍ത്തനങ്ങളിലല്ല എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ശ്രീവൈഷ്ണവരെ ഒരിക്കലും വെറുക്കരുത് എന്നും ലൗകികജനങ്ങളെ ഒരിക്കലും ലൗകിക കര്‍മ്മങ്ങളുടെ പേരില്‍ വാഴ്ത്തരുതെന്നുമുള്ള ആശയത്തിന് അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്കി.

ഭട്ടരെ പെരിയ പെരുമാളുടെ സന്നിധിയില്‍ അദ്ദേഹം കൊണ്ടുവന്നു. അദ്ദേഹത്തിന് തീര്‍ത്ഥവും മറ്റ് മഹിമകളും ഏകി. മറ്റുള്ളവരോട് ഭട്ടര്‍ ഇനിമേല്‍ സമ്പ്രദായത്തെ നയിക്കുമെന്ന് അറിയിച്ചു. ഭട്ടരോട് മേല്‍ക്കോട്ടെക്ക് പോകാനും വേദാന്തിയെ പരിവര്‍ത്തനം ചെയ്യാനും (നഞ്ചീയറെന്ന് അറിയപ്പെടുന്ന പില്‍ക്കാല ആചാര്യന്‍)ആവശ്യപ്പെട്ടു. ‍ ഉള്ള കാലത്തോളം മുതിര്‍ന്ന വൈഷ്ണവ ആചാര്യനെന്ന നിലയില്‍ എംബാര്‍ സ്വശിഷ്യനായ ഭട്ടരെ നയിക്കേണ്ടതാണെന്നും അറിയിച്ചു.

പരമപദം പ്രാപിച്ച ദിനം അദ്ദേഹം കുളി, 12ഊര്‍ദ്ധ്വപുണ്ഡ്രധാരണം, സന്ധ്യാവന്ദനം, മുതലായ നിത്യാനുഷ്ഠാനങ്ങളെല്ലാം അനുഷ്ഠിച്ചു. തന്റെ തേവാരമൂര്‍ത്തിക്ക് തിരുവാരാധനം ചെയ്ത ശേഷം, ഗുരുപരമ്പരയെ ധ്യാനിച്ചുകൊണ്ട്, പത്മാസനത്തില്‍ ഇരുന്നു് പരവാസുദേവ ഭാവത്തില്‍ മനസ്സുറപ്പിച്ചും, ആളവന്താരുടെ തിരുരൂപം ധ്യാനിച്ചുമിരുന്നു. പിന്നീട് സാവകാശം, സ്വന്തം നയനം വിശാലമായി തുറന്നുപിടിച്ച ശേഷം ശിരസ്സ് എംബാറുടെ മടിയില്‍ വച്ചും ദിവ്യപാദം വടുകനമ്പിയുടെ മടിയില്‍ വച്ചും കിടന്നു. മെല്ലെ ആദിശേഷന്റെ പോലെയുള്ള ഒരു ജ്യോതിസ്വരൂപമുയര്‍ന്നു- അദ്ദേഹം പരമപദമേറി. ഇത് ദര്‍ശിച്ച ശിഷ്യര്‍ വേരറ്റവൃക്ഷങ്ങളെപ്പോലെ നിലംപതിച്ചു, ഹൃദയം നുറുങ്ങുമാറ് വിലപിച്ചു. പിന്നീട് അവര്‍ പരസ്പരം ആശ്വസിപ്പിച്ചു. പെരിയ പെരുമാള്‍ തന്റെ നഷ്ടവും(പരമപദനാഥന്റെ-വൈകുണ്ഠനാഥന്റെ ലാഭവും)അറിഞ്ഞ് നിരാശനായി. തനിക്ക് സമര്‍പ്പിതമായ താംബൂല സേവ ഭഗവാന്‍ നിരസിച്ചു. ഉത്തമ നമ്പി വഴി ശ്രീരംഗനാഥന്റെ സാമഗ്രികള്‍ മഠത്തിലേക്ക് അയയ്ക്കപ്പെട്ടു. മഠത്തില്‍ വിമലമായ ചരമതിരുമേനി(ആചാര്യ ഭൗതികദേഹം) കുളിപ്പിച്ചു, 12ഊര്‍ദ്ധ്വപുണ്ഡ്രങ്ങള്‍ ധരിപ്പിച്ചു, ഉപചാരങ്ങള്‍ സമര്‍പ്പിച്ചു(ദീപ, ധൂപാദികള്‍) അഭിമാനപുത്രനായി(പുത്രനെപ്പോലെ) കണക്കാക്കപ്പെട്ട പിള്ളന്‍ എംപെരുമാനാരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു. ശ്രീരംഗത്തെ ശ്രീവൈഷ്ണവര്‍ ഉപനിത്തുകളും ദിവ്യപ്രബന്ധവും ജപിച്ചും മംഗളധ്വനികളും സ്തോത്രങ്ങളും മുഴക്കിയും സമുചിതമായി പരമപദപ്രാപ്തിയെ ആചരിച്ചു. അദ്ദേഹത്തെ എഴുന്നള്ളിക്കുന്ന വീഥികളില്‍ പുഷ്പങ്ങളും അക്ഷതവും വിതറി. പെരിയ പെരുമാളുടെ അനുജ്ഞപ്രകാരം എംപെരുമാനാരെ യതിസംസ്കാരവിധിപ്രകാരം(സന്യാസിമാരെ അടക്കുന്ന വിധി) നമ്പെരുമാളുടെ വസന്തമണ്ഡപത്തിനകത്ത് പ്രത്യേക ഭൂഗര്‍ഭ അറയിലായി ഇറക്കി വച്ചു. പിന്നീട് എംപെരുമാനാരുടെ സമാധിക്ക് മുകളിലായി അവിടുത്തെ ഒരു വിഗ്രഹം പെരിയപെരുമാളുടെ ആജ്ഞപോലെ മുതലിയാണ്ടാന്‍ സ്ഥാപിച്ചു.

പിന്നീട് പല ശ്രീവൈഷ്ണവരും എംപെരുമാനാരുടെ പരമപദപ്രാപ്തിയുടെ വാര്‍ത്തയറിഞ്ഞ് വിഷണ്ണരായി. ചിലര്‍ക്ക് ആ അസഹ്യമായ വിയോഗ വാര്‍ത്ത അറിഞ്ഞതും ജീവന്‍ നഷ്ടപ്പെട്ടു. ശ്രീരംഗത്തെത്തിയവര്‍ ഭട്ടരുടെ സാന്നിദ്ധ്യത്താല്‍ ആശ്വസിച്ചു.

ഇപ്രകാരം എമ്പെരുമാനാര്‍ എല്ലാവരുടെയും അഭ്യുദയത്തിനായി പൂര്‍ണ്ണമായും സഫലമായ ഒരു ജീവിതം നയിച്ചു. ഭഗവാന്റെ മഹത്വം വര്‍ണ്ണിക്കാനായി ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ പോലും എമ്പെരുമാനാരുടെ മഹത്വം വര്‍ണ്ണിക്കാനാകുമോ? രാമാനുജ സഹസ്രാബ്ദിയോടനുബന്ധിച്ച് നാം അദ്ദേഹത്തിന്റെ ജീവിതവും മഹിമയും ഇപ്രകാരം ആസ്വദിച്ചു. ഈ ദിവ്യാനുഭവവും സ്മരണയും നമ്മുടെ ഹൃദയത്തില്‍‍ എന്നേയ്ക്കും ഉണ്ടാകട്ടെ, നാം വിശ്വസ്തരായ രാമാനുജദാസരായിക്കൊണ്ട് നമ്മുടെ ആഴ്വാര്‍മാരുടെയും ആചാര്യന്മാരുടെയും പ്രതീക്ഷകള്‍ സഫലമാക്കട്ടെ.

ശ്രീമന്‍ മഹാഭൂതപുരേ ശ്രീമത് കേശവ യജ്വനഃ കാന്തിമത്യാം പ്രസൂദായ യതിരാജായ മംഗളം

ശ്രീമതേ രമ്യജാമാതൃ മുനീന്ദ്രായ മഹാത്മനേ ശ്രീരംഗവാസിനേ ഭൂയാത് നിത്യശ്രീര്‍ നിത്യ മംഗളം

അടിയേന്‍ ജയകൃഷ്ണ രാമാനുജദാസൻ

ഉറവിടം :  https://granthams.koyil.org/2017/04/sri-ramanuja-vaibhavam/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – https://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ക്ക് – https://pillai.koyil.org

Leave a Comment